Sorry, you need to enable JavaScript to visit this website.

പൂത്തകൊല്ലി ഹർഷം പദ്ധതി: പീപ്പിൾസ് ഫൗണ്ടേഷൻ  10 വീടുകളുടെ താക്കോൽ കൈമാറി

മേപ്പാടി പൂത്തകൊല്ലിയിൽ ഹർഷം പദ്ധതിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ച വീടുകളുടെ താക്കോലുകൾ ചെയർമാൻ എം.കെ. മുഹമ്മദലി ജില്ലാ കലക്ടർ എ. ഗീതക്ക് കൈമാറുന്നു. 

കൽപറ്റ- 2019 ലെ മേപ്പാടി പച്ചക്കാട് ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്കായി വയനാട് ജില്ലാ ഭരണകൂടം മേപ്പാടി പൂത്തകൊല്ലിയിൽ നടപ്പിലാക്കുന്ന ഹർഷം പദ്ധതിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമാണം പൂർത്തിയാക്കിയ 10 വീടുകളുടെ താക്കോലുകൾ ചെയർമാൻ എം.കെ. മുഹമ്മദലി ജില്ലാ കലക്ടർ എ. ഗീതക്ക് കൈമാറി. ദുരന്തബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ പീപ്പിൾസ് ഫൗണ്ടേഷൻ അടക്കം സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം പ്രശംസാർഹമാണെന്ന് കലക്ടർ പറഞ്ഞു. ഗുണഭോക്തൃ കുടുംബങ്ങൾക്കു വീടുകൾ എത്രയും വേഗം കൈമാറുമെന്നു അറിയിച്ചു. 
കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ടി.പി. യൂനുസ്, സെക്രട്ടറി കെ. അബ്ദുൽ ജലീൽ, എ.ഡി.എം. എൻ. ഷാജു, ഫിനാൻസ് ഓഫീസർ കെ. ദിനേശൻ, നോഡൽ ഓഫീസർ അബ്ദുൽ റസാഖ്, വി.വി. മുഹമ്മദ് ശിഹാബ്, ടി. ഖാലിദ്, ടി.കെ. സുഹൈർ, സി.കെ. ഷമീം ബക്കർ എന്നിവർ പങ്കെടുത്തു. 


662 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് പൂത്തകൊല്ലിയിൽ ഫൗണ്ടേഷൻ നിർമിച്ച ഓരോ വീടും. ഒമ്പതു ലക്ഷം രൂപയാണ് വീടൊന്നിനു നിർമാണച്ചെലവ്. ഇതിൽ നാലു ലക്ഷം രൂപ സർക്കാരിന്റെയും ബാക്കി ഫൗണ്ടേഷന്റെയും വിഹിതമാണ്. മാതൃഭൂമി ചാരിറ്റബിൾ ട്രസ്റ്റ് വിലയ്ക്കു വാങ്ങി ജില്ലാ ഭരണകൂടത്തിനു നൽകിയ ഏഴ് ഏക്കർ ഭൂമിയിലാണ് ഹർഷം പദ്ധതി നടപ്പിലാക്കുന്നത്. പ്രഥമഘട്ടത്തിൽ 56 കുടുംബങ്ങളെയാണ് പൂത്തകൊല്ലിയിൽ പുനരധിവസിപ്പിക്കുന്നത്. പുത്തുമല ദുരന്തത്തിൽപ്പെട്ടതിൽ ആറു കുടുംബങ്ങൾക്കു ഫൗണ്ടേഷൻ അഞ്ചു സെന്റ് വീതം സ്ഥലവും വീടും നേരത്തേ നൽകിയിരുന്നു. 10 പ്രളയ ബാധിത കുടുംബങ്ങൾക്കു ഭവന നിർമാണത്തിനു 70 ലക്ഷം രൂപ സഹായധനവും നൽകി. 2018 ലെ പ്രളയ ബാധിത കുടുംബങ്ങൾക്കായി ഫൗണ്ടേഷൻ പീപ്പിൾസ് വില്ലേജുകളിലൂടെ ജില്ലയിൽ 50 വീടുകൾ നിർമിച്ചു കൈമാറിയിരുന്നു. 

 

Latest News