Sorry, you need to enable JavaScript to visit this website.

ആണവോർജ ഏജൻസിയുമായി ഇറാൻ സഹകരിക്കണം -സൗദി അറേബ്യ

റിയാദ് - അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി ഇറാൻ പൂർണ തോതിൽ സഹകരിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഓസ്ട്രിയയിലെ സൗദി അംബാസഡറും വിയന്നയിൽ അന്താരാഷ്ട്ര സംഘടനകളിലെ സൗദി സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയിലെ സൗദി ഗവർണറുമായ അബ്ദുല്ല ബിൻ ഖാലിദ് രാജകുമാരനാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി ഗവർണർമാരുടെ യോഗത്തിൽ ഈയാവശ്യമുന്നയിച്ചത്. ആണവ നിർവ്യാപന കരാർ പ്രകാരമുള്ള ഗാരണ്ടികൾ ഇറാൻ ലംഘിക്കുന്നതിന്റെ പരമ്പര അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറലിന്റെ റിപ്പോർട്ടുകൾ അനാവരണം ചെയ്യുന്നു. 
ഇറാനിലെ നാലു കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസി ഉന്നയിച്ച ആവശ്യങ്ങളുമായി പ്രതികരിക്കുന്നതിൽ ഇറാന്റെ ഭാഗത്ത് സുതാര്യതയില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ കേന്ദ്രങ്ങളിൽ രണ്ടു വർഷമായി അപ്രഖ്യാപിത ആണവ പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തൃപ്തികരമല്ലാത്തതും സാങ്കേതികമായി വിശ്വസനീയമല്ലാത്തതതുമായ മറുപടികൾ നൽകുന്നത് ഇറാൻ തുടരുകയാണ്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കുന്നതിൽ ഇറാന്റെ നിരുത്തരവാദിത്തം ഇത് പ്രതിഫലിപ്പിക്കുന്നതായും അബ്ദുല്ല ബിൻ ഖാലിദ് രാജകുമാരൻ പറഞ്ഞു. 

Latest News