Sorry, you need to enable JavaScript to visit this website.

പ്രവാസി പുനരധിവാസവും തദ്ദേശ ഭരണകൂടങ്ങളും

ബജറ്റിൽ എത്ര തുക വകയിരുത്തുവെന്നതല്ല, മറിച്ച് അവർ പരിഗണിക്കപ്പെടുന്നുണ്ടോ എന്നത് പ്രധാനമാണ്. അവർക്കായി പ്രത്യേക സാമ്പത്തിക സഹായം എന്നതിനേക്കാൾ, പുതിയ സംരംഭങ്ങളിലും തൊഴിൽ മേഖലകളിലും അവസരങ്ങളൊരുക്കുന്നതിനുള്ള മാർഗനിർദേശങ്ങളോ മറ്റു പദ്ധതികളോ ആണ് ആവശ്യം. നാട്ടിലെ യുവാക്കൾക്കായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ പോലുള്ള തൊഴിലവസര സാധ്യതകൾ പ്രവാസികൾക്ക് മാത്രമായി തുറക്കണം. നാട്ടിലെ പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തി പ്രവാസികൾക്ക്, അവരുടെ വിദേശത്തെ തൊഴിൽ പരിചയത്തിനും വൈദഗ്ധ്യത്തിനും അനുസൃതമായ തൊഴിലുകൾ ലഭ്യമാക്കുന്നതിന് ഇത്തരം ജോബ് ഫെയറുകൾ സഹായിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനായി പരിശീലന ക്യാമ്പുകളും നടത്തേണ്ടതുണ്ട്. ഇത്തരം പദ്ധതികളുടെ നടത്തിപ്പ് ചെലവുകൾക്കായി ഗ്രാമപഞ്ചായത്തുകൾ ബജറ്റിൽ ഫണ്ട് അനുവദിക്കുകയും ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി തന്നെ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബജറ്റിൽ പ്രവാസി സമൂഹം അവഗണിക്കപ്പെട്ട കാര്യം ഒരു യാഥാർഥ്യമായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. ഈ രണ്ട് ബജറ്റുകൾക്കും ശേഷം ഇപ്പോൾ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റുകളുടെ അവതരണം നടന്നുകൊണ്ടിരിക്കുകയാണ്. കോർപറേഷനുകൾ, നഗരസഭകൾ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾ തുടങ്ങി വിവിധ തട്ടുകളിലുള്ള ത്രിതല സംവിധാനത്തിൽ അടുത്ത സാമ്പത്തിക വർഷത്തിൽ എന്തെല്ലാം പദ്ധതികൾ നടപ്പാക്കണമെന്നതിനെ കുറിച്ചുള്ള രൂപരേഖയാണ് ഈ ബജറ്റുകളിൽ ഉൾപ്പെടുത്തുന്നത്. പ്രവാസികളുടെ പുനരധിവാസം ഈ സാമ്പത്തിക പ്രക്രിയയിൽ എങ്ങനെയെല്ലാം കൈകാര്യം ചെയ്യുപ്പെടുന്നുവെന്നത് നിരീക്ഷിക്കപ്പെടേണ്ടതുണ്ട്.
വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച ഗൾഫ് നാടുകളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ എണ്ണം അടുത്ത കാലത്തായി വർധിച്ചു വരികയാണല്ലോ. ആ നാടുകളിലെ സ്വദേശിവൽക്കരണം, കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധി തുടങ്ങി സ്ഥിരമായതും പ്രത്യേകമായതുമായ ഒട്ടേറെ കാരണങ്ങൾ പ്രവാസികളുടെ തൊഴിൽ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇത്തരത്തിൽ തിരിച്ചെത്തുന്നവരിൽ വലിയൊരു വിഭാഗം സുരക്ഷിതമായ ഭാവിയിലേക്കല്ല വന്നിറങ്ങുന്നത് എന്നതാണ് യാഥാർഥ്യം. പതിറ്റാണ്ടുകളോളം അന്യനാട്ടിൽ തൊഴിലെടുത്ത് സ്വരൂപിച്ച പണം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ചെലവഴിച്ച്, സമ്പാദ്യമൊന്നിമില്ലാതെ നിൽക്കുന്ന സമയത്താണ് പലർക്കും തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്. കാലിയായ പോക്കറ്റുമായാണ് പലരുടെയും തിരിച്ചുവരവ്. അമ്പതു വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ ഇനിയുമേറെ ബാക്കിയുള്ള ഇവർക്ക് മുന്നിലുള്ളത് ഇരുളടഞ്ഞ ഭാവിയാണ്. 
