Sorry, you need to enable JavaScript to visit this website.

പ്ലീസ് ഇന്ത്യ ഇടപെടല്‍ തുണച്ചു: ആറു വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രവാസിക്ക് മോചനം

പ്ലീസ് ഇന്ത്യാ ചെയര്‍മാന്‍ ലത്തീഫ് തെച്ചിക്ക് സ്വദേശി അഭിഭാഷകന്‍ അബ്ദുല്ല മിസ്ഫര്‍ അല്‍ദോസരി സുബ്രഹ്മണ്യന്റെ ജയില്‍ മോചനരേഖകള്‍ കൈമാറുന്നു.

റിയാദ്- നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ റിയാദിലെ അല്‍ ഹായിര്‍ ജയിലില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരന് പ്ലീസ് ഇന്ത്യ പ്രവര്‍ത്തകരുടെ ഇടപെടലില്‍ മോചനം. തമിഴ്നാട്ടുകാരനായ സുബ്രഹ്മണ്യന്‍ ആണ് ദുരിതജീവിതത്തില്‍നിന്ന് മോചനം നേടിയത്.
കൊല്ലം സ്വദേശിയുടെ മോചനവുമായി ബന്ധപ്പെട്ട് ജയില്‍ സന്ദര്‍ശിച്ച പ്ലീസ് ഇന്ത്യ ഡിപ്ലോമാറ്റിക് ജനറല്‍ സെക്രട്ടറി അന്‍ഷാദ് കരുനാഗപ്പള്ളിയെ ജയിലില്‍നിന്ന് സുബ്രഹ്മണ്യന്‍ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഹൗസ് ഡ്രൈവറായി സൗദിയിലെത്തിയ സുബ്രഹ്മണ്യന്‍ താന്‍ ഓടിച്ചിരുന്ന കാര്‍ മോഷണം പോയതുമായി  ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. ചെയ്യാത്ത തെറ്റിന് ആറ് വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന സുബ്രഹ്മണ്യന് ഇനിയും ശിക്ഷ ബാക്കി നില്‍ക്കവേയാണ് അന്‍ഷാദ് കരുനാഗപ്പള്ളിയുടെ നിരന്തര ശ്രമഫലമായി മോചനം സാധ്യമായത്.
അബ്ദുല്ല മിസ്ഫര്‍ അല്‍ദോസരി എന്ന വക്കീലിന്റെ  സഹായത്തോടെ പരാതിക്കാരനായ സൗദി പൗരനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ വിജയിച്ചു. തുടര്‍ന്ന് പരാതി നല്‍കിയ സൗദി പൗരന്റെ സഹായത്തോടെ കോടതിയെ  സമീപിച്ചാണ് സുബ്രഹ്മണ്യന്റെ ജയില്‍ മോചനം നേടിയെടുത്തത്. കഴിഞ്ഞ ദിവസം റിയാദില്‍നിന്ന് ടിക്കറ്റ് നല്‍കി സുബ്രഹ്മണ്യനെ പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ നാട്ടിലേക്ക് യാത്രയാക്കി.
പ്ലീസ് ഇന്ത്യ ഗ്ലോബല്‍ നേതാക്കളായ അഡ്വ. ജോസ് അബ്രഹാം, നീതു ബെന്‍, അഡ്വ. റിജി ജോയ്, മൂസ മാസ്റ്റര്‍, വിജയശ്രീരാജ്, റബീഷ് കോക്കല്ലൂര്‍, സുധീഷ് അഞ്ചുതെങ്ങ്, സൂരജ് കൃഷ്ണ, ഷബീര്‍ മോന്‍ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളിലായി സഹായവുമായി കൂടെ ഉണ്ടായിരുന്നു.

 

 

 

 

Latest News