Sorry, you need to enable JavaScript to visit this website.

ആത്മപീഡനത്തിന്റെ ധനശാസ്ത്രം


ആളുകളുടെ കദനകഥ മെനഞ്ഞ് കാണികളെ ആകർഷിക്കുന്ന ഒരു പരിപാടി, ഡീൽ ഓർ നോ ഡീൽ മുകേഷ് കുറച്ചിട അവതരിപ്പിക്കുകയുണ്ടായി. മത്സരവും വ്യാപാരവും നിശ്ചയമായും അതിന്റെ ധനപരമായ ഭാഗമായിരുന്നെങ്കിലും ദുഃഖകാമുകരെ, അല്ലെങ്കിൽ കാമിനികളെ ആകർഷിക്കുന്ന ധർമവും അതിനുണ്ടായിരുന്നു. 

ടി.വി പരമ്പരകളുടെ മുന്നിൽ അന്തിക്കൂട്ടത്തെ അണി നിരത്തുന്നത് എന്തായിരിക്കും? ശപിച്ചുകൊണ്ടാണെങ്കിലും മുഷിഞ്ഞുകൊണ്ടാണെങ്കിലും അവർ സട കുടഞ്ഞിരിക്കുന്നു, അടുത്ത അധ്യായത്തിൽ നായകൻ നായികയെ കുത്തിനു പിടിക്കുമോ, ഖലൻ അടിയറ പറയുമോ എന്നൊക്കെ ചർച്ച ചെയ്യുന്നു. ഇതിലൊക്കെ മിഴിച്ചിരിക്കുന്ന കാണിയെ പിടിച്ചിരുത്തുന്നതെന്ത്? ഞാനും പണ്ഡിതാഗ്രേസരന്മാരും കാലാകാലമായി തല പുകഞ്ഞ് ആരായുന്നതാണ് ഈ വിഷയം.

കഴിഞ്ഞയാഴ്ചയും അലംഘനീയമായ നിയമം പോലെ ചർച്ച നടന്നു. തന്റെ കുട്ടികളെയും ഭാര്യയെയും വഴിയിൽ തള്ളി ഒരുവൻ വേറൊരുത്തിയുടെ വരുതിയിൽ സുഖിക്കാൻ നോക്കുന്നു. തട്ടിക്കളയാൻ താൻ തന്നെ ക്വട്ടേഷൻ കൊടുക്കുന്ന ഒരു പെൺകൊടിയെ രക്ഷപ്പെടുത്താൻ കമ്പനി കളമൊരുക്കുന്നു. അങ്ങനെയങ്ങനെ കഥയും കഥയില്ലായ്മയും മുന്നോട്ടു പോകുന്നു. കഥാപാത്രങ്ങളുടെ വേദനയും യാതനയും സ്വാംശീകരിച്ച് കാണികൾ പുളകം കൊള്ളുന്നു. അങ്ങനെ പുളകം പോൽ കുന്നിൻ പുറത്തു വീണ പുതു മൂടൽ മാഞ്ഞാല പുൽകി നീക്കാനൊന്നും നിൽക്കാതെ പരമ്പര കാണുന്നവർ എന്തുകൊണ്ട്  വിചാരിക്കുന്നു എന്ന വിചാരത്തിൽ മുഴുകുകയാണ് ഞാൻ.

കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോഴത്തെ പുഴയുടെ വേദനയാണോ കാണികളുടെ സംവേദനം? അതോ, ചിരിച്ചു മണ്ണു കപ്പിപ്പിക്കുന്ന മണ്ടത്തരങ്ങളും മലർത്തിയടികളുമാണോ കൂടുതൽ രസകരം? കാലദേശാവധികളനുസരിച്ച് ഉത്തരം വ്യത്യാസപ്പെട്ടിരിക്കും. ഇപ്പോൾ കേരളത്തിൽ പുലർന്നുപോകുന്നത് ചന്ദ്രോത്സവത്തിന്റെയും നമ്പ്യാരുടെയും സഞ്ജയന്റെയും നർമ്മദയുടെയും പാരമ്പര്യമാണെന്നു തോന്നുന്നു. കോമഡി തന്നെ, കോമഡി. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം പൂക്കാത്ത കോമഡി തന്നെ. ചിരിക്കാൻ പിറന്ന ഒരു കാണിക്കൂട്ടം മണ്ണു കപ്പാൻ അക്ഷമരായി കാത്തുകെട്ടി കിടക്കുന്നു. ജീവിത നൗകയും തോട്ടിയുടെ മകനും ഹാസ്യ പ്രകാശവും തിരയിൽ തെളിയുമ്പോൾ ആളുകൾ നെറ്റി ചുളിക്കുന്നു. 

