Sorry, you need to enable JavaScript to visit this website.

നിർമാണ മേഖലയിലെ മരവിപ്പ്

നിർമാണ മേഖലയിൽ ബദൽ മാർഗങ്ങൾ സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കണ്ടതുണ്ട്.മണലിന്റെയും എംസാന്റിന്റെയും ആവശ്യം കുറവുള്ള തേക്കാത്ത വീടുകൾ, ഇരുമ്പു കൊണ്ടുള്ള ഫാബ്രിക്കേഷൻ സ്ട്രക്ചറുകൾ, റീസൈക്കിൾ ചെയ്‌തെടുത്ത ഉരുപ്പടികളുടെ ഉപയോഗം തുടങ്ങിയ എൻജിനീയറിംഗ് സാങ്കേതങ്ങൾ പ്രചരിപ്പിക്കപ്പെടണം.സർക്കാർ ഫണ്ട് നൽകി നിർമിക്കുന്ന ലൈഫ് വീടുകൾ പോലുള്ള പദ്ധതികളിൽ ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം.


കാലവർഷം ശക്തമായതോടെ മലബാറിലെ വിവിധ മേഖലകളിൽ ഖനനത്തിന് ജില്ല ഭരണകൂടങ്ങൾ ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രതിഷേധം ശക്തമായി ഉയരുകയാണ്.കരിങ്കൽ ഖനനത്തിനും ചെങ്കൽ ഖനനത്തിനും മണ്ണെടുപ്പിനും അനുമതി വേണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും തൊഴിലാളികളും ആവശ്യപ്പെടുന്നത്. കാലവർഷക്കെടുതിയുടെ പേരിൽ കൊണ്ടു വന്ന ഈ വിലക്ക്, പ്രതിഷേധ സമ്മർദങ്ങളുടെ ഭാഗമായി ചില ജില്ലകളിൽ പിൻവലിക്കുകയും ചെയ്തുവരികയാണ്.രണ്ടാഴ്ച മുമ്പ് കേരളത്തിൽ കനത്ത മഴ പ്രവചിക്കപ്പെടുകയും ഏറെക്കുറെ ശക്തമായ മഴ പെയ്യുകയും ചെയ്ത സമയത്താണ് നിരോധനം കൊണ്ടു വന്നത്.മഴ മാറിയതോടെ നിരോധനം പിൻവലിക്കണമെന്ന ആവശ്യവും ശക്തമാകുകയായിരുന്നു.
വലിയ പാറക്കെട്ടുകൾ ഇടിക്കുന്നതിനും കുന്നുകൾ ഇടിച്ച് നിരത്തുന്നതിനുമുള്ള അനുമതിയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്.പാറകൾ ഇടിച്ച് കരിങ്കല്ലും മെറ്റലും എംസാന്റുമാക്കി മാറ്റുകയാണ് ഇത്തരം കമ്പനികൾ ചെയ്യുന്നത്.കുന്നിടിച്ച് മണ്ണെടുക്കുകയും ചെയ്യുന്നു.നിർമാണ മേഖലയിൽ ഏറെ ആവശ്യമുള്ള ഈ വസ്തുക്കളുടെ താൽക്കാലിക ക്ഷാമം ഈ രംഗത്ത് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നതും വസ്തുതയാണ്.


എന്നാൽ അത്യന്തം പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന ഒരു പ്രവർത്തനത്തിനുള്ള അനുമതിക്കായാണ് മുറവിളി ഉയരുന്നത് എന്നതാണ് ആശങ്കയുയർത്തുന്നത്.ഒട്ടേറെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പതിനായിരക്കണക്കിന് തൊഴിലാളികൾ തൊഴിലെടുക്കുന്നുണ്ടെന്നുമുള്ള യാഥാർഥ്യങ്ങൾ ചൂണ്ടിക്കാട്ടി, പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് പെട്ടെന്ന് അനുമതി നൽകണമോ എന്ന കാര്യം പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.ലൈസൻസും അനുബന്ധ അനുമതികളുമൊക്കെയായാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.അതേസമയം, നിരന്തരമായ ഖനനം ഭൂമിക്ക് മേൽ ഏൽപിക്കുന്ന ആഘാതം ചെറുതല്ല.ഭൂമിയുടെ സന്തുലിതാവസ്ഥയെ പിടിച്ചുനിർത്തുന്ന മലകളിലെ പാറകളാണ് ദിവസങ്ങൾക്കുള്ളിൽ പൊട്ടിച്ചെടുക്കുന്നത്.പുത്തൻ സംവിധാനങ്ങളുടെ സഹായത്തോടെ പാറക്കെട്ടുകൾ അതിവേഗം നിലംപൊത്തുമ്പോൾ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യതകളാണ് തലപൊക്കുന്നത്.ഉരുൾപൊട്ടൽ മുതൽ പ്രളയം വരെയുള്ള ദുരന്തങ്ങൾക്കാണ് ഇത് വഴിവെക്കുന്നത്.


