Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സന്ദര്‍ശക വിസക്കുള്ള  അധിക ഫീ കുറച്ചതായി സൂചന

റിയാദ് - സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന 2000 റിയാല്‍ ഫീസ് പിന്‍വലിച്ചതായി സൂചന. വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ സര്‍വീസ് പ്ലാറ്റ്ഫോം (ഇന്‍ജാസ്) വഴി പണമടച്ചവര്‍ക്ക് ഇന്നലെ 2000 റിയാല്‍ അധികമടക്കേണ്ടി വന്നില്ലെന്ന് വിവിധ വിസ സര്‍വീസ് ഏജന്‍സികള്‍ അറിയിച്ചു. മെയ് ദിനം പ്രമാണിച്ച് സൗദി കോണ്‍സുലേറ്റ് അവധിയായതിനാല്‍ ഇന്ന് മാത്രമേ ഇതു സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
ഇന്‍ജാസ് വെബ്സൈറ്റില്‍ പണമടച്ചതിന് ശേഷം സ്റ്റാമ്പ് ചെയ്യുന്നതിനായി പാസ്പോര്‍ട്ട്, വിസ റഫറന്‍സ് സ്ലിപ് എന്നിവ മുംബൈ കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കുകയാണ് ഏജന്‍സികള്‍ ചെയ്യുന്നത്. സിംഗിള്‍ എന്‍ട്രിക്ക് 81.34 ഡോളറും മള്‍ട്ടിപിള്‍ എന്‍ട്രിക്ക് 132 ഡോളറുമാണ് അപ്ലിക്കേഷന്‍ ചാര്‍ജായ 10.50 ഡോളറിനോടൊപ്പം ഇന്നലെ ഈടാക്കിയത്. സാധാരണ 2000 റിയാലിന് തത്തുല്യമായ ഡോളറും ഇതോടൊപ്പം അടക്കേണ്ടിയിരുന്നു. ഫീസ് കുറക്കുമെന്ന സന്ദേശമെത്തിയതായി ചില ട്രാവല്‍ ഏജന്‍സികളും അറിയിച്ചു. എന്നാല്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

2016 ഒക്ടോബര്‍ മുതലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസക്ക് അധിക ഫീ ഏര്‍പ്പെടുത്തിയത്. മൂന്നു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് 2000 റിയാലും ആറു മാസ മള്‍ട്ടിപിള്‍ വിസക്ക് 3000 റിയാലും ഒരു വര്‍ഷത്തെ മള്‍ട്ടിപിള്‍ വിസക്ക് 5000 റിയാലുമാണ് ഫീസ് ഏര്‍പ്പെടുത്തിയിരുന്നത്. ഫാമിലി വിസയും ഇതിന്റെ പരിധിയില്‍ പെട്ടിരുന്നു. ഫീ ഏര്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായി. നേരത്തെയുള്ളതിനേക്കാള്‍ 20 ശതമാനമായി വിസ സ്റ്റാംപിംഗ് ചുരുങ്ങിയതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചിരുന്നു.
ടൂറിസ്റ്റ് വിസ ചട്ടങ്ങള്‍ ലഘൂകരിക്കുമെന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും സൗദി ടൂറിസം വകുപ്പ് അധികൃതര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

Latest News