Sorry, you need to enable JavaScript to visit this website.

എന്നു വരും എയിംസ്?

വി.എം. സുബൈർ

ആധുനിക ചികിത്സാ സൗകര്യങ്ങളോ ആരോഗ്യ ഗവേഷണ കേന്ദ്രങ്ങളോ മലബാർ മേഖലയിൽ പൊതുമേഖലയിൽ ഏറെയില്ല. മലബാറിലെ മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനങ്ങൾക്ക് പ്രയോജനപ്പെടാവുന്ന സ്ഥാപനമാണ് കോഴിക്കോട്ട് സ്ഥാപിക്കുമെന്ന് പറഞ്ഞുകേട്ടിരുന്ന എയിംസ്. എന്നാൽ ഈ ബജറ്റിലും ഇക്കാര്യത്തിൽ കേരളം തഴയപ്പെട്ടു. എയിംസ് ആരംഭിക്കുന്നതിന് കേരളത്തിൽ ജനകീയ ഇടപെടൽ ആവശ്യമുണ്ട്. ജനപ്രതിനിധികൾ ഒരുമിച്ചുനിൽക്കുകയും വേണം.

 


മലബാറിന്റെ ആരോഗ്യ മേഖലയിൽ മികവിന്റെ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മുറവിളികൾ തുടങ്ങിയിട്ട് ഏറെക്കാലമായി. ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജുകളാക്കി ഉയർത്തുകയും താലൂക്ക് ആശുപത്രികളെ ജില്ലാ ആശുപത്രികളാക്കി ഉയർത്തുകയും ചെയ്യുന്ന സംസ്ഥാന സർക്കാരുകളുടെ ചെപ്പടി വിദ്യകൾക്കപ്പുറം വടക്കൻ കേരളത്തിലെ പൊതുആരോഗ്യ മേഖല ഇന്നും ദുർബലമാണ്. ആധുനിക ചികിത്സാ സൗകര്യങ്ങളോ ആരോഗ്യ ഗവേഷണ കേന്ദ്രങ്ങളോ മലബാർ മേഖലയിൽ പൊതുമേഖലയിൽ ഏറെയില്ല. സ്വകാര്യ ആശുപത്രികളാണ് വിദഗ്ധ ചികിത്സക്ക് ജനങ്ങൾക്ക് ഇന്നും ആശ്രയം. വടക്കൻ കേരളത്തിലെ ആറു ജില്ലകളിലുള്ളവർക്ക് ഇപ്പോഴും സർക്കാർ മേഖലയിൽ വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ തന്നെ ആശ്രയിക്കണം. ജില്ല തോറും മെഡിക്കൽ കോളേജുകൾ ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരോ മറ്റു ജീവനക്കാരോ ഇല്ല. രോഗനിർണയത്തിനുള്ള ആധുനിക സംവിധാനങ്ങളുമില്ല.


ദേശീയ പ്രാധാന്യമുള്ള എയിംസിന് (ആൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) വേണ്ടി ജനപ്രതിനിധികളിൽനിന്നും ആരോഗ്യ പ്രവർത്തകരിൽനിന്നും മുറവിളി ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എട്ടു വർഷം മുമ്പ് സർക്കാർ കോഴിക്കോട് ജില്ലയിൽ ഇതിനായി സ്ഥലം ഏറ്റെടുത്ത് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാൽ ഈ വർഷത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ല. ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 22 എയിംസുകൾ തുടങ്ങുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം വന്നെങ്കിലും കേരളം തഴയപ്പെട്ടു. ഉത്തർപ്രദേശിലും ജമ്മു കശ്മീരിലും രണ്ട് എയിംസുകൾ വീതം അനുവദിച്ചപ്പോഴാണ് കേരളത്തിന് ഈ അവഗണന.


കോഴിക്കോട് ജില്ലയിൽ എയിംസ് ആരംഭിക്കുമെന്ന അഭ്യൂഹം ഉയർന്നു വന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. 2014 ൽ ബാലുശ്ശേരിക്കടുത്ത കിനാലൂർ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ 150 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഇതിനായി മാറ്റിവെച്ചിരുന്നു. കേരളത്തിന് എയിംസ് ഏത് സമയവും അനുവദിക്കപ്പെട്ടേക്കാമെന്ന പ്രതീക്ഷയിലായിരുന്നു അന്നത്തെ സർക്കാർ. ഇതിനിടെ എയിംസ് കോഴിക്കോട്ട് ആരംഭിക്കുന്നതിനെതിരെ കേരളത്തിൽ തന്നെ ചില എതിർപ്പുകൾ ഉയർന്നു. തലസ്ഥാന ജില്ലയിൽ ഈ സ്ഥാപനം തുടങ്ങണമെന്ന ആവശ്യമാണ് ഉയർന്നത്. എന്നാൽ ഇത്തരം ആവശ്യങ്ങളൊന്നും കേന്ദ്ര സർക്കാർ ചെവിക്കൊണ്ടിട്ടില്ല. അതിനിടെ കാസർകോട് ജില്ലയിൽ എയിംസ് ആരംഭിക്കണമെന്ന ആവശ്യവുമായി അവിടെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരങ്ങളും ആരംഭിച്ചിരുന്നു.


