ന്യൂയോര്‍ക്ക്- ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെയെത്തിക്കാനൊരുങ്ങി നാസ. ദൗത്യത്തിന്റെ ഭാ?ഗമായുള്ള ആര്‍ട്ടിമിസിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് 6.04ന് പരമ്പരയിലെ ആദ്യ ദൗത്യമായ ആര്‍ട്ടിമിസ് 1 വിക്ഷേപിക്കും. ഫ്‌ളോറിഡയിലെ കേപ് കാനവറലില്‍ നിന്ന് ആര്‍ട്ടിമിസ് 1 കുതിച്ചുയരും. 2024ല്‍ ചന്ദ്രനു ചുറ്റും യാത്രികര്‍ ഭ്രമണം ചെയ്യാനും 2025ല്‍ ആദ്യ സ്ത്രീയുള്‍പ്പെടെയുെള്ള യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനുമാണ് നാസയുടെ പദ്ധതി.
വിക്ഷേപണത്തിനു ശേഷം ആറ് ആഴ്ചയെടുത്താണ് ആര്‍ട്ടിമിസ് 1 യാത്ര പൂര്‍ത്തീകരിക്കുന്നത്. റോക്കറ്റിന്റെ കോര്‍ സ്‌റ്റേജ് വിക്ഷേപണത്തിനു ശേഷം കുറച്ചുസമയം കഴിയുമ്പോള്‍ ഭൂമിയില്‍ പതിക്കും. ഭൂമിയില്‍ നിന്ന് 3,86,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനിലേക്ക് എത്താനായി ഓറിയോണ്‍ ഒരാഴ്ചയെടുക്കും. പിന്നീട് അഞ്ചാഴ്ചയോളം പിന്നിട്ട ശേഷം മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ എന്ന വേഗത്തില്‍ പസിഫിക് സമുദ്രത്തിലേക്ക് ഓറിയണ്‍ വീഴും.ആദ്യ ഘട്ടമായി പരീക്ഷണാര്‍ഥമാണ് വിക്ഷേപണം. ഈ ദൗത്യത്തില്‍ മനുഷ്യ യാത്രികരുണ്ടാകില്ല. ഓറിയണ്‍ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിക്ഷേപിക്കാനാണ് ആദ്യ ദൗത്യത്തിലെ ശ്രമം. യാത്രികര്‍ക്ക് പകരം മൂന്ന് പാവകളെ ഓറിയോണ്‍ പേടകത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. കമാന്‍ഡര്‍ മൂണ്‍ക്വിന്‍ കാംപോസാണു പ്രധാന പാവ. ഹെല്‍ഗ, സോഹര്‍ എന്ന് മറ്റ് രണ്ട് പാവ യാത്രികര്‍ കൂടിയുണ്ട്. അപകടാവസ്ഥയിലേക്കു പോയ അപ്പോളോ 13 ദൗത്യത്തെ രക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നാസ എന്‍ജിനീയറായ ആര്‍തുറോ കാംപോസിന്റെ പേരാണ് പ്രധാന പാവയ്ക്കു കൊടുത്തിരിക്കുന്നത്.