Sorry, you need to enable JavaScript to visit this website.

വീണ്ടും ഷോക്ക്,  കേരളത്തില്‍  വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം- സംസ്ഥാനത്ത് ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നതിനിടെ വീണ്ടും സര്‍ക്കാരിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്. സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ല. ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത നികത്തണം. റെഗുലേറ്ററി കമ്മീഷനോട് നിരക്ക് വര്‍ധന ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രില്‍ ഒന്നിനു പ്രാബല്യത്തിലാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈദ്യുതി ബോര്‍ഡ് കുറഞ്ഞത് 10 ശതമാനം വര്‍ധന ആവശ്യപ്പെടുമെന്നാണു സൂചന.
നിരക്കുവര്‍ധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31നു മുന്‍പ് നല്‍കാന്‍ ബോര്‍ഡിനോടു നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് ഹിയറിംഗ് നടത്തി റഗുലേറ്ററി കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കും. 2019 ജൂലൈ എട്ടിനാണ് ഇതിനുമുന്‍പു നിരക്ക് കൂട്ടിയത്.നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരടു മാര്‍ഗരേഖയിലെ വിവാദ വ്യവസ്ഥകള്‍ റഗുലേറ്ററി കമ്മീഷന്‍ പിന്‍വലിച്ചു. ഇതു വൈദ്യുതി ബോര്‍ഡിനും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ഗുണകരമാകും.
 

Latest News