Sorry, you need to enable JavaScript to visit this website.

പണമല്ല, മനുഷ്യസ്‌നേഹമാണ് വലുത്; മകന്റെ ഘാതകന് മാപ്പു നൽകി അബ്ദുല്ല

അബ്ദുല്ല സൗദി മാധ്യമ പ്രവർത്തകൻ യാസിർ അബ്ദുൽ ഫത്താഹിന്റെ കൂടെ.

അമ്പത് ലക്ഷം റിയാൽ നിരസിച്ച സുഡാനി പൗരൻ അത്ഭുതമായി
ജിദ്ദ- പതിനഞ്ച് വർഷംമുമ്പ് മകന്റെ ജീവനെടുത്ത പ്രതിക്ക് സുഡാനി പൗരൻ നിരുപാധികം മാപ്പ് നൽകി. സാമ്പത്തിക പരാധീനത ഒട്ടേറെ അനുഭവിക്കുന്ന അബ്ദുല്ലയാണ് 50 ലക്ഷം റിയാൽ ദിയാധനം നൽകാമെന്ന വാഗ്ദാനം നിരസിച്ച് മകൻ മുഹമ്മദിന്റെ ഘാതകന് മാപ്പ് നൽകിയത്. 
ജിദ്ദയുടെ പ്രാന്തപ്രദേശത്ത് മകന്റെ കൂടെ ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. വർഷങ്ങൾക്ക് മുമ്പുള്ള ഒരു രാത്രിയിൽ മുഹമ്മദിന്റെ പക്കലുണ്ടായിരുന്ന 800 റിയാൽ അപഹരിക്കുന്നതിനാണ് ഛാഡുകാരൻ അറുകൊല നടത്തിയത്. മകന്റെ അകാല വേർപാട് താങ്ങാനാവാതെ സ്വന്തം നാടായ ദുവൈമിലേക്ക് മടങ്ങിയതാണ് അബ്ദുല്ല. ജയിലിലായ പ്രതി വധശിക്ഷ കാത്ത് കിടന്നു. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പ്രതിക്ക് അബ്ദുല്ല മാപ്പ് നൽകുമോ എന്നറിയാൻ സുരക്ഷാവിഭാഗവും കാത്തിരുന്നു. ജിദ്ദ ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷൻ അധികൃതർ ഒടുവിൽ അബ്ദുല്ലയെ കണ്ടെത്തുക തന്നെ ചെയ്തു. 
വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷ്യം വഹിക്കാൻ അവർ തന്നെയാണ് അബ്ദുല്ലയെ ജിദ്ദയിലെത്തിച്ചത്. വധശിക്ഷ ഒഴിവാക്കുന്നതിന് അമ്പത് ലക്ഷം റിയാൽ നൽകാൻ ഉദാരമനസ്‌കൻ തയാറായിട്ടുണ്ടെന്ന വിവരം അബ്ദുല്ലയെ ധരിപ്പിച്ചപ്പോൾ തനിക്ക് ഭാര്യയോട് കൂടിയാലോചന നടത്തണമെന്നായി ഇദ്ദേഹം. ആവശ്യമെങ്കിൽ 70 ലക്ഷം റിയാൽവരെ നൽകാൻ സന്നദ്ധനാണെന്ന വിവരവും മനുഷ്യാവകാശ പ്രവർത്തകർ അബ്ദുല്ലയെ അറിയിച്ചു. എന്നാൽ തനിക്ക് യാതൊന്നും വേണ്ടെന്നും മകന്റെ ഘാതകന് ദൈവത്തിന്റെ മാർഗത്തിൽ മാപ്പ് നൽകുകയാണെന്നും പ്രഖ്യാപിക്കുകയായിരുന്നു ഈ പിതാവ്. വധശിക്ഷ നടപ്പാക്കുന്നിടത്ത് ഒത്തുകൂടിയവർ വിസ്മയഭരിതരായി. വില്ലയോ ഫ്‌ളാറ്റോ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ നല്ല വീടോ നിർമിച്ചുനൽകാമെന്ന വാഗ്ദാനവും അബ്ദുല്ല നിരസിച്ചു. നിസ്സാരമായ കാര്യങ്ങൾക്കായി ചോരക്കളി നടത്തുന്ന ഇക്കാലത്ത് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിക്കുകയായിരുന്നു ഈ സുഡാനി വൃദ്ധനും ഭാര്യയും.  

 

Latest News