Sorry, you need to enable JavaScript to visit this website.

ഗാഡ്ഗിൽ പറഞ്ഞതും നമ്മൾ ചെയ്തതും

പ്രകൃതിദുരന്തങ്ങൾ രൂക്ഷമാക്കുന്നതിൽ നമ്മുടെ തെറ്റായ വികസന നയങ്ങൾക്ക് വലിയ പങ്കുണ്ട്. അവക്ക് കുറെ നിയന്ത്രണം കൊണ്ടുവന്നാൽ ദുരന്തങ്ങളുടെ തീവ്രത കുറക്കാനാകും. അതിനായി ഗാഡ്ഗിൽ റിപ്പോർട്ട് പൊടിതട്ടിയെടുക്കാനും കർഷകരെയോ സാധാരണക്കാരെയോ ബാധിക്കാത്ത നിർദേശങ്ങളെങ്കിലും നടപ്പാക്കിത്തുടങ്ങാനുമാണ് ഈ വൈകിയ വേളയിലെങ്കിലും കേരളം തയാറാകേണ്ടത്.

 

സമീപകാലത്ത് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന അവസരങ്ങളിലെല്ലാം ഉയർന്നു വരുന്ന പേരാണ് മാധവ് ഗാഡ്ഗിലിന്റേത്. അതോടെ മലയാളികൾ പൊതുവിൽ രണ്ടു ചേരിയായി മാറുന്ന കാഴ്ചയും കാണാം. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയാൽ ഒരു പ്രകൃതി ദുരന്തവും ഉണ്ടാകുകയില്ല എന്ന മട്ടിൽ ഒരു വിഭാഗവും ഗാഡ്ഗിൽ കർഷകരുടേയും മനുഷ്യരുടേയും ശത്രുവാണെന്ന മട്ടിൽ മറ്റൊരു വിഭാഗവും അണിനിരക്കും. റിപ്പോർട്ടിൽ ഉന്നയിക്കാത്ത വിഷയങ്ങൾ പറഞ്ഞായിരിക്കും പലപ്പോഴും പരസ്പരാരോപണങ്ങൾ മുന്നേറുക. ഇക്കുറിയും ഏറെക്കുറെ അങ്ങനെ തന്നെ. 

എല്ലാ പരിസ്ഥിതി പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനല്ല ഗാഡ്ഗിലിനോട് ആവശ്യപ്പെട്ടിരുന്നത് എന്ന് എല്ലാവരും മറന്നതായി തോന്നുന്നു.  പശ്ചിമഘട്ട നിരകളുടെ സംരക്ഷണത്തെ സംബന്ധിച്ച് പഠനം നടത്താനും അതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും വേണ്ടിയാണ് കേന്ദ്ര സർക്കാർ 2010 ൽ പ്രൊഫ. മാധവ് ഗാഡ്ഗിൽ ചെയർമാനായി കമ്മിറ്റിയെ നിയോഗിച്ചത്. കടലിനെ കുറിച്ച് പഠിക്കാനും പുഴകളെ കുറിച്ച് പഠിക്കാനുമൊക്കെ ഇത്തരം കമ്മീഷനുകളെ നിയമിച്ചിട്ടുണ്ട്. പശ്ചിമഘട്ടം വലിയൊരു നാശത്തെയാണ് നേരിടുന്നതെന്നു കണ്ടെത്തിയ കമ്മീഷൻ അതു തടയാനാവശ്യമായ കുറെ നിർദേശങ്ങൾ മുന്നോട്ടു വെക്കുകയായിരുന്നു. സാമാന്യ ബുദ്ധിയുള്ള ആർക്കും ഊഹിക്കാവുന്ന പോലെ നിർമാണ പ്രവർത്തനങ്ങളിൽ കുറെ നിയന്ത്രണങ്ങൾ വേണമെന്ന നിർദേശം റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഒരു സംസ്‌കാരമുള്ള സമൂഹത്തിന് അനുയോജ്യമായ രീതിയിൽ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനു പകരം അത് കർഷകർക്കു മുഴുവൻ എതിരാണെന്നു വാദിച്ച് അക്രമാസക്തമായ സമരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. അതിനായി വലിയൊരു മഴവിൽ സഖ്യം തന്നെ രൂപം കൊണ്ടു. സമാധാനത്തിന്റെ ദൂതരെന്നവകാശപ്പെടുന്ന പുരോഹിതരായിരുന്നു മുൻനിരയിൽ. കർഷകരെ രൂക്ഷമായി ബാധിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അവ മാറ്റിവെച്ച് മറ്റു നിർദ്ദേശങ്ങൾ നടപ്പാക്കുക എന്ന സമീപനം പോലുമുണ്ടായില്ല. ഉദാഹരണമായി അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളെങ്കിലും അടച്ചുപൂട്ടാമായിരുന്നു. അതു പോലുമുണ്ടായില്ല. കലാപങ്ങൾക്കു മുന്നിൽ സത്യത്തിൽ സർക്കാരും മുട്ടുകുത്തുകയായിരുന്നു. പിന്നീട് വന്ന സർക്കാരുകളും ആ വഴിക്കു പോയില്ല. സത്യത്തിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ ഏറ്റവും പ്രധാന ഭാഗം അടിസ്ഥാനതല രാഷ്ട്രീയമാണ്. കുറെ നിർദേശങ്ങൾ മുന്നോട്ടു വെച്ചെങ്കിലും പരിസ്ഥിതി ലോല പ്രദേശങ്ങളെ നിർണയിക്കാനും സംരക്ഷിക്കാനുള്ള  അധികാരം തദ്ദേശീയ ജനതക്ക് നൽകണമെന്നാണ് ഗാഡ്ഗിൽ കമ്മിറ്റി അടിവരയിട്ടു പറയുന്നത്. അതുപോലും അവഗണിക്കപ്പെടുകയായിരുന്നു.
 
