Sorry, you need to enable JavaScript to visit this website.

ചെറിയ മനുഷ്യരും ചെറിയ ലോകവും


ദുരൂഹമായ സാഹചര്യത്തിൽ ദത്തെടുത്ത കുഞ്ഞിനെ തിരിച്ചുകിട്ടാൻ കാത്തിരിക്കുന്ന അനുപമ അനുഭവിക്കുന്ന സന്താപം പങ്കിടുന്നവർ ഏറെയുണ്ടാകും. ആരോട്, എന്തിന്റെ പേരിൽ, അവർ കലഹിക്കുന്നു എന്നേ നോക്കാനുള്ളൂ. കുഞ്ഞിനെ കാത്തിരിക്കുന്ന അമ്മമാരെ പോലെ, അമ്മയെ കാണാതെ വളരുന്ന കുട്ടികളും എത്രയോ എത്രയോ. ദത്തെടുക്കപ്പെടാൻ പോലും ഭാഗ്യമില്ലാത്തവർ. 


വലിയ മനുഷ്യരും വലിയ വാർത്തയും പണ്ടായിരുന്നു. വലിയ മനുഷ്യരായാലേ വാർത്തക്ക് വലിപ്പം ഉണ്ടാവുകയുള്ളൂ. മന്ത്രി, നടൻ, സുന്ദരി, ലക്ഷപ്രഭു, ആചാര്യൻ  þ-അങ്ങനെ എന്തെങ്കിലും ആയാലേ അവരുടെ കോപ്രായങ്ങൾ അവരറിയാത്ത നാലു പേർക്ക് രസിക്കുകയുള്ളൂ. അല്ലെങ്കിൽ രസിക്കുമെന്ന് വാർത്ത വിൽക്കുന്നവരേ കരുതുകയുള്ളൂ.  പേരറിയാത്ത സാധാരണക്കാരനെ വൃത്താന്ത വർത്തകൻ ഗൗനിക്കില്ല. അതായിരുന്നു ഒരു കാലത്തെ സ്ഥിതി. മരണമായാലും  മാരണമായാലും വി.ഐ.പിയുമായി ബന്ധപ്പെടുത്തി വേണം വാർത്ത ചമയ്ക്കാൻ.

ആ ഭാവുകത്വം മനസ്സിരുത്തിയാകാം, ചില വിരുതന്മാർ വാർത്തയിൽ വരാത്ത ആളുകളെ അവതരിപ്പിച്ച് ആളാവാൻ നോക്കി. വാർത്തക്കു വിഷയമാകുന്നവരിലും വർഗ വൈരുധ്യം ഉണ്ടെന്നായിരുന്നു അവരുടെ പ്രത്യയശാസ്ത്രം. അവശന്മാർക്കും ആർത്തന്മാർക്കും ആലംബ ഹീനന്മാർക്കും ആശ്വാസമരുളാൻ പറ്റിയ പത്രികകൾ പടച്ചു വിറ്റാൽ കൊള്ളാമെന്നായി ആ വിഭാഗത്തിന്റെ വാദം. അച്ചടിക്കാൻ പോന്ന മുഖമില്ലാത്തവർക്കും പത്രത്തിൽ പ്രത്യക്ഷപ്പെടാൻ ചിലർ അവസരം നൽകി.  ഇപ്പോഴിതാ വാർത്താശാസ്ത്രം മാറുന്നു, പേരു കേൾക്കാത്ത ആളുകളെച്ചുറ്റിപ്പറ്റിയും വർത്തമാനം കൊഴുപ്പിക്കാമെന്നു വന്നിരിക്കുന്നു.