ഈ സംവേദന ഭംഗം ചേറിക്കൊഴിച്ചുനോക്കുന്നത് രസകരമായിരിക്കും. വാസ്തവത്തിൽ കണ്ണീരുമൊലിപ്പിച്ച് കൈവഴികൾ പിരിയുമ്പോഴത്തെ വിരഹ വേദനയാണ് ഉള്ളിൽ തട്ടുന്ന അനുഭവമെന്ന് വാദിക്കുന്നു  ഒരു കൂട്ടം സൗന്ദര്യ ജ്ഞാനികൾ. വേദനയും യാതനയും പങ്കുവെക്കുന്ന ജീവിത സന്ദർഭങ്ങൾ തൊടുത്തു വിടുന്നത് ഒരു തരം വിപരീതാനുഭവമാണെന്നു പറയാം. വേദനയുടെയും വിധുരതയുടെയും ഉള്ളുറപ്പായി വർത്തിക്കുന്നത് എന്നു സമർഥിക്കുന്ന പുതിയ രണ്ടു പുസ്തകങ്ങളുടെ നിരൂപണത്തിൽ വിശദീകരിക്കുന്നതാണ് ഈ വിഷയം. ആത്മപീഡനത്തിന്റെ ധനശാസ്ത്രം എന്ന ഫ്രോയ്ഡിയൻ ചിന്ത മുതൽ ഏകോ രസോ കരുണ: ഏവ എന്ന ഭവഭൂതി വചനം വരെ ഇവിടെ ഉരുക്കഴിക്കുന്നതു കാണാം. സന്തോഷിക്കാൻ ദുഃഖം വേണമെന്നായിരിക്കുന്നു. തനി മലയാളത്തിൽ പറഞ്ഞാൽ, 'വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്‌നേഹബന്ധങ്ങളൂഴിയിൽ' 

വേദനാനുഭവത്തിന്റെ ഉള്ളിന്റെയുള്ളിൽ വിളയുന്ന ഹൃദയ ദീപ്തിയെപ്പറ്റി ഒ.എൻ.വി തന്നെ വേറൊരു ഘട്ടത്തിൽ ഇങ്ങനെ പറയുന്നു: 'പിന്നെയീ ദിവാസ്വപ്നം പൊലിയുമ്പൊഴെന്നുള്ളിൽ നീ കൊളുത്തുന്ന ദുഃഖത്തിനും നന്ദി. 'ദുഃഖത്തെ സ്വാഗതാർഹമാക്കുകയും വേദനയിൽ പുളകം പോറ്റുകയും ചെയ്യുന്ന  ഈ മനോഭാവത്തെ ഒരു മനശ്ശാസ്ത്രകാരൻ വിശേഷിപ്പിച്ചത് സിരാ രസതന്ത്രത്തിലെ ദിവ്യാനുഭൂതി എന്നായിരുന്നു. ആ ഭാവപ്രകർഷം നിർവചിക്കാൻ ചില ടി.വി പരമ്പരകളെ നിർധാരണം ചെയ്യുന്നൂണ്ട്  നിരൂപക.

ടി.വിയുടെ തുടക്കക്കാലം. ഇന്ത്യയിൽ ടി.വി തുടങ്ങിയിരുന്നുവെന്നു  തന്നെ പറഞ്ഞുകൂടാ. നമ്മുടെ സംസ്ഥാനം തന്നെ രൂപപ്പെട്ടുവന്ന കൊല്ലം, 1956. അന്നു തൊട്ട് നാലഞ്ചു കൊല്ലം പടിഞ്ഞാറൻ നാടുകളിൽ തിമിർത്താടിയ പരമ്പരയായിരുന്നു 'ഒരു നാളിന് ഒരു റാണി.' ആദ്യമേ പറയട്ടെ, വിനോദം എന്നാൽ കളിയും ചിരിയും മാത്രമല്ല കണ്ണീരും കൈയുമാകാമെന്ന സിദ്ധാന്തത്തിന്റെ പ്രത്യക്ഷീകരണമായിരുന്നു ഏ ക്വീൻ ഏ ഡേ.  മറ്റൊരു തരത്തിൽ പറഞ്ഞാൽ, സന്തോഷം പകരുന്ന രസമാകുന്നു സന്താപം അല്ലെങ്കിൽ കരുണം. വികട ബുദ്ധി കൊണ്ടു പറയുന്നതല്ല, ഗൗരവത്തൊടെ തന്നെ ഉറപ്പിക്കണം, ചിരിക്കാൻ, രസിക്കാൻ, കരയണം.

