Sorry, you need to enable JavaScript to visit this website.

VIDEO ഓഫാക്കാതെ നിര്‍ത്തിയ കാര്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍;വീണ്ടെടുത്തത് 14 കാറുകൾ

ദമാം- ഓഫാക്കാതെ നിര്‍ത്തി ഉടമ പുറത്തിറങ്ങി വ്യാപാര സ്ഥാപനത്തിലേക്ക് കയറിയ തക്കത്തില്‍ കാര്‍ കവര്‍ന്ന് രക്ഷപ്പെട്ട സൗദി യുവാവിനെ അറസ്റ്റ് ചെയ്തതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു. യുവാവ് കാറുമായി കടന്നുകളയുന്നതിനു മുമ്പായി കാറിനകത്തുണ്ടായിരുന്ന ബാലിക പുറത്തിറങ്ങുകയായിരുന്നു.

അന്വേഷണത്തില്‍ പ്രതി പതിനാലു കാറുകള്‍ കവര്‍ന്നതായി കണ്ടെത്തി. ഈ വാഹനങ്ങള്‍ പോലീസ് വീണ്ടെടുത്തു. നിയമ നടപടികള്‍ക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.


പ്രതി കാര്‍ കവരുന്നതിന്റെയും കാറുമായി കടന്നുകളയുന്നതിനു മുമ്പായി വാഹനത്തില്‍നിന്ന് ബാലിക പുറത്തിറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കാര്‍ ഓഫാക്കാതെ ഉടമ പുറത്തിറങ്ങിയത് രഹസ്യമായി നിരീക്ഷിച്ച യുവാവ് കാറില്‍ കയറി പിന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ ഭയപ്പെട്ട ബാലികയെ  ഇറക്കിവിട്ട ശേഷം യുവാവ് കാറുമായി കടന്നുകളയുകയായിരുന്നു.

 

Latest News