Sorry, you need to enable JavaScript to visit this website.

പാർട്ടി കോൺഗ്രസും കോൺഗ്രസ് പാർട്ടിയും

സി.പി.എമ്മുകാർ പണ്ട് പാർട്ടി കോൺഗ്രസിന്റെ ചുമരെഴുത്തു നടത്തുമ്പോൾ എന്നായാലും നിങ്ങളെല്ലാവരും കോൺഗ്രസിലേക്ക് വരാനുള്ളതാ, അതുകൊണ്ട് തന്നെ പാർട്ടി കോൺഗ്രസെന്ന്  എഴുതിപ്പഠിക്കുന്നത് നല്ലതാണെന്ന് കോൺഗ്രസ് പ്രവർത്തകർ കളിയാക്കി പറയുമായിരുന്നു. പാർട്ടി കോൺഗ്രസിന്റെ അർത്ഥമറിയണമെങ്കിൽ പോയി ഇംഗ്ലീഷ് ഡിക്ഷണറി നോക്കാനായിരുന്നു അതിന് സി.പി.എമ്മുകാരുടെ മറുപടി. എതായാലും സി.പി.എമ്മുകാരുടെ പാർട്ടി കോൺഗ്രസിന്റെ പേരിൽ ഇപ്പോൾ കോൺഗ്രസ് നേതൃത്വവും സി.പി.എം നേതൃത്വവും തമ്മിൽ മുട്ടനടിയാണ്. 
സംഭവം മറ്റൊന്നുമല്ല, അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന സി.പി.എം 23 ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വിവിധ സെമിനാറുകൾ നടക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും ട്രേഡ് യൂനിയൻ നേതാക്കളെയുമെല്ലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന വിവിധ സെമിനാറുകളിലേക്കും മറ്റു പരിപാടികളിലേക്കുമെല്ലാം പണ്ടു മുതലേ ക്ഷണിക്കാറുണ്ട്. ക്ഷണിക്കപ്പെടുന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത് അവരുടെ വാദഗതികളും ആശയങ്ങളുമെല്ലാം ഉന്നയിക്കാറുമുണ്ട്. യുവജന സംഘടനകളുടെ സമ്മേളനങ്ങളിലും ഇതുപോലെ എതിർ പാർട്ടിയിലെ നേതാക്കൾ പങ്കെടുക്കുന്ന പതിവുണ്ട്. ആശയ സംവാദത്തിന്റെ ഭാഗമാണത്.
ഇത്തവണ കോൺഗ്രസ് നേതാക്കളായ ശശി തരൂരിനെയും കെ.വി. തോമസിനെയും ഐ.എൻ.ടി.യു.സി നേതാവായ ആർ.ചന്ദ്രശേഖരനെയുമാണ് കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധികളായി സി.പി.എം നേതൃത്വം പാർട്ടി കോൺഗ്രസിന്റെ സെമിനാറുകളിലേക്ക് ക്ഷണിച്ചത്. അവരെല്ലാം വളരെ സന്തോഷത്തോടു കൂടി ക്ഷണം സ്വീകരിക്കുകയും പരിപാടിയിൽ പങ്കെടുക്കാമെന്ന് ഏൽക്കുകയും ചെയ്തതാണ്. കോൺഗ്രസ് അധ്യക്ഷൻ സുധാകരന്റെ ചെവിയിൽ കാര്യമെത്തിയതോടെ അദ്ദേഹം ഉറഞ്ഞു തുള്ളി. സി.പി.എം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളിൽ കോൺഗ്രസുകാർ ആരും പങ്കെടുക്കരുതെന്നും ഈ തീരുമാനം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും തിട്ടൂരം പുറപ്പെടുവിച്ചു. ഇത് കണ്ട് ഭയന്നിട്ടാകാം കണ്ണൂരിൽ പരിപാടിക്ക് പോയ ആർ. ചന്ദ്രശേഖരൻ സി.പി.എമ്മുകാരോട് ക്ഷമയും പറഞ്ഞ് അടുത്ത വണ്ടിക്ക് തന്നെ തിരിച്ചുപോന്നു. കേരളത്തിൽ കെ.റെയിൽ പദ്ധതിയിൽ ഉൾപ്പെടെ ഇടതുപക്ഷ സർക്കാർ കടുത്ത ജനവിരുദ്ധ നയങ്ങൾ തുടരുമ്പോൾ സർക്കാരിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസിൽ നേതാക്കൾ പങ്കെടുത്താൽ അത് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും തെറ്റായ സന്ദേശമാകും നൽകുകയെന്നതാണ് സുധാകരൻ പരസ്യമായി പറഞ്ഞ ന്യായം.