പ്രകൃതത്തിൽ നമ്മുടെ അന്നത്തെ ജനപ്രിയ പരമ്പര നാലു സ്ത്രീകളെ അവതരിപ്പിക്കുന്നതായിരുന്നു ഓരോ എപ്പിസോഡിലും. വിശേഷിച്ചൊരു പരിശീലനമൊന്നുമില്ലാത്ത നാലു സ്ത്രീകൾ ഓരോരുത്തരായി രംഗത്ത് വരുന്നു, തങ്ങളുടെ കദന കഥകളുമായി.  അവരിൽ ഏറ്റവും ഉള്ളിൽ തട്ടുന്ന കഥ പറയുന്ന ആളെ കിരീടം കെട്ടി റാണിയായി പ്രഖ്യാപിക്കുന്നു. കാണികൾ ദുഃഖപുത്രിയെ കൈയടിച്ച് എതിരേൽക്കുന്നു. ഒരിക്കൽ റാണിയായി പട്ടം ചാർത്തിയ ആളുടെ കഥ മാത്രം ഉദാഹരണത്തിനു വേണ്ടി പറഞ്ഞുവെക്കാം. 

വൈകല്യമുള്ള കുട്ടികളുടെ അമ്മയായിരുന്നു അവർ. അവരെ ഒരു വിധം പുനരധിവസിപ്പിച്ചപ്പോൾ ദുഃഖപുത്രിയുടെ അമ്മക്ക് വല്ലാത്ത അസുഖമായി. അമ്മ മരിച്ചപ്പോൾ ഭർത്താവ് അപകടത്തിൽ പെട്ടു. ഭർതൃശുശ്രൂഷയിൽനിന്ന് അവധി കിട്ടുമെന്നു വന്നപ്പോൾ പുതിയൊരു ജീവിതം പുതിയൊരു വയ്യാവേലി (?) സമ്മാനിച്ചു. അങ്ങനെ ഭാവന പോലെ കഷ്ടകാലം നീട്ടിക്കൊണ്ടുപോകാം. അഭിനേത്രികളുടെ, (അതോ അവതാരകകളുടെയോ?), ദൈന്യം കാണികളുടെ ആഹ്‌ളാദമായിത്തീരുന്നു. ദുഃഖഭാരത്താലോ നൈരാശ്യത്താലോ തന്നത്താൻ കുത്തിമരിക്കുകയോ മൂന്നാലു പേരെ തട്ടിക്കളയുകയോ ചെയ്യുന്ന ഷേക്‌സ്പീയരിയൻ ദുരന്ത കഥാപാത്രങ്ങളുടെ വ്യഥ അപഗ്രഥിക്കുന്ന ബ്രാഡ്‌ലിയുടെ പുസ്തകം ഓർക്കുക. ഹിംസയും വഞ്ചനയും രസനിഷ്യന്ദികളാകുന്ന നാടകാനുഭവം വേറെ കാണില്ല. വേദനയിലും വ്യഥയിലും ആനന്ദം ഒളിഞ്ഞിരിപ്പുണ്ടെന്ന വാദം ബലപ്പെടുത്താൻ അങ്ങനെ പലതും ചരിത്രത്തിൽ കാണാം.  

