Sorry, you need to enable JavaScript to visit this website.

കുറ്റവിചാരണ: പുതിയ ബെഞ്ച് രൂപീകരിച്ചതാര്? ഉത്തരവ് എവിടെ? 

ന്യൂദൽഹി- ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരേ നൽകിയ ഹരജി കോൺഗ്രസ് പിൻവലിച്ചത് രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ. കേസിൽ ഇന്നലെ വാദം കേൾക്കാമെന്ന് മുതിർന്ന ജഡ്ജി ജെ. ചെലമേശ്വർ തിങ്കളാഴ്ച പറഞ്ഞതിന് പിന്നാലെ  അപ്രതീക്ഷിതമായി ജസ്റ്റിസ് എ.കെ. സിക്രിയുടെ അധ്യക്ഷതയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനെയാണ് ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദ്യം ചെയ്തത്. ചീഫ് ജസ്റ്റിസ് കേസുകൾ വിവിധ ബെഞ്ചുകളുടെ പരിഗണനയ്ക്കു വിടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചു പരസ്യമായി രംഗത്തെത്തിയ മുതിർന്ന നാലു ജഡ്ജിമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയി, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരെ ഒഴിവാക്കി തിങ്കളാഴ്ച ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിലെ അപാകതയാണ് ചോദ്യം ചെയ്യപ്പെട്ടത്. കേസിൽ ഇന്നലെ വാദം കേട്ട ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളായവരിൽ ജസ്റ്റിസ് സിക്രി ആറാമതും ജസ്റ്റിസ് ബോബ്‌ഡെ ഏഴാമതും ജസ്റ്റിസ് രമണ എട്ടാമതും ജസ്റ്റിസ് അരുൺ മിശ്ര ഒമ്പതാമതും ജസ്റ്റിസ് ഗോയൽ പത്താമതുമായിരുന്നു.

ഉത്തരവിന്റെ പകർപ്പ് തേടി പ്രശാന്ത് ഭൂഷൺ 
ന്യൂദൽഹി- ചീഫ് ജസ്റ്റിസിനെ ഇംപിച്ച് ചെയ്യണമെന്ന നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷന്റെ നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് നൽകിയ ഹരജി പിൻവലിച്ചതിനു പിന്നാലെ ഹരജിയിൽ വാദം കേൾക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച ഉത്തരവിന്റെ ഉറവിടം തേടി വിവരാവകാശ വഴിയിൽ പ്രശാന്ത് ഭൂഷൺ. ഇതുസംബന്ധിച്ച് ആവർത്തിച്ചു ചോദിച്ചിട്ടും ഉത്തരവിന്റെ പകർപ്പ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഹരജി പിൻവലിക്കുന്നതായി കപിൽ സിബൽ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ, കോൺഗ്രസ് എം.പിമാർ നൽകിയ ഹരജി ഭരണഘടനാ ബെഞ്ചിനുള്ള വിടാനുള്ള തീരുമാനം അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവാണോ എന്നാരാഞ്ഞാണ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതി രജിസ്ട്രാർക്ക് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓർഡർ ആണെങ്കിൽ ആരാണ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കണം. ഈ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷൺ വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്.  