രാഷ്ട്രീയത്തിൽ പതിനെട്ടടവും പയറ്റി ആശാന്റെ നെഞ്ചത്തും ചവിട്ടിയാണ് സുധാകരൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയത്. അതുകൊണ്ട് തന്നെ സി.പി.എമ്മുകാർ മനസ്സിൽ കാണുന്നത് സുധാകരൻ മാനത്ത് കാണും. ശശി തരൂരിനെയും കെ.വി. തോമസിനെയുമെല്ലാം സി.പി.എം പാർട്ടി കോൺഗ്രസിലേക്ക് ക്ഷണിച്ചതിന്റെ ഗുട്ടൻസ് സുധാകരൻ  തിരിച്ചറിഞ്ഞിട്ടുണ്ട്. ഇഷ്ടം പോലെ കോൺഗ്രസ് നേതാക്കൾ വേറെയുണ്ടായിട്ടും തരൂരും കെ.വി.തോമസുമെല്ലാം സി.പി.എമ്മിന്റെ ഇഷ്ടക്കാരായി മാറിയതിന് പിന്നിൽ വലിയ ചതിയുണ്ടെന്നാണ് സുധാകരൻ കണക്കുകൂട്ടുന്നത്. 
കോൺഗ്രസ് നേതാക്കളാണെങ്കിലും പല വിഷയങ്ങളിലും പാർട്ടി വരയ്ക്കുന്ന ചട്ടക്കൂടുകളിൽ ഒതുങ്ങുന്നവരല്ല ശശി തരൂരും കെ.വി. തോമസും. തരൂരിന്റെ ചിന്തകളിൽ ചിലപ്പോൾ സോഷ്യലിസവും കമ്യൂണിസവുമൊക്കെ കടന്നു വരും. മാത്രമല്ല, യുനെറ്റഡ് നാഷൻസിന്റെ ഉന്നത പദവിയിലിരുന്ന് ലോകപരിജ്ഞാനവും ചില നയതന്ത്രങ്ങളുമൊക്കെ വശത്താക്കിയതിനാൽ കക്ഷി രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാനുള്ള ത്വര കുറച്ച് കൂടുതലാണ്. അങ്ങനെ വരുമ്പോൾ ചിലപ്പോൾ പിണറായി വിജയനെ വിശുദ്ധനും പാവങ്ങളുടെ പടത്തലവനും വികസനത്തിന്റെ നായകനുമൊക്കെയായി അദ്ദേഹം അങ്ങ് സങ്കൽപിച്ചു കളയും. താൻ കോൺഗ്രസുകാരനാണെന്ന കാര്യമൊക്കെ മറന്നു പോകും. തരൂരിന്റെ ഈ രോഗത്തിന് സുധാകരൻ ഇടയ്ക്കിടെ ചികിത്സ വിധിക്കുന്നതാണ്. പക്ഷേ ആരു കേൾക്കാൻ. നിവൃത്തിയില്ലാത്തതുകൊണ്ട് പാർട്ടി ദേശീയ നേതൃത്വത്തിന്റെ ചികിത്സക്ക് വിധേയനാക്കാനും സുധാകരൻ ശ്രമം നടത്തി. പക്ഷേ ഇതുവരെ കാര്യമൊന്നുമുണ്ടായിട്ടില്ല. 
കെ.റെയിലിനെതിരെ കോൺഗ്രസ് വലിയ സമരം നടത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. പദ്ധതിക്ക് വേണ്ടി നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരെയുള്ള സമരം ആളിക്കത്തുകയാണ്. അതിനിടയിൽ ശശി തരൂർ സി.പി.എം സമ്മേളനത്തിൽ പോയാൽ കെ.റെയിൽ പദ്ധതിയെയും പിണറായി വിജയനെയുമെല്ലാം വാനോളം പുകഴ്ത്താൻ സാധ്യതയുണ്ടെന്ന് സുധാകരൻ കണക്കുകൂട്ടുന്നുണ്ട്. തരൂരിന്റെ ഇപ്പോഴത്തെ നിലപാടുകൾ വെച്ച് അങ്ങനെ കണക്കുകൂട്ടുന്നതിൽ തെറ്റൊന്നുമില്ല. ഇതിന്റെയെല്ലാം പാപഭാരം താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് സുധാകരന് നല്ല ബോധ്യമുണ്ട്.
