Sorry, you need to enable JavaScript to visit this website.

കണ്ണില്ലാത്ത ക്രൂരത

നിയമത്തെ ഭയക്കാത്ത ഒരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ടെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. പലപ്പോഴും മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ടു കിടക്കുന്നവരാണ് ഇത്തരം സംഘങ്ങളിലുള്ളത്. നിയമപരമല്ലാത്ത മാർഗത്തിലൂടെ വരുമാനമുണ്ടാക്കുകയും അതുപയോഗിച്ച് ആഘോഷപൂർവം ജീവിക്കുകയും ചെയ്യുന്ന ഇത്തരം അക്രമികൾ മറ്റുള്ളവരുടെ ജീവന് വിലയേതും കൽപിക്കുന്നില്ല. പലപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ക്വട്ടേഷൻ സംഘമായി പ്രവർത്തിക്കുന്ന ഇവർക്ക് കൊലപാതകമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നതിന് മടിയുമില്ല.

 

മനുഷ്യജീവന് വിലയില്ലാത്ത വിധം അക്രമി സംഘങ്ങൾ അഴിഞ്ഞാടുന്ന രീതിയിലേക്കാണ് നാട് വളരുന്നത്. അർധരാത്രിയിൽ വഴിയോരങ്ങളിൽ നടക്കുന്ന ക്രൂരത സമൂഹത്തെ ഞെട്ടിക്കുന്നതാണ്. രാത്രികാലങ്ങളിൽ ബൈക്കുകളിൽ കറങ്ങി നടക്കുകയും നിസ്സാര കാര്യങ്ങൾക്ക് തർക്കിക്കുകയും മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയും ചെയ്യുന്ന യുവാക്കളുടെ സംഘം ഇന്ന് മിക്ക സ്ഥലങ്ങളിലെയും ഭയപ്പെടുത്തുന്ന കാഴ്ചയാണ്.
മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാകതം ഇത്തരം അക്രമങ്ങളുടെ അവസാനത്തെ ഉദാഹരണമാണ്. ഒരു ജനപ്രതിനിധിയെ അർധരാത്രി നടുറോട്ടിലിട്ട് തലക്കടിച്ച് കൊലപ്പെടുത്തിയ അക്രമികളുടെ ക്രൂരത ജനമനഃസാക്ഷിയെ ഭയപ്പെടുത്തുന്നതാണ്.
ഒരു ജനപ്രതിനിധി ഇത്തരത്തിൽ ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുമ്പോൾ സമൂഹത്തിൽ വളർന്നു വരുന്ന അക്രമ വാസനയുടെ തീവ്രത നാം തിരിച്ചറിയേണ്ടതുണ്ട്. പ്രതികൾ പോലീസിന്റെ പിടിയിലായെങ്കിലും അവർ പ്രതിനിധാനം ചെയ്യുന്ന ഗുണ്ടാ സംസ്‌കാരം നാട്ടിലാകെ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വേണം കരുതാൻ.


മഞ്ചേരി നഗരസഭയിലെ പതിനാറാം വാർഡ് കൗൺസിലറായിരുന്ന ചെങ്ങണ തലാപ്പിൽ അബ്ദുൽ ജലീൽ സൗമ്യനും നാട്ടുകാർക്കെല്ലാം പ്രിയങ്കരനുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പാലക്കാട്ട് പോയി മഞ്ചേരിയിലേക്ക് മടങ്ങി വരുന്നതിനിടെ മഞ്ചേരി എത്തുന്നതിന് തൊട്ടുമുമ്പായാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു സംഘം യുവാക്കളുമായി ഉണ്ടായ നിസ്സാര തർക്കം കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു. പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചെങ്കിലും അക്രമികൾ ജലീലിന്റെ വാഹനത്തെ വിടാതെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. വലിയ കല്ലുകൊണ്ട് നിരവധി തവണ തലക്കടിച്ചാണ് ജലീലിനെ അക്രമികൾ കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്നവർ ജലീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അറസ്റ്റിലായവർ നെല്ലികുത്ത് പ്രദേശങ്ങളിലുള്ളവരാണ്. ഈ പ്രദേശത്ത് ഏറെ നാളുകളായി അക്രമികളായ യുവാക്കൾ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പിന്നീട് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരം അക്രമി സംഘങ്ങൾക്കെതിരെ നാട്ടുകാർക്കും പരാതികളുണ്ടായിരുന്നു.