നിയമത്തിന്റെ വഴികൾ നിഷ്‌കളങ്കവും നിർമലവുമാകണമെന്നാണ് വാദത്തിന്റെ തുടക്കത്തിൽ കപിൽ സിബൽ പറഞ്ഞത്. തീരുമാനങ്ങളിൽ ഒരിടത്തു പോലും സംശയത്തിന്റെ നിഴൽ ഉണ്ടാകരുത്. ഇക്കാര്യം ജഡ്ജിമാരും അഭിഭാഷകരും ഉറപ്പു വരുത്തണം. ആദ്യമായാണ് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ ഒരു കേസ് ഭരണഘടനാ ബെഞ്ചിനു മുന്നിലേക്കു പോകുന്നത്. ഇതിനു മുമ്പ് ഇത്തരം ഉത്തരവുകളെല്ലാം തന്നെ ജുഡീഷ്യൽ ഉത്തരവുകളായിരുന്നു. പ്രസ്തുത ഉത്തരവ് പരിശോധിച്ചാൽ മാത്രമേ അത് എതിർക്കപ്പെടേണ്ടതാണോ എന്നു തീർപ്പാക്കാൻ കഴിയൂ. ആരാണ് ഉത്തരവിട്ടത് എന്നറിയാൻ പരാതിക്കാർക്കും അവകാശമുണ്ട്. ഉത്തരവിട്ടിരിക്കുന്നത് ചീഫ് ജസ്റ്റിസ് തന്നെയാണെങ്കിൽ പരാതിക്കാർ അതിനെ എതിർക്കും. കേസ് സുപ്രീം കോടതി രജിസ്ട്രി ലിസ്റ്റ് ചെയ്യാതെയോ പട്ടികയിൽ ഉൾപ്പെടുത്താതെ യോ ആണ് അടിയന്തരമായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. അങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ എന്ന ജസ്റ്റിസ് സിക്രിയുടെ ചോദ്യത്തിന് കേസിലെ വസ്തുതകൾ പരിശോധിക്കുമ്പോൾ ഉണ്ട് എന്നാണ് സിബൽ മറുപടി നൽകിയത്. 
ചീഫ് ജസ്റ്റിസിന് ഇത്തരം കേസുകൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ അധികാരമുണ്ടെന്നാണ് സമാന കേസുകൾ ഉദ്ധരിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചത്. ഇംപീച്ച്‌മെന്റ് നോട്ടീസിൽ ഒപ്പുവെച്ച ഏഴു വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പെട്ട 64 എം.പിമാരിൽ രണ്ടു പേർ മാത്രമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതിനർഥം ബാക്കിയുള്ള എം.പിമാരെല്ലാം തന്നെ നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷന്റെ തീരുമാനത്തെ അനുകൂലിക്കുന്നു എന്നാണോ എന്നും കുറഞ്ഞത് ഒപ്പുവെച്ചവരിൽ പകുതി പേരെങ്കിലും ഇതിനെ എതിർക്കേണ്ടതായിരുന്നെന്നും അദ്ദേഹം വാദിച്ചു. ഈ വാദത്തിന് നിയമപരമായി ഒരടിസ്ഥാനവുമില്ലെന്ന് സിബൽ മറുപടി നൽകി. പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടി നീക്കുമ്പോൾ മാത്രമാണ് ഇതിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസിൽ 64 എം.പിമാർ ഒപ്പുവെച്ചിട്ടുണ്ടെന്നും അത് അംഗീകരിക്കുന്നുണ്ടോ എന്നും സിബൽ ചോദിച്ചു. അടുത്ത തവണ 64 എം.പിമാർ ഒപ്പിട്ട പരാതിയുമായി വരാം, അപ്പോൾ താങ്കൾക്ക് ഒന്നും പറായൻ ആകില്ലല്ലോ എന്നും സിബൽ പറഞ്ഞു.
കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിനായി അപേക്ഷ നൽകിയിട്ടുണ്ടോ എന്ന് കപിൽ സിബലിനോട് സുപ്രീം കോടതി ആരാഞ്ഞു. ഇന്നലെ വൈകിയാണ് ഇക്കാര്യം നടന്നതെന്നും ഇന്ന് രാവിലെ കേസ് എടുത്തിരിക്കുന്നുവെന്നും ഔദ്യോഗികമായി ഇനി അപേക്ഷ നൽകാമെന്നും സിബൽ വ്യക്തമാക്കി. എന്നാൽ കേസ് ഏഴു മണിക്ക് ലിസ്റ്റ് ചെയ്തിരുന്നു എന്ന് ജസ്റ്റിസ് സിക്രി ചൂണ്ടിക്കാട്ടി. ക്രമനമ്പർ അനുസരിച്ചു കേസ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും തങ്ങൾക്ക് തയാറാകേണ്ടതുണ്ടായിരുന്നു എന്നും സിബൽ മറുപടി നൽകി. എന്നാൽ ഹരജിയുടെ വിശദാംശങ്ങളിലേക്കു കടക്കാനായിരുന്നു കോടതിയുടെ നിർദേശം. കേസിന്റെ മെറിറ്റിനെക്കുറിച്ചു വാദിക്കൂ, തങ്ങൾ വാദം കേൾക്കാമെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിന്റെ വിശദാംശങ്ങൾ ലഭ്യമാകില്ല എന്നുറപ്പു വന്നതോടെ ഹരജി പിൻവലിക്കുകയാണെന്ന് സിബൽ വ്യക്തമാക്കി. 
അതിനിടെ,  കേസിൽ കപിൽ സിബൽ വാദിക്കുന്നത് തടയണമെന്ന് അഭിഭാഷകനായ ആർ.പി ലൂത്ര ആശ്യപ്പെട്ടു. ഇംപീച്ച്‌മെന്റ് നടപടികളിൽ ഭാഗമായ അഭിഭാഷകരായ രാഷ്ട്രീയക്കാർ വാദിക്കാനെത്തുന്നത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ തടയുന്നുണ്ടെന്നായിരുന്നു ലൂത്രയുടെ വാദം. എന്നാൽ, ഇക്കാര്യത്തിൽ കപിൽ സിബൽ തന്നെ തീരുമാനമെടുക്കട്ടെ എന്നാണ് കോടതി പറഞ്ഞത്.

Latest News