Sorry, you need to enable JavaScript to visit this website.

ലോകത്തിലെ ഏറ്റവും വിലകൂടിയ ബര്‍ഗര്‍, ഒരു പീസിന് 4.5 ലക്ഷം രൂപ

കോപ്പന്‍ഹേഗന്‍- ലോകത്തിലെ ഏറ്റവും വിലകൂടിയ ബര്‍ഗറിന് വെറും 4.5 ലക്ഷം രൂപ. ഡച്ച് ഷെഫ് ആയ റോബര്‍ട്ട് ജാന്‍ ഡി വീന്‍ ആണ് ലോകത്തിലെ ഏറ്റവും വിലയേറിയ ബര്‍ഗര്‍ അടുത്തിടെ തയ്യാറാക്കിയത്. ഡി ഡാല്‍ട്ടണ്‍സ് ഡൈനര്‍ എന്ന ഭക്ഷണശാല നടത്തുന്ന റോബര്‍ട്ട് ലോകത്തിലെ ഏറ്റവും വിലയുള്ള ബര്‍ഗറിന് ഒരു പേരും നല്‍കിയിട്ടുണ്ട്, ദി ഗോള്‍ഡന്‍ ബോയ്. ഒരൊറ്റ കഷണത്തിന് 5,000 ഡോളര്‍, ഏകദേശം 4,41,305 രൂപയാണ് വില. ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷണ വിഭവങ്ങളാണ് ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷിക്കാവുന്ന സ്വര്‍ണ്ണം കൊണ്ടുള്ള ഇലകള്‍, കുങ്കുമം, വാഗ്യു ബീഫ്, കാവിയാര്‍ എന്നിങ്ങനെയുള്ള ചേരുവകളാണ് ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗറിന്റെ വില ഇത്രയും കൂട്ടുന്നത്. റോബര്‍ട്ട് ജാന്‍ ഡി വീന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗറിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഒരു ലോക റെക്കോര്‍ഡ് തകര്‍ക്കുന്നത് എന്റെ ഒരു ബാല്യകാല സ്വപ്നമായിരുന്നു. അത് നേടിയത് അതിശയകരമായി തോന്നുന്നു,' റോബര്‍ട്ട് ജിയോ ന്യൂസിനോട് പറഞ്ഞു.
ബെലുഗ മീനിന്റെ മുട്ട കൊണ്ടുള്ള കാവിയാര്‍, കിംഗ് ക്രാബ് (വിലകൂടിയ ഞണ്ട്), സ്പാനിഷ് പാലറ്റ ഐബറിക്കോ, വൈറ്റ് ട്രഫിള്‍, ഇംഗ്ലീഷ് ചെഡ്ഡാര്‍ ചീസ് എന്നിവ ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗറിലെ ചേരുവകളാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളില്‍ ഒന്നായ കോപി ലുവാക്ക് ഉപയോഗിച്ച് നിര്‍മ്മിച്ച ബാര്‍ബിക്യൂ സോസിന്റെ ഒപ്പമാണ് ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗര്‍ വിളമ്പുക. ഡോം പെരിഗ്‌നണ്‍ ഷാംപെയ്ന്‍ ഒഴിച്ച് തയ്യാറാക്കിയ ബണ്‍ ആണ് ദി ഗോള്‍ഡന്‍ ബോയില്‍ ഉപയോഗിക്കുന്നത്. ജൂണ്‍ 28 ന് നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള ബിസിനസ് കമ്പനിയായ റെമിയ ഇന്റര്‍നാഷണല്‍ ആണ് ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗര്‍ വാങ്ങിയത്. റോയല്‍ ഡച്ച് ഫുഡ് ആന്‍ഡ് ബിവറേജ് അസോസിയേഷന്‍ ചെയര്‍മാന്‍ റോബര്‍ വില്ലെംസ് ഇത് കഴിക്കുകയും ചെയ്തു. ദി ഗോള്‍ഡന്‍ ബോയ് ബര്‍ഗര്‍ വിറ്റു കിട്ടിയ പണം നെതര്‍ലാന്‍ഡ്‌സില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണ പാക്കേജുകള്‍ വിതരണം ചെയ്യുന്ന സംഘടനയ്ക്ക് റോബര്‍ട്ട് സംഭാവന ചെയ്തു.
അമേരിക്കയിലെ ഒറിഗോണിലെ ഒരു ഭക്ഷണശാല ഇതിനുമുമ്പ് 2011ല്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ ബര്‍ഗര്‍ തയ്യാറാക്കിയിരുന്നു. 5,000 ഡോളര്‍ (ഏകദേശം 3.72 ലക്ഷം) വിലവരുന്ന ഈ ബര്‍ഗര്‍ ചേരുവകളുടെ പ്രത്യേകത കൊണ്ടല്ല വലിപ്പം കൊണ്ടാണ് ശ്രദ്ധ നേടിയത്. 352.44 കിലോഗ്രാം ആയിരുന്നു ഭാരം.

Latest News