Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയം: പ്രായം, വേതനം


കൈവിട്ടുപോയതോ കൈയെത്തിപ്പിടിക്കാൻ പറ്റാത്തതോ ആയ സ്ഥാനങ്ങളെപ്പറ്റി നൈരാശ്യത്തോടെ പിറുപിറുത്ത് കേൾവിക്കാരെ മുഷിപ്പിക്കുന്ന പ്രവണത പലരിലും കാണാം, രാഷ്ട്രീയത്തിൽനിന്ന് അടുത്തൂൺ വാങ്ങി ഇറങ്ങുമ്പോൾ.  ആത്മപ്രസക്തിക്കുള്ള വഴികളെപ്പറ്റിയാവും നിരന്തരമായ അന്വേഷണം. ആ ദുര്യോഗം സുധാകരനില്ല. രാപ്പകൽ അദ്ദേഹത്തിനു കവിതയുമായി സല്ലപിക്കാം. ഗ്രഹനില ഒത്തുവരികയാണെങ്കിൽ കമ്യൂണിസം എന്ന അനുഭവത്തെപ്പറ്റി ലേശം കന്മഷം ചേർത്ത് ഒരു ആഖ്യാനമോ ആഖ്യായികയോ ചമയ്ക്കുകയുമാവാം.  


കുഞ്ഞമ്മദ് വാണിമേൽ കഴിഞ്ഞ ദിവസം ജി. സുധാകരനെപ്പറ്റി എഴുതിയ വിശകലനത്തിൽനിന്ന് രണ്ടു കാര്യം തെളിഞ്ഞു വന്നു.  ഒന്ന്, എത്ര പരിചയവും പെരുമയും ഉള്ള ആളായാലും രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുന്നതിലും നിയന്ത്രിക്കുന്നതിലും പിഴവു പറ്റും.  രണ്ട്, അധികാരത്തിന്റെ ലഹരി എത്ര സേവിച്ചാലും മതിയാവില്ല.

പത്തറുപതു കൊല്ലത്തെ തഴക്കവും വഴക്കവും നേടിയ ആളാണ് സുധാകരൻ. ഏറ്റുമുട്ടിയവരെയെല്ലാം കീഴ്‌പ്പെടുത്തുകയോ വരുതിയിൽ നിർത്തുകയോ ചെയ്താണ് ശീലം. അടിയറ പറയേണ്ടി വന്ന ഘട്ടങ്ങൾ നന്നേ കുറയും. ജില്ലാ  തലത്തിൽ വിജയത്തിന്റെ ബലതന്ത്രം വശത്താക്കിയിരിക്കുന്ന നേതാവ്.  ഭരണത്തിലോ അനൗദ്യോഗിക സ്ഥാനങ്ങളിലോ ഇരിക്കുമ്പോൾ പരാതി കേൾക്കേണ്ടി വന്നിട്ടില്ല. കറ പുരളാത്ത കുപ്പായമണിഞ്ഞ ആളെന്ന് പ്രതിയോഗികൾ പോലും സമ്മതിക്കും. അനുയായികൾക്ക് അനുകരണീയൻ എന്ന് പരക്കേ അറിയപ്പെട്ടു, കാലാകാലമായി. 

ഒരിക്കൽ ഒരു വാർത്താ ചാനൽ അക്കൊല്ലത്തെ വാർത്താവ്യക്തിത്വത്തെ ആദരിക്കാൻ പരിപാടിയിട്ടു. ആദ്യം ആളെ നിശ്ചയിക്കണം. വിധിവീരന്മാരായി അണി നിരത്തിയ മൂന്നു പേരിൽ ഞാനും ഉണ്ടായിരുന്നു. എനിക്കു നേരിട്ടു പരിചയമില്ലാതിരുന്ന സുധാകരൻ ആയിരുന്നു എനിക്കു പ്രിയപ്പെട്ട വ്യക്തിത്വം. ആ കാലഘട്ടത്തിൽ വാർത്തയിൽ നിറയുകയോ വാർത്തയെ നിശ്ചയിക്കുകയോ ചെയ്യാൻ സുധാകരനോളം പോന്നവർ ഉണ്ടായിരുന്നില്ല. അക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു നറുക്കു വീണില്ല എന്നതു വേറെ കാര്യം.