വളരെ നിസ്സാരമായ തർക്കത്തിന്റെ പേരിൽ ഒരാളെ കൊലപ്പെടുത്തുന്ന അക്രമികളുടെ മാനസികാവസ്ഥയെ സമൂഹം ഭയപ്പെടേണ്ടതുണ്ട്. അയൽ ജില്ലയിൽ നിന്നുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത് എന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് അറസ്റ്റിലായ പ്രതികൾ പോലീസിനോട് പറഞ്ഞത്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവരെ ആക്രമിക്കാൻ ഒരു സങ്കോചവുമില്ലെന്ന് കൂടിയാണ് ഇത് തെളിയിക്കുന്നത്. തർക്കങ്ങളിലും അക്രമങ്ങളിലും പ്രാദേശിക വാദം ഏറെ കാലമായി മലബാറിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമാണ്. അന്യ ജില്ലയിൽ നിന്നുള്ളവരെ മാത്രമല്ല, അടുത്ത ഗ്രാമത്തിൽ നിന്നുള്ളവരെ പോലും ശത്രുക്കളായി കാണുന്ന ചിന്താവൈകൃതം നിലനിൽക്കുന്നുണ്ട്. സെവൻസ് ഫുട്‌ബോൾ ഗ്രൗണ്ടുകളിലും പ്രാദേശിക ഉൽസവ പറമ്പുകളിലും ഈ വിചിത്രമായ ശത്രുത കാണുന്നു. മറ്റൊരു നാട്ടിൽ നിന്നെത്തുന്നവരെ സ്വന്തം നാട്ടുകാരെ പോലെ കാണാനുള്ള മനോവികാസം നഷ്ടപ്പെടുന്നവരായി ഇത്തരം അക്രമി സംഘങ്ങൾ മാറിയിരിക്കുന്നു. അടുത്തടുത്ത സ്ഥലവാസികൾ തമ്മിൽ നിസ്സാര കാര്യങ്ങളിൽ ഉടലെടുക്കുന്ന തർക്കങ്ങൾ പിന്നീട് എക്കാലത്തേക്കുമുള്ള ശത്രുതയായി മാറുന്ന പതിവുമുണ്ട്. ഇത് പലപ്പോഴും മാരകമായ ആക്രമണങ്ങളിലും കൊലപാതകങ്ങളിൽ പോലും കലാശിക്കാറുമുണ്ട്.


നിയമത്തെ ഭയക്കാത്ത ഒരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ടെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. പലപ്പോഴും മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ടു കിടക്കുന്നവരാണ് ഇത്തരം സംഘങ്ങളിലുള്ളത്. നിയമപരമല്ലാത്ത മാർഗത്തിലൂടെ വരുമാനമുണ്ടാക്കുകയും അതുപയോഗിച്ച് ആഘോഷപൂർവം ജീവിക്കുകയും ചെയ്യുന്ന ഇത്തരം അക്രമികൾ മറ്റുള്ളവരുടെ ജീവന് വിലയേതും കൽപിക്കുന്നില്ല. പലപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ക്വട്ടേഷൻ സംഘമായി പ്രവർത്തിക്കുന്ന ഇവർക്ക് കൊലപാതകമുൾെപ്പടെയുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നതിന് മടിയുമില്ല. മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ഇത്തരം സംഘങ്ങളിൽ ഏറെയുമുള്ളത്. മയക്കുമരുന്നിന്റെ കരിയർമാരായി പ്രവർത്തിക്കുന്ന ഇവർ ബൈക്കുകളിൽ രാത്രി കാലങ്ങളിൽ കറങ്ങി നടക്കുന്നതാണ് പതിവ്. മറ്റു വാഹനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ ഡ്രൈവ് ചെയ്യുകയും അവർ ചോദ്യം ചെയ്താൽ ആക്രമിക്കുകയും ചെയ്യുന്നത് പതിവ് രീതിയാണ്. പലപ്പോഴും ഇത്തരം അക്രമി സംഘങ്ങൾക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുമുണ്ടാകും. അടിപിടി കേസുകളിൽ ഉൾപ്പെട്ടാൽ ഇവർ കേസുകളിൽ നിന്ന് രക്ഷപ്പെടുന്നതും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ്.