നോക്കൂ, അനുപമയുടെ കാര്യം. കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളിൽ വിളങ്ങിനിൽക്കുന്ന യുവതിയാണ് അനുപമ. താനറിയാതെ ആരോ ദത്തെടുത്തു കൊണ്ടുപോയ തന്റെ കുട്ടിയെ തിരിച്ചുകിട്ടാൻ വേണ്ടി ധർമസമരം നടത്തുന്ന വീരാംഗന. മാർക്‌സിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരുടെ ബന്ധുവാണെന്നേ അനുപമയുടെ പ്രമുഖ്യത്തെപ്പറ്റി പറയാനുള്ളൂ. പണ്ടത്തെ വാർത്താ ഗണിതത്തിൽ, അതു പോരാ പ്രമാണിയാകാൻ. ഇപ്പോൾ അനുപമ ഏർപ്പെട്ടിരിക്കുന്ന സമരമാകട്ടെ, വൃത്താന്ത പത്രത്തിനു രുചിക്കുകയോ യോജിക്കുകയോ ചെയ്യാത്ത, വ്യക്തികേന്ദ്രീകൃതമായ  വിഷയമാണുതാനും. 

ആ ഗണിതം മാറിയിരിക്കുന്നു. നാലു ദിവസം അടുപ്പിച്ച് വാർത്താ മുഹൂർത്തത്തിൽ നിറഞ്ഞുനിന്നു അനുപമ. അതുകൊണ്ടായില്ല, വലിയൊരു വിഭാഗം കാണികളുടെ ആനുകൂല്യം ആ യുവമാതാവിനു നേടിക്കൊടുക്കാൻ മാധ്യമങ്ങൾക്കു കഴിഞ്ഞു. അഭിമാനിക്കേണ്ടതാണ് ആ പ്രകടനം. സർക്കാരിനെയും വിപ്ലവ കക്ഷിയെയും വഴിക്കു വരുത്താനും വരുതിയിൽ നിർത്താനും രണ്ടാഴ്ചത്തെ വൃത്താന്ത യുദ്ധം കൊണ്ടു കഴിഞ്ഞുവെന്നത് നിസ്സാര കാര്യമല്ല. ഒരാളുടെ കാര്യമാണെങ്കിലും അതിലെ ന്യായവും നീതിയും ചൂണ്ടിക്കാട്ടി, അനങ്ങാപ്പാറ നയം പുലർത്തുന്ന സർക്കാരിനെയും പാർട്ടിയെയും സക്രിയമാക്കാൻ സാധിച്ച മാധ്യമ സമരം അനുമോദനം അർഹിക്കുന്നു. 

എന്തുകൊണ്ട് ഈ സമരത്തിൽ സി.പി.എം എന്ന വിപ്ലവ കക്ഷി ഒളിച്ചു കളി നടത്തുന്നു? ഒറ്റ നോട്ടത്തിൽ ശരിയെന്നു കാണാവുന്ന നിലപാടിനെതിരെ എന്തുകൊണ്ട് പാർട്ടി നിലകൊള്ളുന്നു? ഒരു ലോക്കൽ കമ്മിറ്റിയംഗത്തിന് ഗോപുരം വീഴ്ത്താൻ കെൽപുണ്ടോ? ഒരു കാലത്ത് തിരുവനന്തപുരം ജില്ലയിൽ സ്വാധീനമുണ്ടായിരുന്ന ഒരു സഖാവിന്റെ ഓർമയിൽ ഇത്രയൊക്കെ അങ്കവും കലിയും ഉണ്ടാവുമോ? പാർട്ടിയെയും സർക്കാരിനെയും വെട്ടിലാക്കുന്ന വാദവും പ്രതിവാദവുമായി നടക്കുന്നവർ ആരാണ്? ചർച്ച നീണ്ടുപോയിട്ടും അതൊന്നും തെളിഞ്ഞു കാണുന്നില്ല. ചർച്ച നീളുമ്പോൾ, അതിൽ പങ്കെടുക്കുന്നവർ തളരുമ്പോൾ, പത്തി ചുരുട്ടിക്കിടക്കുന്നവർ പഴയ പണി തുടരില്ലെന്നു സമാധാനിക്കുക.

