Sorry, you need to enable JavaScript to visit this website.

പൊടിക്കാറ്റ്: റിയാദിൽ 24 മണിക്കൂറിനിടെ 182 വാഹനാപകടങ്ങൾ

റിയാദ് - റിയാദിൽ കഴിഞ്ഞ ദിവസം പൊടിക്കാറ്റിനിടെ 182 വാഹനാപകടങ്ങളുണ്ടായതായി റിയാദ് ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് കേണൽ നവാഫ് അൽസുദൈരി അറിയിച്ചു. ഇവയെല്ലാം നിസാര അപകടങ്ങളായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. അപകടങ്ങളെ കുറിച്ച് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫീൽഡ് സംഘങ്ങൾ തുടർ നടപടികൾ സ്വീകരിച്ചു. പൊടിക്കാറ്റ് തുടരുന്ന പശ്ചാത്തലത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം ഉറപ്പാക്കുകയും വേഗം കുറക്കുകയും വേണം. അനിവാര്യ സാഹചര്യങ്ങളിൽ ഒഴികെ ട്രാക്കുകൾ മാറരുതെന്നും ഡ്രൈവർമാരോട് കേണൽ നവാഫ് അൽസുദൈരി ആവശ്യപ്പെട്ടു. റിയാദിനു പുറമെ, പ്രവിശ്യയിൽ പെട്ട അൽഖർജ്, ദിർഇയ, അൽദലം, മുസാഹ്‌മിയ, റുമാഹ്, മറാത്, താദിഖ് എന്നിവിടങ്ങളിലെല്ലാം പൊടിക്കാറ്റ് അനുഭവപ്പെട്ടു. പൊടിക്കാറ്റ് കാരണം റിയാദ് വിന്റർവണ്ടർലാന്റ് ഏരിയ വെള്ളിയാഴ്ച അടച്ചതായി റിയാദ് സീസൺ അറിയിച്ചു. മോശം കാലാവസ്ഥ മൂലം ഖാഫ് അൽറിയാദ് പരിപാടി നീട്ടിവെച്ചതായി റിയാദ് നഗരസഭയും അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് പരിപാടി നീട്ടിവെച്ചതെന്ന് റിയാദ് നഗരസഭ പറഞ്ഞു. 

കിഴക്കൻ പ്രവിശ്യയിൽ പെട്ട ഹഫർ അൽബാത്തിനിൽ ശക്തമായ പൊടിക്കാറ്റു മൂലം ഏതാനും വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. അൽതലാൽ ഡിസ്ട്രിക്ടിലാണ് വാഹനങ്ങളുടെ ചില്ലുകൾ തകർന്നത്. പൊടിക്കാറ്റിനിടെ കാറുകളുടെ ചില്ലുകൾ തകർന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പ്രദേശവാസികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. റിയാദ് പ്രവിശ്യയിൽ പെട്ട ഹോത്ത ബനീതമീമിൽ ആകാശംമുട്ടെ ഉയർന്ന പൊടിക്കാറ്റ് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിൽ എല്ലാ വർഷവും മാർച്ച് മാസത്തിൽ പൊടിക്കാറ്റുണ്ടാകുന്നത് പതിവാണ്. 

Latest News