പൊതുജനങ്ങളിൽ വലിയൊരു വിഭാഗം രാത്രികാലങ്ങളിൽ വീട്ടിൽ കഴിയുമ്പോൾ അക്രമിസംഘങ്ങൾ പുലരുവോളം അങ്ങാടികളിലും നിരത്തുകളിലും വിലസുന്നു. രാത്രികാല തട്ടുകടകൾ, ഫുട്‌ബോൾ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇവർ പ്രധാനമായും തമ്പടിക്കുന്നത്. ഇടക്കിടെ ബൈക്കുകളിൽ ചീറി നടന്ന് ജീവിതം ആഘോഷമാക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ദീർഘദൂരക്കാരുടെ വാഹനങ്ങൾക്ക് മുന്നിലൂടെയുള്ള റേസിംഗും ഇവരുടെ ഹോബികളാണ്. ഇത്തരം ഹോബികൾക്കിടയിലുണ്ടാകുന്ന തർക്കങ്ങളാണ് വലിയ ആക്രമണങ്ങളിലേക്ക് വഴിവെക്കുന്നത്. രാത്രി കാലങ്ങളിൽ കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ഇത്തരം അക്രമികൾ എന്നും ഭീഷണിയാണ്.


ഇത്തരം സംഘങ്ങളുടെ അക്രമ സ്വഭാവം നാട്ടുകാർ ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും ഇവർ നിയമത്തിന്റെ നിരീക്ഷണ ക്യാമറകളിൽ ഉൾപ്പെടുന്നില്ലെന്നതാണ് ആശങ്കയുയർത്തുന്നത്. സ്ഥിരം ശല്യക്കാരായ അക്രമികളെ നിരീക്ഷിക്കുന്നതിന് പോലീസിന് സംവിധാനങ്ങളില്ല. പ്രാദേശിക പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് ഇത്തരം അക്രമി സംഘങ്ങളെ കുറിച്ച് അറിയാമെങ്കിലും അവർക്കെതിരെ കേസില്ലാത്തിനാലും പരാതി ലഭിക്കാത്തതിനാലും ഗൗനിക്കാതെ പോകുകയാണ് ചെയ്യുന്നത്. അക്രമവും കൊലപാതകവും നടക്കുമ്പോൾ മാത്രമാണ് പോലീസ് രംഗത്തിറങ്ങുന്നത്. ജനമൈത്രി പോലീസ് നാട്ടിലുള്ളവരുമായെല്ലാം സൗഹാർദത്തോടെ ഇടപഴകുകയും നാടിന്റെ മുക്കിലും മൂലയിലും പരിചിതരായിരിക്കുകയും ചെയ്യുമെങ്കിലും അക്രമികളെ വരുതിയിലാക്കുന്നതിനുള്ള ശ്രമങ്ങളൊന്നും അവരുടെ ഭാഗത്തു നിന്നുണ്ടാകാറുമില്ല. നാട്ടിലെ ക്രമസമാധാന നില തകർക്കുന്ന രീതിയിൽ വളർന്നു വരുന്ന അക്രമി സംഘങ്ങളെ വരുതിയിലാക്കാൻ പോലീസിന് കഴിയേണ്ടതുണ്ട്. അത് ബോധവൽക്കരണത്തിലൂടെ ആയാലും നിയമ നടപടികളിലൂടെ ആയാലും.

 

Latest News