ഇത്തരം സാമൂഹ്യ സന്ദർഭങ്ങളിൽ വിപ്ലവം പറയുന്ന കക്ഷി പലപ്പോഴും പതറുന്നതായി കാണാം. ഓർമ ചികഞ്ഞെടുക്കട്ടെ, വിഭാഗീയതയുടെ വേറൊരു ഘട്ടം. കോഴിക്കോട്ടെ പാർട്ടിയിൽ വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള ചേരിപ്പോര് മുറുകുന്നു. അതിനിടെ ഒരു വിഭാഗത്തിൽ പെട്ട സഖാവ് മറ്റൊരു വിഭാഗത്തിൽ പെട്ട സഖാവിന്റെ ഗർഭധാരണത്തിന് സംക്രമ പുരുഷനാകുന്നു. ചേരി മാറിയതുകൊണ്ട് സംക്രമ പുരുഷനെ ഉത്തരവാദിയായി പ്രഖ്യാപിക്കാനും ഗർഭിണിക്ക് ചെലവിനു കൊടുപ്പിക്കാനും സെക്രട്ടറിക്ക് കഴിയാതെ പോകുന്നു. പാർട്ടി സമ്മേളനത്തിന്റെ മുന്നോടിയായി തയാറാക്കിയ റിപ്പോർട്ടിൽ പേരു പറയാതെ ഉൾക്കൊള്ളിച്ചിരുന്നതാണ് ആ സംക്രമ കഥ.

നാലു പതിറ്റാണ്ടു മുമ്പത്തെ ഒരു വേണാട് വിശേഷം ഉരുക്കഴിക്കട്ടെ. ബീമാ പള്ളി പരിസരമാണ് രംഗവേദി. അവിടെ ഒറ്റക്കു താമസിക്കുന്ന ഒരു കുടുംബിനിയാണ് ഇര.  എന്തിന്റെയോ പേരിൽ, ആരൊക്കെയോ അവരെ ശല്യം ചെയ്തുകൊണ്ടിരുന്നു. വഴങ്ങുന്നതോ വിട്ടുകൊടുക്കുന്നതോ ആയിരുന്നില്ല അവരുടെ സ്വഭാവം. പക്ഷേ അവിടം അടക്കിവാഴുന്ന സമൂഹ-രാഷ്ട്രീയ നേതൃത്വം ആ സ്ത്രീയെ ഒതുക്കിയേ തിരൂ എന്നായി. അവർ കമ്മിറ്റി കൂടി സ്ത്രീയെ ഊരുവിലക്കിനു വിധിച്ചു.  അമ്പത്തൊന്ന് അടി കൊടുക്കാനും ശിക്ഷയായി.  ശിക്ഷാവിധി അവരെ എഴുതി അറിയിക്കുകയും ചെയ്തു.

അറിയിപ്പ് ചോദ്യം ചെയ്ത്, മനുഷ്യാവകാശ ലംഘനം ഉന്നയിച്ച്  ആ സ്ത്രീ പാർട്ടി ബന്ധുവായ ഒരു അഭിഭാഷകൻ വഴി കോടതി കേറാൻ നിശ്ചയിച്ചു. വ്യവഹാരം തുടങ്ങും മുമ്പേ വിഷയം മാധ്യമങ്ങളീൽ എത്തി. പത്രങ്ങൾ എന്നു പറഞ്ഞാൽ മതി. അന്നൊന്നും ന്യൂസ് അവർ പൊട്ടിവിടർന്നിരുന്നില്ല. വാർത്ത പടർന്ന് വടക്കേ ഇന്ത്യ വരെ എത്തി. നിയമം കൈയിലെടുത്ത് ഒരു കുടുംബിനിയെ ദ്രോഹിക്കുന്ന അയൽക്കൂട്ടത്തിനെതിരെ പത്രസമൂഹം ശബ്ദമുയർത്തി. അങ്ങനെ നടപടി പിൻവലിച്ചു.

