Sorry, you need to enable JavaScript to visit this website.

വധശിക്ഷക്കെതിരെ മലയാളി നഴ്‌സിന്റെ അപ്പീൽ യെമൻ കോടതി തള്ളി

കൊച്ചി- യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷക്കെതിരായ അപ്പീൽ സൻആയിലെ അപ്പീൽ കോടതി തള്ളി. യെമൻ പൗരൻ തലാൽ അബ്ദു മഹദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിലായത്. വധശിക്ഷക്ക് എതിരെ നിമിഷപ്രിയയുടെ കുടുംബം അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.
സ്ത്രീ എന്ന പരിഗണന മുൻനിർത്തിയും പ്രായമായ അമ്മയുടെയും ആറു വയസ്സുകാരൻ മകന്റെയും കാര്യം പരിഗണിച്ച് ശിക്ഷയിൽ ഇളവു വേണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സുപ്രീം ജുഡീഷ്യൽ കൗൺസിലിനെ സമീപിക്കുക എന്നതാണ് ഇനി നിമിഷപ്രിയക്ക് മുന്നിലുള്ള മാർഗം. യെമൻ പ്രസിഡന്റാണ് സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ അധ്യക്ഷൻ. എന്നാൽ, നിലവിലെ യെമനിലെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ നിമിഷപ്രിയയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള ശിക്ഷാ ഇളവ് ലഭിക്കുമെന്ന് കരുതാനാകില്ല. വധശിക്ഷ ഒഴിവാക്കാനുള്ള കാരണമായി നിമിഷപ്രിയ ചൂണ്ടിക്കാണിച്ച കാര്യങ്ങളെല്ലാം അപ്പീൽ കോടതി തള്ളി. 
കൊല്ലപ്പെട്ടയാളുടെ കുടുംബം പ്രതിക്ക് മാപ്പു നൽകുക എന്നതാണ് മറ്റൊരു മാർഗം. എന്നാൽ കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം മാപ്പു നൽകാൻ ഇതുവരെ തയാറായിട്ടില്ല. നിമിഷപ്രിയയുടെ അഭിഭാഷകർ ശ്രമങ്ങൾ നടത്തിയെങ്കിലും അവർ സമ്മതിച്ചില്ല. കഴിഞ്ഞയാഴ്ച കേസ് അപ്പീൽ കോടതി പരിഗണിച്ചപ്പോൾ, മഹദിയുടെ കുടുംബം അവിടെ എത്തുകയും കോടതിക്ക് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 
തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നതാണ് നിമിഷക്ക് എതിരെയുള്ള കേസ്. നിമിഷയെ താൻ വിവാഹം കഴിച്ചെന്ന് വ്യാജരേഖകൾ നിർമിച്ച് തലാൽ മെഹ്ദി അവകാശപ്പെട്ടിരുന്നു. എന്നാൽ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനാണ് ഇയാളുടെ സഹായം തേടിയതെന്നും പക്ഷേ, യെമൻ പൗരൻ സാമ്പത്തികമായി ചതിച്ചെന്നുമാണ് നിമിഷപ്രിയ പറയുന്നത്.

Latest News