Sorry, you need to enable JavaScript to visit this website.

സോൾ സമാധാന സമ്മേളനം സമാപിച്ചു; സംവാദത്തിലൂടെ സമാധാനം -ബാൻ കി മൂൺ

കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന സമാധാന സമ്മേളനത്തിന്റെ സമാപന സംഗമത്തിൽ ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന് ഇന്ത്യൻ പ്രതിനിധിയായി സംബന്ധിച്ച മലപ്പുറം മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി കേരള പൈതൃക വള്ളത്തിന്റെ മാതൃക സമ്മാനിച്ചപ്പോൾ. 

സോൾ- ആരോഗ്യകരമായ സംവാദമാണ് സമാധാനത്തിലേക്കുള്ള മാർഗമെന്ന് ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ അഭിപ്രായപ്പെട്ടു. കൊറിയൻ തലസ്ഥാനമായ സോളിൽ രണ്ടാമത്  സമാധാന സമ്മേളത്തിന്റെ സമാപനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കീഴടങ്ങലല്ല സംവാദം. പൂർണമായ ഒരുമയിലെത്തിയില്ലെങ്കിലും പരസ്പരം അറിയാനുള്ള അവസരമായി ഇത്തരം വേദികൾ കാണണം. കരുതലോടെയാണെങ്കിലും ദക്ഷിണ കൊറിയയും അമേരിക്കയും ചർച്ചകൾക്കൊരുങ്ങുന്നത് പ്രത്യാശ നൽകുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ബാൻകി മൂണിന്റെ നേതൃത്വത്തിലുള്ള യു.എൻ ഗ്ലോബൽ കോംപാക്റ്റ്, യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻ, ഗ്ലോബൽ കോംപാക്റ്റ് നെറ്റവർക് കൊറിയ, റിലിജിയസ് ഫ്രീഡം ആന്റ് ബിസിനസ് ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ 12 അന്താരാഷ്ട്ര സംഘടനകളും അക്കാദമിക് സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സമാധാന പ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. 
2020ൽ ജപ്പാനിൽ നടക്കുന്ന അടുത്ത സമ്മേളനത്തിന്റെ പതാക സംഘാടക സമിതി തലവൻ ഡോ. ബ്രയാൻ ജെ ഗ്രിമിൽനിന്നും ജപ്പാൻ മുൻ പ്രധാന മന്ത്രി യുകിയോ ഹതയോമ ഏറ്റുവാങ്ങി. ശീതകാല ഒളിമ്പിക്‌സിനോടനുബന്ധിച്ചു രണ്ടു കൊറിയകളും തമ്മിൽ ആരംഭിച്ച സമാധാന ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ വേണ്ട കാര്യങ്ങൾക്ക് പിന്തുണ നൽകാൻ ഇത്തരം സമാധാന കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രതിനിധിയായി മലപ്പുറം മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സംബന്ധിച്ചു. 
യൂറോപ്യൻ യൂണിയൻ പ്രതിനിധി ഴാൻ ഫിഗൽ, മുൻ ഐറിഷ് അംബാസിഡർ ഫിലിപ് മക്‌ഡൊണ, കൊറിയയുടെ മുൻ കൃഷി മന്ത്രി യങ് ജിൻ കിം, യു.എൻ ഗ്ലോബൽ കോംപാക്റ്റ് അംഗം വൈ. ഡബ്ലിയു ജുനർദി, ഗ്ലോബൽ ബിസിനസ് പീസ് അവാർഡ് സെക്രട്ടറി ജനറൽ ക്യുങ് ഈ യൂ, ചർച്ച് ഓഫ് ജീസസ് വടക്കെ ഏഷ്യ പ്രസിഡന്റ് എൽഡർ റോബർട്ട് തുടങ്ങിയവർ പ്രസംഗിച്ചു. 
ഐക്യരാഷ്ട്രസഭയുടെ പതിനേഴിന സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ബിസിനസ്, സംഘാടനം, മനുഷ്യാവകാശം, ചാരിറ്റി തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നവരുടെ കൂട്ടായ്മയായി 2016ലെ റിയോ പാരാലിംബിക്‌സിനോടനുബന്ധിച്ചാണ്  ഗ്ലോബൽ ബിസിനസ് ആന്റ് പീസ് അവാർഡുകളും സമാധാന സമ്മേളനവും ആരംഭിച്ചത്. അടുത്ത സമ്മേളനത്തിന്റെ സംഘാടക സമിതിയിലേക്ക് ഇന്ത്യയിൽ നിന്നും മഅ്ദിൻ അക്കാദമിയെ തിരഞ്ഞെടുത്തു.
കൊറിയൻ പാർലമെന്റ് ഹൗസിൽ ചൊവ്വാഴ്ച നടന്ന ഉദ്ഘാടന സംഗമത്തിനു ശേഷം  കൊറിയൻ പ്രസിഡണ്ടിന്റെ വസതിയായ ബ്ലൂഹൗസിൽ പ്രത്യേക സന്ദർശനവും നടന്നു. അഞ്ചുദിവസത്തെ സന്ദർശനത്തിന് കൊറിയയിലെത്തിയ സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ വിവിധ സർവ്വകലാശാലകളും സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിക്കും. മഅ്ദിൻ അന്താരാഷ്ട്ര വിഭാഗം ഡയറക്ടർമാരായ ഡോ. അബ്ബാസ് പനക്കൽ, ഉമർ മേൽമുറി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.

Latest News