Sorry, you need to enable JavaScript to visit this website.

എ.ആർ നഗർ ബാങ്കിൽനിന്ന് വായ്പയെടുത്തിട്ടുണ്ട്, ജലീലിന് മറുപടിയുമായി രണ്ടത്താണി

മലപ്പുറം- എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിൽനിന്ന് 50 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തിയതാണെന്നും മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. കെ.ടി ജലീലിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രണ്ടത്താണി. 
എ ആർ നഗർ സർവ്വീസ് സഹകരണ ബേങ്കിൽ നിന്ന് ഞാൻ 50 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്  എന്ന് കെ ടി ജലീൽ വലിയ അതിശയോക്തിയോടെ പറയുന്നത് കേൾക്കാനിടയായെന്നും ഇത് ഒരു പുതിയ വിവരമല്ലെന്നും രണ്ടത്താണി വ്യക്തമാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയപ്പോൾ ഈ കാര്യം വെളിപ്പെടുത്തിയതും പരസ്യപ്പെടുത്തിയതാണ്. 
മതിയായ ഈട് നൽകി ഞാൻ പല ഘട്ടങ്ങളിലും ലോൺ എടുത്തിട്ടുണ്ട്. തിരിച്ചടച്ചിട്ടുമുണ്ട്. അതിനു  ഒരു പൗരനെന്ന നിലയിൽ തകരാറുമില്ല. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വൈസ് പ്രസിഡണ്ട്,ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, രണ്ട് തവണ എം.എൽ.എ എന്ന നിലയിലൊക്കെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച എന്റെ പൊതു ജീവിതത്തിൽ അഴിമതിയുടെ ഒരു കറുത്ത പാടും വീണിട്ടില്ല.
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ അലങ്കരിച്ച എന്റെ നേതാവ് സി എച്ച് മുഹമ്മദ് കോയ മരണപ്പെടുന്ന ഘട്ടത്തിൽ ബേങ്ക് വായ്പക്കായി വീട് പണയപ്പെടുത്തിയിരുന്നു. അവരാണു എന്റെ രാഷ്ട്രീയ മാതൃക. എന്റെ പൊതു പ്രവർത്തനത്തിന്റെ ആകെ തുക കട ബാദ്ധ്യതയാണെന്നത് ഞാൻ അഭിമാനമായി കാണുന്നു. രാഷ്ട്രീയ വിദ്വേഷം മാന്യതയുടെ അതിർ വരമ്പുകൾ ലംഘിക്കുന്ന വിധമാകാതിരിക്കാൻ പൊതു പ്രവർത്തകർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
 

Latest News