വേറൊരാൾ കേട്ടാൽ 'അതു വേണ്ടായിരുന്നു' എന്നു പറയിപ്പിക്കാവുന്ന വർത്തമാനമേ സുധാകരന്റെ വായിൽ വിടരുകയുള്ളൂ.  മുഖപ്രസംഗത്തിൽ അപലപിക്കപ്പെടുമോ പാർട്ടി സെക്രട്ടറി കണ്ണുരുട്ടുമോ എന്നൊന്നും  അദ്ദേഹത്തിനു ചിന്തയുണ്ടാവില്ല. മങ്ങിയ ഓർമയിൽ നിന്നു പറയട്ടെ, അന്ന് സുധാകരനെ ശ്രദ്ധേയമാക്കിയ ഒരു പ്രസ്താവന ദേവാലയങ്ങളെപ്പറ്റിയായിരുന്നു. അഴിമതിയുടെ ഈറ്റില്ലമാണല്ലോ എക്കാലവും ദേവാലയ പരിസരം. ഏതോ ഒരു ദേവദാസന്റെ വികൃതികൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ സുധാകരൻ പറന്നടിച്ചു: ദേവന്റെ മുതൽ അച്ചിവീട്ടിലേക്കു കടത്തുന്നയാളെ പിടിച്ചുകെട്ടും.

അച്ചിവീട്ടിൽ അന്തി മയങ്ങാൻ നേരത്ത് അങ്ങനെ എന്തെങ്കിലും ആലഭാരം കേട്ടതായി പിന്നെ റിപ്പോർട്ടുണ്ടായില്ല. സുധാകരനെപ്പോലെ ഒരാൾ മാത്രമുണ്ടായതുകൊണ്ടായില്ലല്ലോ. അഭികാമ്യമായ സാഹചര്യത്തെപ്പറ്റി കിനാവ് കാണാനും മുദ്രാവാക്യം വിളിക്കാനും അങ്ങനെ ഒരാൾ ഉണ്ടാവുന്നതു തന്നെ സുകൃതം. ഒരു കാര്യം തിട്ടം: സുധാകരന്റെ വാക്കുകളിലെ നേർവിചാരം ആരും സംശയിക്കില്ല. 

കവിതയുടെ നേർമ പുലരാത്ത നേരങ്ങളിൽ വാക്കുകൾക്ക് ചിറകു മുളക്കും. വർഗശത്രുക്കളെ ചൂണ്ടിക്കൊണ്ടുള്ളതായിരുന്നു ഒരു പ്രതിജനഭിന്ന വിചിത്രമായ  ഭാഷണഭേദം. വഞ്ചകരെയും സാമ്രാജ്യത്വത്തിന്റെ കാവൽ നായ്ക്കളെയും വിരട്ടാൻ സുധാകരൻ പറഞ്ഞു: 'സൂക്ഷിച്ചുവേണം സംസാരിക്കാൻ. ചെങ്കൊടി പിടിച്ചതാണീ കൈകൾ.' ചെങ്കൊടിയോ കരിങ്കൊടിയോ നിറം കെട്ട കൊടിയോ ആകട്ടെ, അതു പിടിച്ചവർ എതിരാളികളെ തച്ചു തകർക്കുമെന്നോ ഭീഷണി? ശീലം കൊണ്ടു മൊഴിഞ്ഞുമാറിയതാണ്. ആയുധം വീശി വിപ്ലവം വിളയിക്കാമെന്ന പഴയ ധാരണ എന്നേ മാറിപ്പോയി. പക്ഷേ പുരാതനമായ വചോവിലാസം സുധാകരനെയും വിട്ടുമാറിയിട്ടില്ല. ആ ശുദ്ധഗതിക്കും അർപ്പിക്കുക ഒരു രക്താഭിവാദ്യം!