ആഫ്രിക്കൻ നാടുകളും ആമസോൺ തീരവും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ജൈവവൈവിധ്യം നിലനിൽക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയുടെ ജൈവ വൈവിധ്യ ശേഖരത്തിന്റെ 27 ശതമാനവും വിസ്തൃതിയുടെ 5% മാത്രം വരുന്ന പശ്ചിമഘട്ട നിരകളിലാണ് കാണപ്പെടുന്നത്.  ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതിചെയ്യുന്നത്. കാർഷിക വിളകളേയും കാലാവസ്ഥയേയും സംരക്ഷിക്കുന്നതിനും സുസ്ഥിരമായി നിലനിർത്തുന്നതിനും പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണ്. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം നദികളുടേയും പ്രഭവ കേന്ദ്രവുമാണിത്. നിരവധി ആദിവാസി വിഭാഗങ്ങളുടെ ആവാസ വ്യവസ്ഥ. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഏവരുടേയും കടമയാണ്. ഇതിനുള്ള നിർദേശങ്ങളായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ആദിവാസികൾക്കായി പെസയും വനാവകാക നിയമവും സംരക്ഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്. 

ഭൂപ്രകൃതിയും ഭൂഘടനയും പരിഗണിച്ചുകൊണ്ടാണ് പശ്ചിമഘട്ട നിരകളെ മൂന്ന് മേഖലകളായി തിരിച്ച് സംരക്ഷിക്കാൻ ഗാഡ്ഗിൽ കമ്മിറ്റി നിർദേശം നൽകിയത്.  സോൺ ഒന്നിൽ മനുഷ്യർക്ക് ജീവിക്കാം. പക്ഷേ യാതൊരുവിധ വികസന പ്രവർത്തനങ്ങളും - അണക്കെട്ട്, ഖനികൾ, ആണവ നിലയങ്ങൾ, വലിയ ടൂറിസം പദ്ധതികൾ- അനുവദനീയമല്ല. അതായത് ഒരു നഗരവൽക്കരണം അവിടെ സാധ്യമല്ല. അവിടത്തെ വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കാൻ പാടില്ല എന്നതാണ് ശുപാർശ. സോൺ രണ്ടിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ 15 വർഷത്തേക്ക് തുടരാം. പക്ഷേ, അതിനു ശേഷം ഒരു സംരക്ഷണ നയത്തിലേക്ക് - അതായത് ഒരു സുസ്ഥിര വികസനത്തിലേക്ക് - എത്തണമെന്നാണ് നിർദേശം. സോൺ മൂന്നിൽ വികസനമാവാം. നഗരവൽക്കരണമാവാം. ഈ മേഖലകളുടെ വ്യാപ്തി, അതിർത്തി എന്നിവ നിർണയിക്കുന്നതിലും ജനാഭിപ്രായം പരിഗണിക്കണമെന്നും ഗാഡ്ഗിൽ കമ്മിറ്റി നിർദേശിക്കുന്നു. 

