Sorry, you need to enable JavaScript to visit this website.

ഓഗസ്റ്റ് 15 വരെ റോഡുകളിൽ ഉപരിതല  പ്രവൃത്തികൾക്ക് വിലക്ക്

പൊതുമരാമത്തു വകുപ്പ് ഉത്തര മധ്യമേഖല അവലോകന യോഗം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി - ടാറിംഗ്, റോഡിനു കുറുകെ കേബിൾ വലിക്കൽ, പൈപ്പ് സ്ഥാപിക്കൽ തുടങ്ങിയ റോഡ് ഉപരിതല പുതുക്കൽ പ്രവൃത്തികൾക്ക് ഓഗസ്റ്റ് 15 വരെ നിരോധനം ഏർപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ വകുപ്പുതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മഴക്കാലപൂർവ്വ കരുതൽ നടപടികളുടെ ഭാഗമായി റോഡുകളിലും പാലങ്ങളിലും സ്വീകരിക്കാനുള്ള നടപടികൾ സംബന്ധിച്ച് കലക്ടറേറ്റ് പ്ലാനിങ് കോൺഫറൻസ് ഹാളിൽ ചേർന്ന പൊതുമരാമത്തു വകുപ്പ് ഉത്തര മധ്യമേഖല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
നിർമ്മാണ പ്രവൃത്തികൾ ടെണ്ടർ ചെയ്ത് കരാർ ഉറപ്പിക്കാൻ ഈ കാലയളവ് ഫലപ്രദമായി വിനിയോഗിക്കാം. റോഡിലെ കുഴികൾ അടക്കുന്നതു പോലെയുള്ള അറ്റകുറ്റപ്പണികൾ  ഉടൻ പൂർത്തിയാക്കണം. മഴക്കാലത്ത് റോഡുകൾ തകരുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണം. കാടുപിടിച്ചു കിടക്കുന്ന ചെറുതും വലുതുമായ എല്ലാ പാലങ്ങളും മഴക്കു മുമ്പ് വൃത്തിയാക്കണം. കൈവരികളും നന്നാക്കണം.  ഓടകളിലെ മാലിന്യങ്ങൾ നീക്കി വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തണം.  
പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ ഇനി മുതൽ ഒരു അനധികൃത കൈയേറ്റവും അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. നിലവിലുളള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു. 
നവംബറോടു കൂടി ദേശീയ പാത വികസന പ്രവൃത്തികൾ തുടങ്ങാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥലമെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്കയകറ്റും. ഇക്കാര്യത്തിൽ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും.
തീരദേശ മലയോര ഹൈവേ നിർമാണത്തിൽ നബാർഡിന്റെ സഹകരണം ഉറപ്പു വരുത്താനും  പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2019 ഓടെ സഞ്ചാര യോഗ്യമല്ലാത്ത ഒരു റോഡു പോലും ഇല്ലാത്ത വിധത്തിൽ സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം. ഇക്കാര്യത്തിൽ പുനഃപരിശോധനയിലൂടെ മാറ്റങ്ങൾ വരുത്താനും ഏറ്റവും പുതിയ കേടുപാടുകൾ പോലും രേഖപ്പെടുത്തി ഫയൽ സൂക്ഷിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സംസ്ഥാനത്തെ 3000 പാലങ്ങളിൽ പുതുക്കിപ്പണിയേണ്ടവ 400 എണ്ണമാണ്. അതിൽ 162 എണ്ണം പുനർ നിർമിക്കാനുള്ളതാണ്. ഇതിൽ 38 എണ്ണത്തിന് ഭരണാനുമതി ലഭിക്കുകയും ആറെണ്ണം പൂർത്തീകരിക്കുകയും ചെയ്തു.
സർക്കാർ റസ്റ്റ് ഹൗസുകളുടെ ശോച്യാവസ്ഥ പരമാവധി പരിഹരിക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ നഗരങ്ങളിലെ ചിട്ടയായ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് റസ്റ്റ് ഹൗസുകൾക്കുള്ളത്. അവ വേണ്ട വിധത്തിൽ സംരക്ഷിക്കപ്പെടണം. സർക്കാർ അധികാരത്തിലെത്തിയ ശേഷം 80% ത്തോളം റസ്റ്റ് ഹൗസുകളുടെയും പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിഞ്ഞു. റസ്റ്റ് ഹൗസുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി തട്ടിയെടുക്കാൻ ഗൂഢ ശ്രമം നടക്കുന്നുണ്ട്. റസ്റ്റ് ഹൗസുകളുടെ ആസ്തികൾ സംരക്ഷിക്കുന്നതിന് ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികൾക്കുള്ള അനാവശ്യ കാലതാമസം ഒഴിവാക്കണം. കെ.എസ്.ടി.പി കൂടുതൽ ജനസൗഹൃദമായി പ്രവർത്തിക്കണം. പുതിയ അറിവുകൾ പങ്കുവെക്കുന്നതിനും ചർച്ച ചെയ്യുന്നതിനും എല്ലാ മാസവും ഒരു സെമിനാർ എങ്കിലും സംഘടിപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചു. പഠനം, ഗവേഷണം, ചർച്ച എന്നിവയിലൂടെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും യന്ത്രങ്ങളെക്കുറിച്ചുമുള്ള അറിവുകൾ പങ്കുവെക്കാനാകും. എൻജിനീയർമാർക്ക് ഇതു വളരെയധികം പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.  
ചീഫ് എഞ്ചിനീയർ പി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയർ എം.എൻ. ജീവരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.  കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡി. മധുമതി, ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയർ സുരേഷ് കുമാർ, ഹൈദ്രു, ത്രിവിക്രമൻ തുടങ്ങിയവർ പങ്കെടുത്തു. 


 

Latest News