സുധാകരന് പത്തു നാൽപതു കൊല്ലം പ്രായം കുറഞ്ഞിരിക്കേ പ്രശസ്തനായ ഒരു യാത്രാ ലേഖകൻ അദ്ദേഹത്തെ കാണാൻ ഇടയായ സന്ദർഭം എന്റെ സുഹൃത്തായ പി. രവി കഴിഞ്ഞ ദിവസം ഓർത്തെടുത്തു. അതിൽ കേറി ഞാൻ മനസ്സിലാക്കി, ഗാർഡിയൻ എന്ന ലിബറൽ പത്രത്തിന്റെ മുഖ്യ ഫീച്ചർ ലേഖകനായിരുന്നു പിന്നീട് മുന്തിയ യാത്രാലേഖകനായ ജഫ്രി മൂർഹൗസ്. മൂർഹൗസിനെ കണ്ടയുടനെ സുധാകരൻ ചൊടിച്ചു: നിങ്ങൾ ഒരു മണിക്കൂർ വൈകിയിരിക്കുന്നു. ഇനി പത്തു മിനിറ്റേ സംസാരിക്കാൻ പറ്റൂ. സംസാരം പിന്നെയും നീണ്ടപ്പോൾ ഇരുവർക്കും തമ്മിൽതമ്മിൽ നേരിയൊരു ആദരം തോന്നി.  ഇടയ്ക്ക് പറയട്ടെ, ഇ.എം.എസിനോട് മൂർഹൗസിനു തോന്നാത്ത ആദരം. പിരിയുമ്പോൾ മൂർഹൗസ് കാലഗർഭത്തിലിരിക്കുന്ന കവിയോടു ഭംഗി വാക്ക് പറഞ്ഞു: ഇംഗ്ലണ്ടിൽ വരുമ്പോൾ എന്റെ അതിഥിയാകുക. പാർട്ടി സമ്മതിക്കുമോ എന്നായിരുന്നു സുധാകരന്റെ ശങ്ക. അര നൂറ്റാണ്ടിലേറെ നീണ്ട അനുഭവം അയവിറക്കുമ്പോഴും ആ ശങ്കയുടെ സീൽക്കാരം ഇരച്ചു വരുന്നു. പാർട്ടി എന്തു വിചാരിക്കും?

പാർട്ടി അദ്ദേഹത്തെ ഒതുക്കാൻ ഒരുമ്പെട്ടിരിക്കുന്നു എന്നു ധരിക്കാൻ സുധാകരൻ വേണ്ട. അമ്പലപ്പുഴയിലെ പാൽപയസമായിരുന്നില്ല അന്നത്തെ പാർട്ടി യോഗത്തിലെ നിവേദ്യം. സുധാകരൻ വീണ്ടും വരും, എതിരില്ലാതെ കൊടിക്കൂറ പാറും എന്നൊക്കെ ആളുകൾ, സുധാകരൻ ഉൾപ്പെട്ട ജനസമൂഹം, കരുതിയിരിക്കുമ്പോൾ പാർട്ടി സെക്രട്ടറി പറയുന്നു, സുധാകരനോടൊപ്പം ഒരാളുടെ പേർ കൂടി ഗണിക്കണം. അതിന്റെ ലളിതമായ പരാവർത്തനം സുധാകരൻ വേണ്ട എന്നായിരുന്നു. അതു മനസ്സിലാക്കാൻ സുധാകരന് അപ്പോഴായില്ല എന്നതാണ് രാഷ്ട്രീയത്തിലെ തമാശയും അത്ഭുതവും. തന്നെ വെട്ടാനുള്ള വാൾ താൻ തന്നെ ഊരിക്കൊടുക്കുകയായിരുന്നു, ഒരാളുടെ പേർ താൻ തന്നെ നിർദേശിക്കുമ്പോൾ എന്ന് സുധാകരൻ അറിഞ്ഞില്ലപോലും.  
എല്ലാ നേതാക്കളുടെയും മഹിമ അവരുടെ നേതൃത്വം നിലനിൽക്കുന്നേടത്തോളമേ ശോഭിക്കൂ എന്നതാണ് ക്രൂരമായ സത്യം. നേതാക്കൾ അവനവനെപ്പറ്റി എന്തു വിചാരിച്ചാലും അവർ പദവി വിടുകയാണെങ്കിൽ തിരിഞ്ഞുനോക്കാൻ ഇരുകാലികൾ അധികം കാണില്ല. മുമ്പത്തെ അനുയായികളെ പഴിച്ചിട്ടു കാര്യമില്ല. അവർക്കും ഒരു ജീവിതവും ഒരു വിപ്ലവവും നയിക്കേണ്ടേ? 

