Sorry, you need to enable JavaScript to visit this website.

സലാം ചൊല്ലുന്ന മാവേലി

ഓണാഘോഷത്തിൽ പങ്കെടുത്തവർക്കെതിരെ വാളെടുക്കുന്നവർ കാണാതെ പോകുന്ന ഒരു വിപത്തുണ്ട്. സമൂഹത്തിൽ ആഴ്ന്നിറങ്ങുന്ന ലഹരിയുടെ വിപത്ത്. പുത്തൻ പേരുകളിൽ നാട്ടിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന മയക്കുമരുന്നിന്റെ അളവ് വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിലെ ഏറ്റവും അവസാനത്തെ കണ്ണിയെ പോലും പിടികൂടാൻ മയക്കുമരുന്നു മാഫിയ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഈ വിപത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങാൻ ഏത്ര മതമേലധ്യക്ഷൻമാർ മുന്നോട്ടു വരുന്നുണ്ടെന്ന് കൂടി പരിശോധിക്കണം.

 


...വ അലൈക്കുമുസ്സലാം... 
സലാം മടക്കിയ ശേഷമുള്ള മാവേലിയുടെ ചിരിയായിരുന്നു സൂപ്പർ.
വീഡിയോ കണ്ട ചിലരെല്ലാം പറഞ്ഞു- 
നല്ല ഈമാനുള്ള മാവേലി..
ഇത്തവണ മലയാളിയുടെ ഓണാഘോഷത്തിനിടെ  സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഏറെ ചിരിപ്പിക്കുന്നതായിരുന്നു. അബുദാബിയിൽ ജോലി ചെയ്യുന്ന ചങ്ങരംകുളം സ്വദേശി ഗൾഫിലെ ഓണാഘോഷത്തിനായി മാവേലി വേഷം കെട്ടിയത് മലയാളിയുടെ പ്രിയപ്പെട്ട ആഘോഷത്തെ കളറാക്കാൻ വേണ്ടിയായിരുന്നു. ഘോഷയാത്രക്കിടെ മാവേലിയുടെ അടുത്തെത്തിയ ചിലർ സലാം പറഞ്ഞു. വിശ്വാസിയായ മാവേലി മടിയൊന്നും കൂടാതെ സ്വാഭാവികമായി സലാം മടക്കി. നാലു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഈ ഓണക്കാലത്ത് ആരോ സോഷ്യൽ മീഡിയയിൽ കുത്തിപ്പൊക്കിയതാണ്. ഇക്കൊലവും താരമായി ഈ ചങ്ങരംകുളത്തുകാരൻ മൊബൈലുകളിൽ നിറഞ്ഞു നിന്നു.


മലയാളിക്ക് ഓണം എന്നും ആഘോഷത്തിന്റെ നാളുകളാണ്. മതവിശ്വാസങ്ങൾക്കും നാട്ടതിർത്തികൾക്കും ഇടം നൽകാത്ത ആഘോഷം. അത്തം മുതൽ പൂപറിക്കാൻ പൂക്കൂടയുമായി ഒരു കാലത്ത് ഗ്രാമങ്ങളിലൂടെ നടന്നവരുടെ മതം എന്തെന്ന് ആരും ചോദിച്ചിട്ടില്ല. തിരുവോണം മുതൽ ചതയം വരെ നാട്ടുപരപ്പുകളിൽ ആർപ്പുവിളികളുയർത്തിയ ഓണക്കളികളിൽ പങ്കുചേർന്നവരുടെ ജാതിയും ആരു ചോദിച്ചിട്ടില്ല. ഓണാഘോഷത്തെ മതേതരമായ ആഘോഷമെന്ന് വിശേഷിപ്പിക്കുന്നത് തന്നെ, ആ വേർതിരിവിനെ കൂടുതൽ സ്പഷ്ടമാക്കുക എന്ന ഇടുങ്ങിയ ചിന്തിഗതിയായി മാറും.
ഇത്തവണ ഓണാഘോഷം ഓൺലൈനിലും ഓഫ്‌ലൈനിലുമായാണ് മലയാളികൾ ആഘോഷിച്ചത്. ഓൺലൈനിൽ വൈറലാകുകയും സമൂഹത്തിൽ ചർച്ചയായകുകയും ചെയ്ത ഏതാനും വീഡിയോകൾ മലബാറിൽ നിന്നുള്ളതായിരുന്നു. ബുർഖയണിഞ്ഞ മുസ്‌ലിം പെൺകുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതായിരുന്നു അതിലൊന്ന്. അതിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു. ഇസ്‌ലാമിക വിശ്വാസത്തിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികളാണ് കുട്ടികളിൽ നിന്നുണ്ടായതെന്നായിരുന്നു പ്രധാന വിമർശനം. ഓണം എന്ന ആഘോഷം ഹൈന്ദവമാണോ എന്നതു സംബന്ധിച്ച് ഹിന്ദുക്കൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയർന്നു വരുമ്പോഴാണ് മുസ്‌ലിം പെൺകുട്ടികൾ വിശ്വാസം തെറ്റിച്ചെന്ന ആരോപണമുയർന്നിരിക്കുന്നത്. ഓണം കാർഷികാഘോഷമാണെന്ന വാദം കേരള സമൂഹത്തിൽ ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസവും ആചാരവും തമ്മിലുള്ള വ്യത്യാസം ഉൾക്കൊള്ളാത്ത വിമർശനങ്ങളാണിത്. വിശ്വാസമെന്നത് വ്യക്തിയിൽ മാറ്റമില്ലാതെ രൂഢമൂലമാകുന്ന ഒന്നാണെന്നും ആചാരമെന്നത് ഇരുമ്പുലക്കയല്ലാതെ, മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നും പലരും പഠിക്കേണ്ടതുണ്ട്. കാലാകാലങ്ങളിൽ ആചാരങ്ങളിൽ മാറ്റം സംഭവിച്ചിട്ടുള്ളവയാണ് എല്ലാ മതങ്ങളും.