കരിങ്കല്ല് പൊട്ടിച്ചെടുത്ത് നിർമിക്കുന്ന ഉൽപന്നങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് എംസാന്റ്. സ്വാഭാവിക മണലിന്റെ ഉപയോഗം ഏറെക്കുറെ ഇല്ലാതാകുകയും എംസാന്റ് വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം, പുഴകളിൽ മണൽ നിറഞ്ഞ് ജലനിരപ്പ് ഉയരുന്നത് തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന പുതിയ പ്രതിസന്ധി പല മേഖലകളിലും നിലവിലുണ്ട്.പുഴകളിൽ നിന്ന് നിയന്ത്രിത അളവിൽ മണൽ വാരി ആഴം കൂട്ടുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും പല പുഴകളിലും ഇത് നടക്കുന്നില്ല.എംസാന്റ് കമ്പനികളുടെ എതിർപ്പ് പുഴകളിൽ നിന്നുള്ള മണലെടുപ്പിന് തടസ്സമാകുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.പുഴകളിൽ അധികമായി അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്തില്ലെങ്കിൽ പല പുഴകളും മഴ കനത്താൽ പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ്.അത് പലയിടത്തും അപ്രതീക്ഷിത പ്രളയത്തിന് ഇടയാക്കും. പുഴകളിൽ നിന്ന് മണൽ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അനുവദനീയമായ അളവിൽ ഒരു നിശ്ചിത സമയത്തിനിടയിൽ എടുത്ത് ഒഴിവാക്കുന്നത് പ്രളയ ഭീഷണി ഇല്ലാതാക്കും എന്നു മാത്രമല്ല,നിർമാണ മേഖലയിലെ മണൽ ക്ഷാമത്തിന് പരിഹാരമാകുകയും ചെയ്യും.മറുവശത്ത് കൂറ്റൻ മലകൾ ഇടിച്ചു നിരത്തുന്നത് മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒഴിവാക്കുകയും ചെയ്യാം.


നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ ഉണ്ടാവേണ്ടതുണ്ട്.നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളുടെ സന്തുലിതമായ ഉപയോഗം മാത്രമാണ് ഈ പ്രതിസന്ധിക്ക് പരിഹാരം.പ്രകൃതി വിഭവങ്ങളുടെ ഖനനം നിയന്ത്രിച്ചുകൊണ്ടിരിക്കേണ്ടത് അനിവാര്യമാണ്.ഖനനം എക്കാലത്തേക്കും തുടരാനാകില്ലെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്.ലഭ്യമായ വിഭവങ്ങളെ അതിവേഗം കവർന്നെടുക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.ഇതിൻെ പ്രത്യാഘാതങ്ങൾ സഹിക്കേണ്ടി വരുന്നത് വരുംതലമുറകളാകും.
കേരളത്തിൽ നിർമാണ മേഖലയിൽ ബദൽ മാർഗങ്ങൾ സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കണ്ടതുണ്ട്.മണലിന്റെയും എംസാന്റിന്റെയും ആവശ്യം കുറവുള്ള തേക്കാത്ത വീടുകൾ, ഇരുമ്പു കൊണ്ടുള്ള ഫാബ്രിക്കേഷൻ സ്ട്രക്ചറുകൾ, റീസൈക്കിൾ ചെയ്‌തെടുത്ത ഉരുപ്പടികളുടെ ഉപയോഗം തുടങ്ങിയ എൻജിനീയറിംഗ് സാങ്കേതങ്ങൾ പ്രചരിപ്പിക്കപ്പെടണം.സർക്കാർ ഫണ്ട് നൽകി നിർമിക്കുന്ന ലൈഫ് വീടുകൾ പോലുള്ള പദ്ധതികളിൽ ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം.ഇത്തരം നീക്കം പരമ്പരാഗത പ്രകൃതിവിഭവങ്ങളുടെ ഉപയോഗം കുറക്കുന്നതിനും പാരിസ്ഥിതികാഘാതം കുറക്കുന്നതിനും സഹായകമാകും. 

 

Latest News