Sorry, you need to enable JavaScript to visit this website.

ജിദ്ദ സീസണ് തിരശ്ശീല വീണു

ജിദ്ദ - വിനോദങ്ങളുടെയും ഉല്ലാസങ്ങളുടെയും കലാ, സാംസ്‌കാരിക പരിപാടികളുടെയും അനന്ത ചക്രവാളങ്ങള്‍ തുറന്നിട്ട് അറുപതു ദിവസം നീണ്ട രണ്ടാമത് ജിദ്ദ സീസണ്‍ പരിപാടികള്‍ക്ക് തിരശ്ശീല വീണു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിമൂന്നു പ്രധാന പ്രദേശങ്ങളിലാണ് ജിദ്ദ സീസണ്‍ പരിപാടികള്‍ അരങ്ങേറിയത്. മെയ് രണ്ടിന് ആരംഭിച്ച ജിദ്ദ സീസണില്‍ 4,200 ലേറെ വിനോദ, സാംസ്‌കാരിക, കലാ, ജലകായിക വിനോദ, ടൂറിസം പരിപാടികള്‍ അരങ്ങേറി.
സൗദി അറേബ്യക്കകത്തു നിന്നുള്ളവരും 129 രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളും അടക്കം ആകെ 60 ലക്ഷത്തിലേറെ പേരെ ജിദ്ദ സീസണ്‍ പരിപാടികള്‍ ആകര്‍ഷിച്ചു. ജിദ്ദ സീസണ്‍ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിലും നടത്തിപ്പിലും സ്വദേശി യുവതീയുവാക്കള്‍ ഫലപ്രദമായ പങ്കാളിത്തം വഹിച്ചു. ജിദ്ദ സീസണിലെ ആകെ ജീവനക്കാരില്‍ 80 ശതമാനവും സ്വദേശികളായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും 76,000 ലേറെ തൊഴിലവസരങ്ങള്‍ ജിദ്ദ സീസണ്‍ സൃഷ്ടിച്ചു. ജിദ്ദ സീസണില്‍ അരങ്ങേറിയ ചില പ്രദര്‍ശനങ്ങളും പരിപാടികളും ലോകത്ത് ആദ്യമായി സംഘടിപ്പിച്ചവയായിരുന്നു.
സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള അറുപതു ലക്ഷത്തിലേറെ പേര്‍ ജിദ്ദ സീസണ്‍ സന്ദര്‍ശിച്ചത് ജിദ്ദ സീസണ്‍ മുന്നോട്ടുവെച്ച പരിപാടികളുടെയും പ്രോഗ്രാമുകളുടെയും വ്യതിരിക്തതക്കും വന്‍ വിജയത്തിനും തെളിവാണെന്ന് ജിദ്ദ സീസണ്‍ ഡയറക്ടര്‍ ജനറല്‍ നവാഫ് ഖംസാനി പറഞ്ഞു. സാമ്പത്തിക മേഖലക്ക് പ്രചോദനം നല്‍കുകയും മറ്റു അനുബന്ധ മേഖലകളെ ചലിപ്പിക്കുകയും ചെയ്യുന്ന പ്രധാന മേഖലയായി വിനോദം മാറിയിരിക്കുന്നു. സീസണുകളും വിനോദ പരിപാടികളും അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ടൂറിസ്റ്റുകളെയും സന്ദര്‍ശകരെയും രാജ്യത്ത് എത്തിക്കുകയും ചെയ്യുന്നു. പ്രിന്‍സ് മാജിദ് പാര്‍ക്ക്, ജിദ്ദ ആര്‍ട്ട് പ്രൊമനേഡ്, ജിദ്ദ ജംഗിള്‍, ജിദ്ദ യാച്ച് ക്ലബ്ബ്, ലൂന, ഹിസ്റ്റോറിക് ജിദ്ദ അടക്കം ജിദ്ദ സീസണിന്റെ ഭാഗമായ എട്ടിടങ്ങളില്‍ വര്‍ഷം മുഴുവന്‍ വ്യത്യസ്ത സമയങ്ങളില്‍ പരിപാടികള്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നവാഫ് ഖംസാനി പറഞ്ഞു.

 

Latest News