കദനത്തിന്റെ കഥ പറഞ്ഞ് കിരീടം നേടുന്നവരുടെ സമാനാനുഭവങ്ങൾ പകർന്നാടാൻ മലയാളത്തിൽ കാര്യമായ ശ്രമങ്ങൾ ഉണ്ടായിട്ടില്ല. കാലടി ഗോപിയുടെ ഏഴു രാത്രികളോ തകഴിയുടെ ചെമ്മീനു മുമ്പുള്ള കഥകളോ കാപാലികയുടെ ദുരന്തമോ അവസാനിക്കാത്ത പരമ്പരകളായി അവതരിപ്പിക്കാൻ അന്നൊന്നും ടി.വി പ്രത്യക്ഷപ്പെട്ടിരുന്നില്ല. 'ഒരു നാളിന് ഒരു റാണി' അനുവാദത്തോടെയോ അല്ലാതെയോ അവതരിപ്പിക്കപ്പെടാതെ പോയത് അതുകൊണ്ടു തന്നെ. നമ്മുടെ ടി.വി നിലനിൽപുറപ്പിച്ചതും ആഘോഷിച്ചതും 'ആനന്ദലബ്ധിക്കിനിയെന്തു വേണം?' എന്ന ചോദ്യമുയർത്തിയ രാമായണ പാരായണവും ഒരു ഡസൻ യോദ്ധാക്കളെ മാത്രം അവശേഷിപ്പിച്ചുകൊണ്ട് അവസാനിച്ച മഹാഭാരതവുമായിരുന്നു.  

പ്രശ്‌നോത്തരികളും കുടുംബ കഥകളുമായിരുന്നു ആദ്യമാദ്യം നമ്മുടെ ടി.വിയിൽ പച്ച പിടിച്ച വിഷയം. ഇത്രയേറെ ചോദ്യങ്ങൾ മനസ്സിൽ പേറി നടക്കുന്ന ജനതയാണ് നമ്മൾ എന്ന് അന്നേ നമ്മളിൽ മിക്കവരും അറിഞ്ഞുള്ളൂ.  അറിവ് ആനന്ദത്തിനു വേണ്ടി ഉപയോഗിക്കാമെന്ന് സ്ഥാപിക്കുന്നതായിരുന്നു ആ പരീക്ഷണം എങ്കിലും നമ്മൾ അതിനെ തിരിച്ചറിഞ്ഞത് അങ്ങനെയല്ല. അനിവാര്യമായും തുടക്കത്തിലെ പ്രശ്‌നോത്തരിയുടെ അവതരണം പരുക്കനായിരുന്നു. ഒരാൾ ചോദ്യം ചോദിച്ചുകൊണ്ടേ പോകുക. നാലഞ്ചു പേർ ഉത്തരം പറഞ്ഞോ അറിയാതെയോ വിലസുക. എന്തെങ്കിലും സമ്മാനം അടിച്ചുമാറ്റി സ്ഥലം വിടുക. 

ആ നില മാറ്റി, മത്സരത്തിന്റെയും പ്രദർശനത്തിന്റെയും അംശം ഉദാരമായി ഇഴ ചേർത്ത് പരിപാടി വൻ വിജയമാക്കിയത് അമിതാഭ് ബച്ചന്റെ വരവോടെയായിരുന്നു. മറുനാടൻ പരിപാടിയെ ഭാരതവൽക്കരിച്ച് ആരാകും കോടീശ്വരൻ എന്ന പ്രശ്‌നം ഉന്നയിച്ച ടി.വി പരമ്പര രണ്ടു തരത്തിൽ വിജയമായിരുന്നു: ഒന്ന്, കഷ്ടത്തിലായിരുന്ന ബച്ചൻ രക്ഷപ്പെട്ടു; രണ്ട്, ചോദ്യം ചോദിക്കലും ഉത്തരം പറയലും (പറയാതിരിക്കലും) രസകരമാകാമെന്നു തെളിഞ്ഞു. 

ആളുകളുടെ കദന കഥ മെനഞ്ഞ് കാണികളെ ആകർഷിക്കുന്ന ഒരു പരിപാടി, ഡീൽ ഓർ നോ ഡീൽ മുകേഷ് കുറച്ചിട അവതരിപ്പിക്കുകയുണ്ടായി. മത്സരവും വ്യാപാരവും നിശ്ചയമായും അതിന്റെ ധനപരമായ ഭാഗമായിരുന്നെങ്കിലും ദുഃഖകാമുകരെ, അല്ലെങ്കിൽ കാമിനികളെ ആകർഷിക്കുന്ന ധർമവും അതിനുണ്ടായിരുന്നു. 

Latest News