Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽനിന്ന് ക്രൂയിസ് കപ്പലുകൾ  ഇന്നു മുതൽ സർവീസ് ആരംഭിക്കുന്നു

സൗദി ക്രൂയിസ് കമ്പനി സർവീസിന് ഉപയോഗിക്കുന്ന ക്രൂയിസ് കപ്പൽ ജിദ്ദ തുറമുഖത്തെത്തിയപ്പോൾ


ജിദ്ദ - വിനോദ സഞ്ചാരികൾക്കു വേണ്ടി സർവീസുകൾ നടത്തുന്ന ക്രൂയിസ് കപ്പലുകൾക്ക് ജിദ്ദ ഇസ്‌ലാമിക് തുറമുഖത്ത് പ്രത്യേക ടെർമിനൽ തുറന്നു. സൗദിയിൽ ക്രൂയിസ് കപ്പലുകൾക്കു വേണ്ടി തുറക്കുന്ന ആദ്യത്തെ ടെർമിനലാണിത്. ജിദ്ദയിൽനിന്ന് ക്രൂയിസ് കപ്പലുകൾ ഇന്നു മുതൽ സർവീസ് ആരംഭിക്കും. വിനോദ സഞ്ചാര രംഗത്ത് വിപ്ലവം തീർത്ത് സൗദി മുന്നേറുകയാണ്. 2025 ഓടെ അര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. സൗദി പോർട്‌സ് അതോറിറ്റിയും സൗദി ക്രൂയിസ് കമ്പനിയും ചേർന്നാണ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്. സർക്കാർ, സ്വകാര്യ മേഖലാ പങ്കാളികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസം മേഖലാ വിദഗ്ധരും സ്ഥാപന മേധാവികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആറു മാസം മുമ്പ് റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിനിടെയാണ് സൗദി ക്രൂയിസ് കമ്പനി സ്ഥാപനം പ്രഖ്യാപിച്ചത്.

 

പ്രാദേശിക, മേഖലാ ടൂറിസം കേന്ദ്രങ്ങളിലേക്ക് സൗദിയിൽ നിന്നുള്ള ആദ്യ ടൂറിസം കപ്പൽ സർവീസ് നടത്തുന്നതിനു രണ്ടു ദിവസം മുമ്പാണ് ജിദ്ദ തുറമുഖത്തെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനം. കൂറ്റൻ ക്രൂയിസ് കപ്പലായ 'പെലീസിമ' വിനോദ സഞ്ചാരികൾക്കു വേണ്ടി ഇന്നു മുതൽ ജിദ്ദ തുറമുഖത്തു നിന്ന് സർവീസുകൾ ആരംഭിക്കും. ഒക്‌ടോബർ മുപ്പതു വരെ കപ്പൽ സർവീസുകളുണ്ടാകും. മൂന്നു മുതൽ നാലു ദിവസം വരെ നീളുന്ന യാത്രകളിൽ ജോർദാനിലെ അഖബ, ഈജിപ്തിലെ സഫാഗ എന്നിവ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ടൂറിസ്റ്റുകൾക്ക് അവസരമുണ്ടാകും. ചെങ്കടലിൽ പവിഴപ്പുറ്റുകളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള ധാരണാപത്രം ടെർമിനൽ ഉദ്ഘാടന ചടങ്ങിനിടെ ഒപ്പുവെച്ചു.

 

ക്രൂയിസ് കപ്പലുകൾ പ്രവർത്തിപ്പിക്കുന്ന എം.എസ്.സി കമ്പനിയുമായി ചേർന്ന് സൗദി യുവതീയുവാക്കൾക്ക് ക്രൂയിസ് വ്യവസായത്തിന്റെ എല്ലാ മേഖലകളിലും പരിശീലനം നൽകാനുള്ള പദ്ധതിയും ചടങ്ങിനിടെ പ്രഖ്യാപിച്ചു. ആദ്യത്തെ ക്രൂയിസ് കപ്പൽ ടെർമിനലിന്റെ ഉദ്ഘാടനം ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് സൗദി ക്രൂയിസ് കമ്പനി എം.ഡി എൻജിനീയർ ഫവാസ് ഫാറൂഖി പറഞ്ഞു. ചെങ്കടൽ തീരത്തെ ടൂറിസം യാത്രകളുടെ ഉന്നമനത്തിനും വികസനത്തിനും രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ചക്കും ഇത് സഹായകമാകും. 2025 ഓടെ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ക്രൂയിസ് കപ്പലുകളുടെ എണ്ണം വർധിപ്പിക്കൽ, ജിദ്ദ തുറമുഖത്തിനു പുറമെ ക്രൂയിസ് കപ്പൽ സർവീസുകൾക്ക് കൂടുതൽ തുറമുഖങ്ങൾ ഉദ്ഘാടനം ചെയ്യൽ, 2028 ഓടെ ക്രൂയിസ് കപ്പലുകളിൽ പ്രതിവർഷം യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികളുടെ എണ്ണം 15 ലക്ഷമായി ഉയർത്തൽ എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തങ്ങൾ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും എൻജിനീയർ ഫവാസ് ഫാറൂഖി പറഞ്ഞു.

 

ചെങ്കടൽ തീരത്തെ തന്ത്രപ്രധാന സ്ഥാനം, ജിദ്ദയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സാമീപ്യം അടക്കമുള്ള കാരണങ്ങളാലാണ് ക്രൂയിസ് കപ്പൽ സർവീസുകൾക്കുള്ള ആദ്യ കവാടമെന്നോണം ജിദ്ദ തുറമുഖത്തെ തെരഞ്ഞെടുത്തതെന്ന് സൗദി പോർട്‌സ് അതോറിറ്റി പ്രസിഡന്റ് ഉമർ ഹരീരി പറഞ്ഞു. ക്രൂയിസ് കപ്പൽ സർവീസിന് ജിദ്ദ തുറമുഖത്ത് പശ്ചാത്തല സൗകര്യങ്ങളും ലോജിസ്റ്റിക്, മറൈൻ സേവനങ്ങളും പങ്കാളികളുമായി സഹകരിച്ച് പോർട്‌സ് അതോറിറ്റി വികസിപ്പിച്ചിട്ടുണ്ട്. ക്രൂയിസ് യാത്രക്കാർക്കുള്ള പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഒരേസമയം 2500 ലേറെ പേരെ സ്വീകരിക്കാൻ ടെർമിനൽ വിശാലമാണ്. ടൂറിസം മേഖലക്ക് പിന്തുണ നൽകുന്നതിന് ജിദ്ദ തുറമുഖത്ത് പുതിയ വാർഫുകൾ നീക്കിവെച്ചിട്ടുണ്ടെന്നും സൗദി പോർട്‌സ് അതോറിറ്റി പ്രസിഡന്റ് ഉമർ ഹരീരി പറഞ്ഞു. 
 

Latest News