 കുമ്പളങ്ങി കായലിലെ തിരുത മീനിന്റെ രുചിയിൽ പാർട്ടി ദേശീയ നേതൃത്വത്തെ വീഴ്ത്തിയാണ് കെ.വി. തോമസ് ഇതുവരെയുള്ള അധികാര സ്ഥാനങ്ങളെല്ലാം നേടിയതെന്നാണ് ദൽഹിയിലെ അസൂയക്കാരുടെ വർത്തമാനം. തിരുത മീനിന് ഇപ്പോൾ പഴയ രുചിയൊന്നും ഇല്ലാത്തതിനാലാകാം കെ.വി തോമസിന് തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ  വേണ്ട പരിഗണന കിട്ടുകയോ കാര്യമായ പാർട്ടി സ്ഥാനങ്ങളിൽ എത്തിപ്പെടുകയോ ചെയ്യുന്നില്ല. ഇതിന്റെ ചൊരുക്ക് അദ്ദേഹം പരസ്യമായും രഹസ്യമായും എല്ലാം പ്രകടിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വിട്ട് വേണ്ടി വന്നാൽ സി.പി.എമ്മിൽ പോകുമെന്ന അവസ്ഥ വരെയുണ്ടായി. സി.പി.എമ്മാകട്ടെ തോമസ് മാഷിന് വേണ്ടി വാതിലുകൾ മലർക്കെ തുറന്നിടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെ.വി.തോമസും സി.പി.എം പാർട്ടി കോൺഗ്രസിൽ പ്രസംഗിക്കാൻ പോകുന്നത് അത്ര പന്തിയല്ലെന്ന് സുധാകരന് ബോധ്യമുണ്ട്. ഇതുകൊണ്ടാണ് സുധാകരൻ രണ്ടു പേർക്കും താക്കീത് നൽകിമഞ്ഞക്കാർഡ് പുറത്തെടുത്തത്. 
സുധാകരന്റെ ലക്ഷ്മണ രേഖക്കുള്ളിൽ ഒതുങ്ങാൻ തരൂരും കെ.വി.തോമസും തയാറായിരിന്നില്ല. അതുകൊണ്ട് സോണിയാ ഗാന്ധിക്ക് അപ്പീൽ കൊടുക്കാനാണ് രണ്ട് പേരും തീരുമാനിച്ചത്. സോണിയാ ഗാന്ധി സമ്മതിച്ചാൽ സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്നാണ് ഇവർ നിലപാടെടുത്തിരുന്നത്. ദേശീയ തലത്തിൽ കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള ഇരിപ്പ് വശം വെച്ച് സോണിയാ ഗാന്ധി സമ്മതം മൂളുമെന്നായിരുന്നു ശശി തരൂർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കെ.പി.സി.സി പ്രസിഡന്റിനൊപ്പമാണ് എ.ഐ.സി.സി നേതൃത്വം എന്ന സൂചനയാണുള്ളത്. ഇതോടെ തരൂരിന്റെയും കെ.വി തോമസിന്റെയും നീക്കങ്ങൾ പാളും.
ശശി തരൂരും കെ.വി.തോമസും സെമിനാറിൽ പങ്കെടുത്താലും ഇല്ലെങ്കിലും നേട്ടം സി.പി.എമ്മിനാണ്. കോൺഗ്രസുകാരുടെ ചെലവിൽ സമ്മേളനത്തിന് സൗജന്യ പബ്ലിസിറ്റി കിട്ടും. ഈ വിഷയം കത്തിക്കാനായി സി.പി.എം കഴിയുന്ന ശ്രമങ്ങളെല്ലാം നടത്തുന്നുണ്ട്. സുധാകരനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുമായി ചേർന്നുള്ള നീക്കത്തിന്റെ ഭാഗമായാണ് ശശി തരൂരിനും കെ.വി.തോമസിനുമെതിരെ സുധാകരൻ തീട്ടൂരമിറക്കിയതെന്നാണ് കോടിയേരി ആരോപിച്ചിട്ടുള്ളത്. എന്നാൽ രാഷ്ട്രീയമായ മുതലെടുപ്പിനുള്ള സി.പി.എമ്മിന്റെ നീക്കം കൃത്യമായി തിരിച്ചറിഞ്ഞ് അതിനെ ചെറുക്കാൻ കരുനീക്കങ്ങൾ നടത്തിയതിലൂടെ സുധാകരന്റെ തന്ത്രങ്ങളാണ് വിജയം കണ്ടത്.

Latest News