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ രാഷ്ട്രീയക്കാർ അവരുടെ നാട്ടുകാരായ പ്രവാസികളുമായും കുടുംബങ്ങളുമായും അടുത്ത ബന്ധമുള്ളവരാണ്. തെരഞ്ഞെടുപ്പു കാലത്തും പാർട്ടി സമ്മേളന കാലത്തും പ്രവാസികളുടെ സാമ്പത്തിക സഹായം തേടാത്ത രാഷ്ട്രീയ പാർട്ടികളും കുറയും. പ്രതിസന്ധിയുടെ കാലത്ത് പ്രവാസികൾക്ക് വേണ്ടി അവർ എന്തു ചെയ്യുന്നുവെന്നത് പരിശോധിക്കപ്പെടണം. പ്രവാസി പുനരധിവാസത്തെ കുറിച്ച് ഉച്ചത്തിൽ പ്രസംഗിക്കുന്ന രാഷ്ട്രീയക്കാർ അവർക്ക് വേണ്ടി ക്രിയാത്മകമായി ഏത് പുനരധിവാസ പദ്ധതിയാണ് മുന്നോട്ടു വെക്കുന്നതെന്നും പിന്തുണക്കുന്നതെന്നും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തിലെ ജില്ലാ പഞ്ചായത്തുകളിൽ മലപ്പുറം ജില്ലയിലേത് ഉൾപ്പെടെ വിരലിലെണ്ണാവുന്ന ജില്ലാ പഞ്ചായത്തുകൾ ഇത്തവണ പ്രവാസി പുനരധിവാസത്തിന് ചെറുതെങ്കിലും ഒരു തുക വകയിരുത്തിയിട്ടുണ്ട്. താഴെ തട്ടിലേക്ക് വന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ഇത്തരത്തിലുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. ഗ്രാമപഞ്ചായത്തുകൾക്കാണ് ഇത്തരം പദ്ധതികൾ ഫലപ്രദമായും ഗുണഭോക്താക്കൾക്ക് നേരിട്ടെത്തുന്ന തരത്തിലും നടപ്പാക്കാൻ കഴിയുക.
പ്രവാസികളെ ഒരു പ്രത്യേക ജനവിഭാഗമായി പരിഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യം പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്. കേരളത്തിലെ മറ്റു ജനങ്ങളെ പോലെ സ്വന്തം നിലയിൽ ബിസിനസോ തൊഴിലോ കണ്ടെത്തി വരുമാനമുണ്ടാക്കാൻ അവർക്കും കഴിയണമെന്നതാണ് ഈ വാദഗതിക്കാർ ചൂണ്ടിക്കാട്ടുന്നത്. പ്രവാസികളുടെ പ്രത്യേകമായ ജീവിത സാഹചര്യങ്ങളിൽ, അവരെ പ്രത്യേക വിഭാഗമായി പരിഗണിക്കേണ്ടതുണ്ട്. നാടുമായി അവർക്ക് ദീർഘകാലം ബന്ധമില്ലെന്നതും നാട്ടിലെ പല ഔദ്യോഗിക ക്രമങ്ങളോടും അവർ പരിചിതരല്ലെന്നതുമാണ് ഇതിന് കാരണം. ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്നോ തൊഴിലിൽ നിന്നോ ഒരാൾക്ക് മെച്ചപ്പെട്ട വരുമാനമുണ്ടാകുന്നത് അയാൾ ദീർഘകാലം ആ സാഹചര്യത്തിൽ അധ്വാനിച്ച് അടിത്തറ ശക്തിപ്പെടുത്തുമ്പോഴാണ്. എന്നാൽ ഒരു പ്രവാസിയാകട്ടെ, ജീവിതത്തിലെ വലിയൊരു കാലം തീർത്തും വ്യത്യസ്തമായ നിയമങ്ങളും ക്രമങ്ങളും സംസ്‌കാരവും നിലനിൽക്കുന്നിടത്ത് നിന്നാണ് പെട്ടെന്ന് കേരളത്തിലേക്ക് എത്തുന്നത്. പുതിയൊരു സംരംഭമോ തൊഴിലോ ഏറ്റെടുത്ത് അതിൽ നിന്ന് വരുമാനമുണ്ടാക്കുന്നതിനുള്ള സമയം അവർക്ക് മുന്നിലുണ്ടാകാറില്ല. മാത്രമല്ല, നഷ്ടസാധ്യതകൾ ഏറെയാണുതാനും. ഇത്തരമൊരു പ്രതിസന്ധി മറികടക്കുന്നതിന് പ്രവാസികൾക്ക് വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങളുടെ പിന്തുണ ആവശ്യമാണ്.