2014 ൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കേരളത്തിന് അനുകൂലമായ നിലപാട് ഉണ്ടായപ്പോഴാണ് കോഴിക്കോട് ജില്ലയിൽ എയിംസ് ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. കോഴിക്കോട് നഗരത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള കിനാലൂർ എസ്റ്റേറ്റിൽ ഇത്തരമൊരു പ്രമുഖ സ്ഥാപനം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ട്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. സ്ഥലം ലഭ്യമാണെന്ന കാര്യം സംസ്ഥാന സർക്കാർ 2014 ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് പദ്ധതിക്കാവശ്യമായ കാര്യങ്ങൾ യഥാസമയം പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കിനാലൂരിലെ സ്ഥലം പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. 2014 ൽ എം.കെ. രാഘവൻ എം.പി സ്ഥലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനുമായി ചർച്ച ചെയ്യുകയും അനുകൂല സമീപനമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ചർച്ചകളിൽ കിനാലൂരിലെ എയിംസ് പദ്ധതിയും ഇടംപിടിച്ചു.

പുതിയ പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയായ വീണാ ജോർജ് അടുത്തിടെ ഈ സ്ഥലം സന്ദർശിച്ചിരുന്നു. പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ എല്ലാ പ്രാഥമിക നടപടികളും പൂർത്തിയാക്കിയതായും കേന്ദ്ര സർക്കാരിന്റെ അനുമതി ഉടനെ പ്രതീക്ഷിക്കുന്നതായുമാണ് അന്ന് മന്ത്രി വ്യക്തമാക്കിയത്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന് സംസ്ഥാന സർക്കാരും പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
ഈ വർഷത്തെ ബജറ്റിലും കേരളത്തെ കൈയൊഴിഞ്ഞതോടെ കോഴിക്കോട്ട് എയിംസ് എന്നു വരുമെന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പും ഇരുട്ടിലായിരിക്കുകയാണ്. ഈ പദ്ധതിയുടെ പ്രയോജനം ജനങ്ങൾക്ക് ഏതു കാലത്താണ് ലഭ്യമാകുകയെന്നത് ഇനിയും വ്യക്തമായിട്ടില്ല. കേന്ദ്രാനമുതി ലഭിച്ചാൽ തന്നെ കെട്ടിടങ്ങൾ നിർമിക്കുന്നതിനും പ്രവർത്തന സജ്ജമാക്കുന്നതിനും കാലങ്ങളെടുക്കും. 


കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണിത്. കാസർകോട് ജില്ലയിലുള്ളവർക്ക് വിദഗ്ധ ചികിത്സ ലഭിക്കാൻ പ്രധാനമായും മംഗലാപുരത്തെയാണ് ഇപ്പോൾ ആശ്രയിക്കേണ്ടി വരുന്നത്. വടക്കൻ കേരളത്തിലെ മറ്റു ജില്ലക്കാർക്കും ഈ മേഖലയിൽ പരിമിതമായ ചികിത്സാ സംവിധാനങ്ങളാണ് പൊതുമേഖലയിൽ ഉള്ളത്.
ഒരിക്കൽ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിൽ ഉണ്ടായിരുന്നതും ഇപ്പോൾ അവഗണിക്കപ്പെടുന്നതുമായ പദ്ധതി യാഥാർഥ്യമാക്കാൻ കൂടുതൽ സമ്മർദം ഉയരേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ ഇതിനായി മുന്നിട്ടിറങ്ങണം. കോഴിക്കോട് ജില്ലയിലാണ് പദ്ധതി വരുന്നത് എന്നതുകൊണ്ട് മറ്റു ജില്ലകളിലുള്ള ജനപ്രതിനിധികൾ പിറകോട്ടു നിൽക്കുന്നത് ശരിയല്ല. മലബാറിലെ മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനങ്ങൾക്ക് പ്രയോജനപ്പെടാവുന്ന സ്ഥാപനമാണിത്. എയിംസ് ആരംഭിക്കുന്നതിന് വേണ്ടി കേരളത്തിൽ ജനകീയ ഇടപെടലുകളും ആവശ്യമുണ്ട്. സംസ്ഥാന സർക്കാരും പാർലമെന്റ് അംഗങ്ങളും ജനങ്ങളുടെ വികാരം തിരിച്ചറിഞ്ഞ് പദ്ധതിക്കായി കൂടുതൽ സജീവമായി രംഗത്തെത്തണം.

 

Latest News