രസകരമെന്നു പറയട്ടെ, അന്നും പ്രതിപക്ഷത്ത് അകപ്പെട്ടത് രണ്ടു സഖാക്കൾ ആയിരുന്നു. പത്രങ്ങളിൽ വിഷയം പൊരിയുമ്പോൾ അതിൽ ഇടപെടാൻ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന കാട്ടായിക്കോണം ശ്രീധരൻ നിർബന്ധിതനായി. സത്യസ്ഥിതി മനസ്സിലാക്കാൻ അദ്ദേഹം ശ്രമം തുടങ്ങിയതോടെ മുദ്രാവാക്യങ്ങളുടെ മൂർച്ച കുറഞ്ഞുവന്നു. ആരാണ് ആ സ്ത്രീക്കെതിരെ  പട നയിക്കുന്നതെന്നു പരിശോധിച്ചപ്പോൾ കാട്ടായിക്കോണം വെട്ടിലായി.  ഉടൻ നടപടി ഉണ്ടാവുമെന്ന് പ്രഖ്യാപനം വന്നെങ്കിലും മൗനമായിരുന്നു അജണ്ട. അവിടത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു ശിക്ഷ വിധിച്ച അയൽപക്കത്തിന്റെയും സെക്രട്ടറി. അദ്ദേഹത്തിനു കരുത്തേകാൻ കമ്മിറ്റിയംഗമായി ഒരു പോലീസുകാരനും ഉണ്ടായിരുന്നു. 
കോടതിയിൽ വിചാരണക്കു വരേണ്ട കാര്യം അയൽപക്കത്തിനു തീർപ്പു കൽപിക്കാൻ കഴിയുമോ എന്നതായിരുന്നു അന്ന് ഉയർന്നു വന്ന ഒരു ചോദ്യം. കർക്കശമായും യാന്ത്രികമായും പറഞ്ഞൊതുക്കാവുന്നതല്ല വിഷയം. വ്യവഹാരവും വിചാരണയും ഒന്നുമില്ലാതെ ഒരു വിവാദം ഒത്തുതീർപ്പാക്കാമെങ്കിൽ എന്തിനു കോടതി കേറണം എന്നൊരു മറു ചോദ്യവും ഉയർന്നു. എത്രയെത്ര കൊച്ചുകൊച്ചു വഴക്കുകൾ ദേവാലയങ്ങളുടെ അങ്കണങ്ങളിലോ അടുത്തുള്ള കാര്യാലയങ്ങളിലോ ചർച്ച ചെയ്ത് പരിഹരിക്കപ്പെടുന്നു! ശിക്ഷാനിയമവും ക്രിമിനൽ നടപടിക്രമവും ഉൾപ്പെടുത്തേണ്ട വഴക്കുകളല്ല, വ്യക്തിപരമായ വൈരാഗ്യം മൂലമുണ്ടാകുന്ന തർക്കങ്ങളും ശണ്ഠകളും.
ദുരൂഹമായ സാഹചര്യത്തിൽ ദത്തെടുത്ത കുഞ്ഞിനെ തിരിച്ചുകിട്ടാൻ കാത്തിരിക്കുന്ന അനുപമ അനുഭവിക്കുന്ന സന്താപം പങ്കിടുന്നവർ ഏറെയുണ്ടാകും. 
ദത്തെടുക്കകേരള സർവകലാശാലയുടെ ഒരരികിലായി അനാകർഷകമായ ഒരു കെട്ടിടത്തിൽ കഴിയുന്നത് അദ്ഭുതത്തിന്റെയും വേദനയുടെയും കണ്ണു തുറക്കുന്ന ശിശുക്കളും അവരെ പോറ്റുന്ന മദർ തെരേസയുടെ അനുയായികളുമാണ്. വരിവരിയായി നിരത്തിയിരിക്കുന്ന  തൊട്ടിലുകളിൽ രണ്ടു മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾ.  പ്രായം രണ്ടു മാസത്തിൽ കുറഞ്ഞവർ ദത്തെടുത്തു പോയിക്കാണും. പോലീസ് അന്വേഷണമോ കോടതി വിചാരണയോ നിരാഹാര സമരമോ ഇല്ലാതെ. 

Latest News