ബജറ്റിൽ എത്ര തുക വകയിരുത്തുന്നുവെന്നതല്ല, മറിച്ച് അവർ പരിഗണിക്കപ്പെടുന്നുണ്ടോ എന്നത് പ്രധാനമാണ്. അവർക്കായി പ്രത്യേക സാമ്പത്തിക സഹായം എന്നതിനേക്കാൾ, പുതിയ സംരംഭങ്ങളിലും തൊഴിൽ മേഖലകളിലും അവസരങ്ങളൊരുക്കുന്നതിനുള്ള മാർഗനിർദേശങ്ങളോ മറ്റു പദ്ധതികളോ ആണ് ആവശ്യം. നാട്ടിലെ യുവാക്കൾക്കായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ പോലുള്ള തൊഴിലവസര സാധ്യതകൾ പ്രവാസികൾക്ക് മാത്രമായി തുറക്കണം. നാട്ടിലെ പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തി പ്രവാസികൾക്ക്, അവരുടെ വിദേശത്തെ തൊഴിൽ പരിചയത്തിനും വൈദഗ്ധ്യത്തിനും അനുസൃതമായ തൊഴിലുകൾ ലഭ്യമാക്കുന്നതിന് ഇത്തരം ജോബ് ഫെയറുകൾ സഹായിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനായി പരിശീലന ക്യാമ്പുകളും നടത്തേണ്ടതുണ്ട്. ഇത്തരം പദ്ധതികളുടെ നടത്തിപ്പ് ചെലവുകൾക്കായി ഗ്രാമപഞ്ചായത്തുകൾ ബജറ്റിൽ ഫണ്ട് അനുവദിക്കുകയും ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി തന്നെ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
സർക്കാർ പദ്ധതികളെ പ്രവാസികൾ ഉപയോഗപ്പെടുത്താതെ പോകുന്നതും അവർ ഭരണതലത്തിൽ അവഗണിക്കപ്പെടുന്നതിന് കാരണമാണ്. പ്രവാസി പെൻഷനപ്പുറം ബഹുഭൂരിപക്ഷം പ്രവാസികളും സർക്കാർ പദ്ധതികളെ തിരിഞ്ഞു നോക്കാത്തവരാണ്. കാർഷിക മേഖല ഉൾപ്പെടെ വിവിധ വകുപ്പുകളിൽ പ്രവാസികൾക്ക് മുൻഗണന നൽകാൻ സർക്കാർ നിർദേശമുണ്ടെങ്കിലും ആവശ്യത്തിന് അപേക്ഷകരില്ലാത്ത അവസ്ഥയമാണ് നിലവിലുള്ളത്. വർഷങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രവാസികൾക്കായി ഭവന പദ്ധതി പ്രഖ്യാപിച്ചെങ്കിലും അപേക്ഷകരുടെ എണ്ണം ഏറെ കുറവായതിനാൽ ഉപേക്ഷക്കുകയാണുണ്ടായത്. അനുകൂലമായ പദ്ധതികളെ തിരിച്ചറിയുന്നതിനും അവ പ്രയോജനപ്പെടുത്തുന്നതിനും പ്രവാസികൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. തങ്ങളും ആവശ്യക്കാരാണെന്ന് അധികാരികളെ ബോധ്യപ്പെടുത്താൻ പ്രവാസികൾ മുന്നോട്ടു വരേണ്ടതുണ്ട്. 

 

Latest News