പരിസ്ഥിതി ലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളിൽ, ഖനനം, ക്വാറി പ്രവർത്തനം, താപവൈദ്യുത നിലയങ്ങൾ, 20,000 ചതുരക്ര മീറ്ററോ അതിലധികമോ വരുന്ന കെട്ടിടങ്ങളോ മറ്റു നിർമിതികളോ ഉണ്ടാക്കുന്നത് എന്നിവയാണ് നിരോധിച്ചിട്ടുണ്ട്. 50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗൺഷിപ്പും വികസന പദ്ധതികളും 'ചുവപ്പ്' വിഭാഗത്തിൽ പെടുന്ന വ്യവ സായങ്ങളും നിരോധിച്ചിട്ടുണ്ട്. അതേസമയം നേരത്തെ കേന്ദ്ര മന്ത്രാലയത്തിന്റെ പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തൽ സമിതിയുടെയോ സംസ്ഥാന പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തൽ വകുപ്പിന്റെയോ പരിഗണനയിലിരിക്കുന്ന കേസുകൾ ഇവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാസ്തവത്തിൽ കർഷകരെ കാര്യമായി ബാധിക്കുന്ന നിർദേശങ്ങൾ റിപ്പോർട്ടിൽ കാര്യമായി ഉണ്ടായിരുന്നില്ല. എന്നിട്ടും അക്കാര്യം പറഞ്ഞായിരുന്നു സമരങ്ങൾ ആളിക്കത്തിയത്. തുടർന്നാണ് വിഷയം വീണ്ടും പഠിക്കാൻ കസ്തൂരി രംഗൻ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ ഗാഡ്ഗിൽ ശുപാർശകളെ കുറിച്ച് പഠിക്കുക എന്നതിനേക്കാൾ എതിർപ്പുകാരെ പ്രീണിപ്പിക്കുന്നതിനുള്ള രേഖയായി മാറുകയായിരുന്നു കസ്തൂരി രംഗൻ റിപ്പോർട്ട്. 
ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ  മാത്രമല്ല, കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരേയും ശക്തമായ പോരാട്ടങ്ങളാണ് നടന്നത്. 2013 നവംബർ 14 ന് കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതായി കേന്ദ്രം പ്രഖ്യാപനമിറക്കിയതോടെയാണ് സമരം ആളിക്കത്തിയത്. ക്രിസ്ത്യൻ സഭകളും സിപിഎമ്മുമായിരുന്നു പ്രധാനം. ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്തിറങ്ങി. ഭരണത്തിലായിരുന്നതിനാൽ യുഡിഎഫ് ശക്തമായി രംഗത്തിറങ്ങിയില്ലെങ്കിലും നിലപാട് അതു തന്നെയായിരുന്നു. അക്രമസമരങ്ങൾക്കൊപ്പം സംസ്ഥാന ഹർത്താലും നടന്നു. ഈ പ്രതിഷേധങ്ങളെ തുടർന്ന് വിഷയം കൂടുതൽ പഠിക്കാൻ സർക്കാർ വി. ഉമ്മൻ കമ്മിറ്റിയെ നിയമിച്ചു. ആ കമ്മിറ്റി റിപ്പോർട്ടനുസരിച്ച് കസ്തൂരി രംഗൻ റിപ്പോർട്ടിലും വെള്ളം ചേർത്തു. 

എന്തായാലും ഈ സംഭവ വികാസങ്ങൾക്കു ശേഷം ഓരോ വർഷവും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുക തന്നെയാണ്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും അതിനുള്ള അടിസ്ഥാന കാരണമാണ്. എന്നാൽ ദുരന്തങ്ങളെ രൂക്ഷമാക്കുന്നതിൽ നമ്മുടെ തെറ്റായ വികസന നയങ്ങൾക്ക് വലിയ പങ്കുണ്ട്. അവക്ക് കുറെ നിയന്ത്രണം കൊണ്ടുവന്നാൽ ദുരന്തങ്ങളുടെ തീവ്രത കുറക്കാനാകും. അതിനായി ഗാഡ്ഗിൽ റിപ്പോർട്ട് പൊടി തട്ടിയെടുക്കാനും കർഷകരെയോ സാധാരണക്കാരെയോ ബാധിക്കാത്ത നിർദേശങ്ങളെങ്കിലും നടപ്പാക്കിത്തുടങ്ങാനുമാണ് ഈ വൈകിയ വേളയിലെങ്കിലും കേരളം തയാറാകേണ്ടത്. അല്ലെങ്കിൽ ഭാവിയിൽ അതിനുള്ള അവസരം ലഭിക്കില്ല.


 

Latest News