Sorry, you need to enable JavaScript to visit this website.

ലവ് ജിഹാദ് പ്രചാരണം; ഉപതെരഞ്ഞടുപ്പുണ്ടെന്ന് വെച്ച് സാമൂഹ്യാന്തരീക്ഷത്തെ മലിനമാക്കണോ-വി.ടി ബൽറാം

പാലക്കാട്- കേരളത്തിൽ 'ലൗ ജിഹാദ്' എന്ന സംഘ് പരിവാർ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തിരുവമ്പാടിയിൽ ഡി.വൈ.എഫ്.ഐ നേതാവ് ഷിജിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബൽറാം. 
കേരളത്തിൽ 'ലൗ ജിഹാദ്' എന്ന സംഘ് പരിവാർ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ മുൻ സി.പി.എം എംഎൽഎ ജോർജ് എം തോമസ്. രാജ്യം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാരുടെ കുടുംബചരിത്രം വക്രീകരിച്ച് അപമാനിക്കുന്ന സംഘ് പരിവാർ വാട്ട്‌സ്ആപ്പ് പ്രചരണം അതേപടി ഏറ്റെടുത്ത് ആവർത്തിക്കുന്നത് തിരുവമ്പാടിയിലെ ഇപ്പോഴത്തെ സി.പി.എം എം.എൽ.എ ലിന്റോ ജോസഫ്. ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്ന് വച്ച് എന്തിനാണ് ഈ പാർട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത് എന്നും ബല്‍റാം ചോദിച്ചു.

കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നുണ്ടെന്നും പാർട്ടി രേഖയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സി.പി.എം നേതാവ് ജോർജ് എം തോമസ് പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോർജ് എം തോമസ് ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികളെ ലവ് ജിഹാദിന് ഇരയാക്കുന്നുണ്ടെന്നും ജോർജ് എം തോമസ് പറഞ്ഞു. പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർഥിനികളെ ലവ് ജിഹാദിന് ഇരയാക്കി വിദേശത്തേക്ക് കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പാർട്ടി പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യം നിലവിലുണ്ട്. ജമാഅത്തെ ഇസ്്‌ലാമിയും എസ്.ഡി.പി.ഐയുമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെന്നും ജോർജ് എം തോമസ് പറഞ്ഞു. കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് പ്രണയവിവാഹം കഴിച്ചത് പാർട്ടിയെ അറിയിച്ചിട്ടില്ല. അങ്ങിനെ ഒരു വിവാഹത്തിന് താൽപര്യമുണ്ടെങ്കിൽ അത് പാർട്ടിയിൽ ബന്ധപ്പെട്ട ആളുകളോട് ആലോചിച്ച് പാർട്ടി സഖാക്കളുടെ ഉപദേശവും നിർദ്ദേശവും അംഗീകരിച്ച് ചെയ്യേണ്ടതായിരുന്നു.  രണ്ടു സമുദായങ്ങൾ തമ്മിൽ കലാപമുണ്ടാക്കാൻ ഇടയാക്കുന്നതാണിത്. ഇത് പാർട്ടിക്കുണ്ടാക്കുന്ന ഡാമേജ് വലുതാണ്. പാർട്ടിക്ക് ഡാമേജുണ്ടാക്കുന്ന ആരെയും താലോലിക്കാൻ പറ്റില്ല. ഷിജിനെതിരെ നടപടി ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News