Sorry, you need to enable JavaScript to visit this website.

അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ മലപ്പുറത്തിന് നേട്ടം

മലപ്പുറം- കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ റാങ്കിന്റെ നേട്ടവുമായി മലപ്പുറം ജില്ല. ജില്ലക്കാരായ അഞ്ചു പേരാണ് ആദ്യ 20 റാങ്കുകളിലെത്തിയത്. രണ്ട്, 11, 17, 18, 20 റാങ്കുകളാണ് ജില്ലക്ക് ലഭിച്ചത്. പരീക്ഷയുടെ മൂന്നാം സ്ട്രീമിൽ പുളിക്കൽ ഒളവട്ടൂർ സ്വദേശി കെ. അജീഷ് രണ്ടാം റാങ്ക് കരസ്ഥമാക്കി. നിലവിൽ വയനാട് ഡെപ്യൂട്ടി കലക്ടറായി ജോലി ചെയ്ത് വരികയാണ്. 18 വർഷമായി സർക്കാർ സർവീസിൽ പ്രവേശിച്ചിട്ട്. പാലക്കാട് ജില്ലയിലാണ് ആദ്യമായി ഡെപ്യൂട്ടി കലക്ടറായി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ജോലി ചെയ്തതിന് ശേഷമാണ് വയനാട്ടിലെത്തിയത്. ഒളവട്ടൂർ കുന്നത്ത് വീട്ടിൽ പരേതനായ കുമാരൻ-വിജയലക്ഷ്മി ദമ്പതികളുടെ മകനാണ്. പിതാവ് തടത്തിൽപറമ്പ് എൽ.പി സ്‌കൂളിലെ പ്രധാനധ്യാപകനും മാതാവ് ഓമാനൂർ ഹയർ സെക്കന്ററി സ്‌കൂളിലെ പ്രിൻസപ്പലുമായിരുന്നു. മാതാപിതാക്കളുടെ പിന്തുണയാണ് സർക്കാർ സർവീസിലേക്ക് വഴി തുറന്നതെന്ന് അജീഷ് പറഞ്ഞു. ഭാര്യ: ടിന്റു. മകൻ: ദേവപ്രകാശ്.
ഗ്രാമവികസന വകുപ്പിൽ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണറായ നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി ഇ.ടി. രാജേഷിനാണ് 17-ാം റാങ്ക്. നിലവിൽ ശുചിത്വമിഷന്റെ ജില്ലാ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. ഭാസ്‌കരൻ നായരുടേയും പരേതയായ ഇന്ദിരയുടേയും മകനാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. കോവിഡ് അസിസ്റ്റന്റ് നോഡൽ ഓഫീസറായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. പൂാക്കോട്ടുംപാടം പറമ്പ ജി.എൽ.പി. സ്‌കൂളിലെ അധ്യാപിക ശ്രുതിയാണ് ഭാര്യ. സ്വര (യു.കെ.ജി), ലയ (നഴ്‌സറി) എന്നിവരാണ് മക്കൾ.
സ്ട്രീം മൂന്ന് പട്ടികയിൽ 11-ാം റാങ്ക് നേടിയ കൂട്ടിലങ്ങാടി പള്ളിപ്പുറം പട്ടിയിൽപറമ്പ് ഷറഫുദ്ദീൻ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ്. പുഴക്കാട്ടിരി, കുറുവ പഞ്ചായത്തുകളിലും ദീർഘകാലം സെക്രട്ടറിയായിരുന്നു. 18-ാം റാങ്ക് നേടിയത് കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി എ.എസ.് ബിജേഷാണ്. മലപ്പുറത്ത് ഓഡിറ്റ് വകുപ്പിൽ ജോലിചെയ്യുന്നു. നാലര വർഷമായി സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ബിജേഷ് നേരത്തെ യു.പി.എസ്.സി പരീക്ഷക്ക് നടത്തിയ പരിശീലനമാണ് നിലവിലെ വിജയത്തിന് സഹായകമായത്. മുസ്‌ലിയാരങ്ങാടി അരിമ്പ്ര റോഡിൽ അർച്ചന വീട്ടിൽ റിട്ട. അധ്യാപകരായ ശങ്കുണ്ണി നായർ-ഗീത ദമ്പതികളുടെ മകനാണ്. ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ധന്യയാണ് ഭാര്യ. ഗൗരി ഏകമകളാണ്. 20-ാം റാങ്ക് നേടിയത് മക്കരപറമ്പ് സ്വദേശി പെരുമ്പള്ളി അഷ്‌റഫാണ്. ഇപ്പോൾ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ്. പെരുമ്പള്ളി അലവിയുടെ മകനാണ്. മക്കരപറമ്പ് വനിതാ സഹകരണ സംഘം ജീവനക്കാരി സുഹറാബിയാണ് ഭാര്യ.

Latest News