Sorry, you need to enable JavaScript to visit this website.

ആദരിക്കാന്‍ പണച്ചെലവുള്ള പരിപാടി വേണ്ടെന്ന്  സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി

തിരുവനന്തപുരം- സിനിമാ ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ മമ്മൂട്ടിയെ ആദരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിച്ച് താരം. പണച്ചെലവുള്ള ഒരു ആദരവും തനിക്ക് വേണ്ടെന്നാണ് മമ്മൂട്ടി സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അറിയിച്ചത്. ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം അറിയിക്കാന്‍ വിളിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
സജി ചെറിയാന്‍ ഫോണിലൂടെ ബന്ധപ്പെട്ടാണ് മമ്മൂട്ടിയെ വിവരം അറിയിച്ചത്. എന്നാല്‍, സാമ്പത്തികച്ചെലവുള്ള ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയെങ്കില്‍ മമ്മൂട്ടിയുടെ സമയം നല്‍കണമെന്ന് സജി ചെറിയാന്‍ അഭ്യര്‍ത്ഥിച്ചു. ചെറിയ ചടങ്ങ് മതിയെന്ന് മമ്മൂട്ടി ആവര്‍ത്തിച്ചു. ചടങ്ങ് ചെറുതാണെങ്കിലും വലുതാണെങ്കിലും പണം വേണമെങ്കിലും വേണ്ടെങ്കിലും അത് തങ്ങള്‍ക്ക് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണ് എന്ന് സജി ചെറിയാന്‍ പ്രതികരിക്കുകയും ചെയ്തു.
സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനായി പ്രത്യേകപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, കെ,എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ ' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയില്‍ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്.
 

Latest News