എം.വി. രാഘവന്റെ അനുഭവം തന്നെ ഉദ്ധരിക്കാം. ശൈലി കൊണ്ടോ പദവി കൊണ്ടോ ഉദ്ദേശ്യം കൊണ്ടോ രാഘവനോടു താരതമ്യപ്പെടുത്താവുന്ന സ്ഥിതിയിൽ എത്തിയിട്ടുള്ള ആളല്ല സുധാകരൻ. രാഘവൻ ചെയ്തതുപോലെ, അള മുട്ടിയാൽ ചേരയും കടിക്കും എന്ന മട്ടിൽ, പുതിയൊരു മാർക്‌സിസ്റ്റ് പാർട്ടിയുമായി ശകുനം മുടക്കാൻ സുധാകരൻ തയാറാവില്ല. അതിനൊരുമ്പെട്ടാൽ തുടക്കത്തിൽ പോലും കൂടെ കൂടാൻ വിലാസമുള്ള സഖാക്കൾ ഉണ്ടാവില്ല. അത്രക്കൊന്നും ആലോചിക്കണ്ട. പാർട്ടിയെ ധിക്കരിച്ചുകൊണ്ട് ഒന്നും ചെയ്യരുതെന്ന ഉപദേശം നടപടി മുന്നേറുമ്പോൾ തന്നെ അധികാരത്തിന്റെ സ്രോതസ്സായ പിണറായി വിജയൻ സുധാകരനെ വിളിച്ചു വരുത്തി നൽകുകയുണ്ടായി. പരസ്യ ശാസനയല്ലേ ഉണ്ടായുള്ളൂ? പറന്നുയരാൻ ഇനിയും മാനം എത്ര കിടക്കുന്നു!
ചില പാർട്ടികളെങ്കിലും വരുമാനമില്ലാത്തവരും പ്രായമായവരുമായ പ്രവർത്തകർക്ക് വേതനം പോലെയോ പെൻഷൻ പോലെയോ  ഒരു തുക എത്തിച്ചുകൊടുക്കുന്ന കാര്യം ആലോചിച്ചു വരുന്നു. നന്നായി വരട്ടെ.

വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ അനുഭവിക്കേണ്ടിവരുന്ന വേറൊരു വ്യഥ കൂടി ഓർക്കണം. ഇന്ത്യൻ സാഹചര്യത്തിലും സാമൂഹ്യ സാഹചര്യത്തിലും രാഷ്ട്രീയ സാഹചര്യത്തിലും ഒരുപോലെ, പ്രകടമാകുന്ന മൂല്യബോധമാണ് വീണ്ടും വീണ്ടും അധികാര സ്ഥാനത്തേക്ക് കയറണമെന്നും അനശ്വരതയിൽ വിളങ്ങണമെന്നുമുള്ള ആഗ്രഹം. 
കമ്മിറ്റികളിലും ഘോഷയാത്രകളിലും  ഒതുങ്ങുന്നതല്ല തന്റെ പ്രവർത്തനം എന്നതാണ് സുധാകരൻ ആകുന്നതിന്റെ പ്രാധാന്യം. കൈവിട്ടുപോയതോ കൈയെത്തിപ്പിടിക്കാൻ പറ്റാത്തതോ ആയ സ്ഥാനങ്ങളെപ്പറ്റി നൈരാശ്യത്തോടെ പിറുപിറുത്ത് കേൾവിക്കാരെ മുഷിപ്പിക്കുന്ന പ്രവണത പലരിലും കാണാം, രാഷ്ട്രീയത്തിൽനിന്ന് അടുത്തൂൺ വാങ്ങി ഇറങ്ങുമ്പോൾ.  ആത്മപ്രസക്തിക്കുള്ള വഴികളെപ്പറ്റിയാവും നിരന്തരമായ അന്വേഷണം. ആ ദുര്യോഗം സുധാകരനില്ല. രാപ്പകൽ അദ്ദേഹത്തിനു കവിതയുമായി സല്ലപിക്കാം. ഗ്രഹനില ഒത്തുവരികയാണെങ്കിൽ കമ്യൂണിസം എന്ന അനുഭവത്തെപ്പറ്റി ലേശം കന്മഷം ചേർത്ത് ഒരു ആഖ്യാനമോ ആഖ്യായികയോ ചമയ്ക്കുകയുമാവാം.  


 

Latest News