ഓണാഘോഷത്തിൽ പങ്കാളികളാകുന്നവർ സ്വന്തം വിശ്വാസത്തെയോ ആചാരത്തെയോ ചോദ്യം ചെയ്യുന്നു എന്ന് പറയാനാകില്ല. കോവിഡ് മഹാമാരിക്ക് ശേഷം ഇത്തവണ മലബാറിലും ഓണാഘോഷം ഏറെ വിപുലമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലുമെന്നു വേണ്ട ഗ്രാമങ്ങളിലെല്ലാം ഇത്തവണ ആഘോഷം പൊടിപൊടിച്ചു. പൂക്കള മൽസരങ്ങൾ, വിവിധ ഇനം ഓണമൽസരങ്ങൾ, വള്ളംകളി തുടങ്ങി നാടൊട്ടുക്കും ഉൽസവ പ്രതീതിയായിരുന്നു. എല്ലാ മതവിഭാഗങ്ങളും ഉൾക്കൊള്ളുന്ന സമൂഹത്തിൽ ഇത്തരമൊരു ആഘോഷത്തിൽ എല്ലാവരും പങ്കാളികളാകുന്നത് സ്വാഭാവികമാണ്. എല്ലാവരും ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത് തന്നെ. നീണ്ട ഇടവേളക്ക് ശേഷം ഓണനാളുകളിൽ ലക്ഷക്കണക്കിന് സ്ത്രീകൾ പട്ടുസാരി അണിഞ്ഞ കാലം കൂടിയാണിത്. അത് വ്യാപാര മേഖലയിൽ ഉണ്ടാക്കിയ വിൽപനയും ചെറുതല്ല. ആഘോഷത്തിന് ഡ്രസ്‌കോഡ് നിശ്ചയിക്കപ്പെടുമ്പോൾ മതവിശ്വാസത്തിന്റെ പേരിൽ അതിൽ നിന്ന് പെൺകുട്ടികൾ മാറി നിൽക്കണമെന്ന് പറയുന്നതിൽ കഴമ്പുണ്ടോ? പട്ടുസാരിയും ബുർഖയും ചേർന്നുള്ള വസ്ത്ര കോമ്പിനേഷന്റെ ലാളിത്യം കാണാതെ പോകരുത്. ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ മതവിശ്വാസം അതോടെ തകർന്നു പോകുമെന്ന് കരുതുന്നതും മണ്ടത്തരമാണ്. വിശ്വാസി എന്നും മതത്തോടൊപ്പമുണ്ടാകും. ഏത് മതത്തിലായാലും.


ഓണാഘോഷത്തിൽ പങ്കെടുത്തവർക്കെതിരെ വാളെടുക്കുന്നവർ കാണാതെ പോകുന്ന ഒരു വിപത്തുണ്ട്. സമൂഹത്തിൽ ആഴ്ന്നിറങ്ങുന്ന ലഹരിയുടെ വിപത്ത്. പുത്തൻ പേരുകളിൽ നാട്ടിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന മയക്കുമരുന്നിന്റെ അളവ് വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിലെ ഏറ്റവും അവസാനത്തെ കണ്ണിയെ പോലും പിടികൂടാൻ മയക്കുമരുന്നു മാഫിയ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഈ വിപത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങാൻ സമൂഹത്തിൽ സ്വാധീനമുള്ള ഏത്ര മതമേലധ്യക്ഷൻമാർ മുന്നോട്ടു വരുന്നുണ്ടെന്ന് കൂടി പരിശോധിക്കണം. എത്ര പള്ളികളിലും അമ്പലങ്ങളിലും ഈ വിപത്തിനെ കുറിച്ച് ബോധവൽക്കരിക്കുന്നുണ്ട്. യുവാക്കളെ ജീവിതകാലം മുഴുവൻ തളച്ചിടുന്ന ലഹരി വിപത്തിനേക്കാൾ വലുതാണോ ആണ്ടിലൊരിക്കൽ വരുന്ന ഓണാഘോഷം? സമൂഹത്തിലെ കൂടിച്ചേരലുകളെ നന്മയുടെ വേദികളാക്കി മാറ്റാൻ നമുക്ക് കഴിയണം. ആഘോഷങ്ങൾ അസാന്മാർഗികതയുടെ വേദികളല്ലെന്ന് ഉറപ്പാക്കാൻ, നന്മയെ ഉദ്‌ഘോഷിക്കുന്നവർ അവിടെയുണ്ടാകണം. മാറി നിന്ന് വിമർശിക്കുന്നതിനേക്കാൾ സമൂഹത്തിന് ഗുണം ചെയ്യുന്നത് സൗഹാർദത്തോടെയുള്ള ഇടപെടലുകളാകും.

Latest News