Sorry, you need to enable JavaScript to visit this website.

ബഗാനെ തോൽപിച്ച് ബംഗളൂരു ഫൈനലിൽ

ഭുവനേശ്വർ- രണ്ടാം പകുതിയിലെ ഉജ്വല പ്രകടനത്തിലൂടെ മോഹൻ ബഗാനെ മറികടന്ന് ബംഗളൂരു എഫ്.സി ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്‌ബോളിന്റെ ഫൈനലിലേക്ക് മുന്നേറി. രണ്ടാം പകുതിയുടെ തുടക്കത്തിൽ പത്തു പേരായിച്ചുരുങ്ങിയ ബംഗളൂരുവിനെ ഹാട്രിക്കിലൂടെ മികുവാണ് ഉശിരൻ വിജയത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച ഈസ്റ്റ് ബംഗാളുമായാണ് ഫൈനൽ. 
അസർ ദിപാന്തയിലൂടെ 42-ാം മിനിറ്റിൽ ബഗാനാണ് ആദ്യം വല കുലുക്കിയത്. രണ്ടാം പകുതിയിൽ നിഷുകുമാർ ചുവപ്പ് കാർഡ് കണ്ടിട്ടും ബംഗളൂരു നിറഞ്ഞാടി. 62, 65, 89 മിനിറ്റുകളിലായി മികു ഹാട്രിക് തികച്ചു. തൊണ്ണൂറാം മിനിറ്റിൽ സുനിൽ ഛേത്രി നാലാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ദിപാന്ദ മത്സരത്തിലെ തന്റെ രണ്ടാം ഗോളിലൂടെ ബഗാന്റെ പരാജയ ഭാരം കുറച്ചു. 
പതിവ് 4-3-3 ശൈലിക്കു പകരം 4-4-2 ശൈലിയിലാണ് ബംഗളൂരു കളിച്ചത്. സുനിൽ ഛേത്രിയും മികുവും മുന്നിലും ഉദാന്ത സിംഗും തോംകോസിയേം ഹാവോകിപ്പും വിംഗുകളിലും കളി നിയന്ത്രിച്ചു. എന്നാൽ ആദ്യ അവസരം കിട്ടിയത് ബഗാനാണ്. ഏഴാം മിനിറ്റിൽ വലതു വിംഗിലൂടെ കുതിച്ച് എസ്.കെ. ഫയ്യാസ് സൃഷ്ടിച്ച അവസരം നിഖിൽ കദം പാഴാക്കി. രണ്ടു മിനിറ്റിനകം ബംഗളൂരു മറുവശത്ത് ഗോൾ മണം പരത്തി. മികുവുമായി കൈമാറി വന്ന പന്ത് ഛേത്രി മറിച്ചു നൽകിയത് വലയുടെ വശങ്ങളിലേക്കടിക്കാനേ ഹാവോകിപ്പിന് സാധിച്ചുള്ളൂ. ഛേത്രി ഒരുക്കിയ മറ്റൊരവസരം ഉദാന്തയും തുലച്ചു. 
ഇടവേളക്ക് അൽപം മുമ്പ് ബഗാൻ ഗോളടിച്ചു. അക്‌റം മഗ്‌രബിയും ഫയ്യാസും ചേർന്നാണ് മുന്നേറ്റം നടത്തിയത്. കനത്ത അടിയോടെ ദിപാന്ദ ലക്ഷ്യം കണ്ടു. ദിപാന്ദയെ മാർക്ക് ചെയ്യുന്നതിൽ സുഭാശിഷ് ബോസ് വീഴ്ച വരുത്തുകയായിരുന്നു. 
രണ്ടാം പകുതിയിൽ ബഗാൻ അമ്പേ മങ്ങി. ഹർമൻജോത് ഖബ്രക്കു പകരം ടോണി ദോവാലെയെ ഇറക്കി 3-5-2 ശൈലിയിലേക്ക് മാറിയ ബംഗളൂരു കളം വാണു. അമ്പത്തൊന്നാം മിനിറ്റിൽ കദമിനെ വീഴ്ത്തിയതിന് നിഷുകുമാർ നേരിട്ട് ചുവപ്പ് കാർഡ് വാങ്ങിയതോടെ ബംഗളൂരു ഞെട്ടി. എന്നാൽ പത്തു പേരുമായി അവർ അദ്ഭുതം കാട്ടി. 
അറുപത്തിമൂന്നാം മിനിറ്റിൽ ഉദാന്തയുടെ പാസിൽ നിന്ന് മികു ആദ്യ ഗോൾ നേടി. അത് ബംഗളൂരുവിന്റെ തിരിച്ചുവരവിന്റെ വിളംബരമായി. മൂന്നു മിനിറ്റിനു ശേഷം ബംഗളൂരു മുന്നിലെത്തി. മികുവിനെ കിംഗ്‌സ്‌ലി വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് ടോണി ദൊവാലെ പൊടുന്നനെയെടുത്തു. പന്ത് കിട്ടിയ മികു നേരെ വലയിലേക്ക് പായിച്ചു. ആൾബലം വർധിച്ചതിന്റെ ആലസ്യത്തിലായിരുന്ന ബഗാനേറ്റ കനത്ത പ്രഹരമായിരുന്നു അത്. 
ഒരു ഗോളിന് പിന്നിലായിട്ടും എൺപത്തിരണ്ടാം മിനിറ്റിൽ ബഗാൻ കോച്ച് ശങ്കർലാൽ ചക്രവർത്തി സ്‌ട്രൈക്കർ അക്‌റം മഗ്‌രബിയെ പിൻവലിച്ച് ഡിഫന്റർ റാണ ഗരാമിയെ കളത്തിലിറക്കി. ഗരാമിയാണ് ഉദാന്തയെ ബോക്‌സിൽ വീഴ്ത്തി മൂന്നാം ഗോളിന് വഴി വെച്ചത്. പെനാൽട്ടി കിക്കിൽ നിന്ന് മികു ഹാട്രിക് തികച്ചു. ലോകോത്തര സ്‌ട്രൈക്കോടെയാണ് ഛേത്രി ബംഗളൂരുവിന്റെ സ്‌കോർ പട്ടിക തികച്ചത്. ഇടതു വിംഗിലൂടെ മുന്നേറി ഛേത്രി വളച്ചുവിട്ട പന്ത് ലേസർ രശ്മി പോലെ വലയിലേക്ക് ഊളിയിട്ടു. ഇഞ്ചുറി ടൈമിൽ ദിപാന്ദ ഒരു ഗോൾ മടക്കിയെങ്കിലും ബംഗളൂരു ആശങ്കപ്പെട്ടില്ല.
 

Latest News