Wednesday , January   29, 2020
Wednesday , January   29, 2020

മർകസ് നാൽപതാം വാർഷിക സമ്മേളനം വ്യാഴാഴ്ച; കാരന്തൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി 

കോഴിക്കോട് - മർകസ് സമ്മേളനത്തിന് അന്തിമ രൂപമായി. ഒരു വർഷം നീണ്ടുനിന്ന  റൂബി ജൂബിലിക്ക് സമാപനം കുറിച്ച് 4, 5, 6, 7 തീയതികളിൽ കോഴിക്കോട് കാരന്തൂർ മർകസ് നഗറിൽ നടക്കുന്ന നാൽപതാം വാർഷിക സമ്മേളനത്തിന് വ്യാഴാഴ്ച തിരശ്ശീല ഉയരുമെന്ന് ഭാരവാഹികൾ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. 
'പര്യവേക്ഷണം വൈജ്ഞാനിക മികവിന്' എന്ന പ്രമേയത്തിൽ ഒരു വർഷമായി നടന്നു വരുന്ന ആഘോഷ പരിപാടികൾ നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തോടെ സമാപിക്കും. 
ജനുവരി ഏഴ് വൈകുന്നേരം നാല് മണിക്ക് തുടങ്ങുന്ന സമാപന സമ്മേളനം യു.എ.ഇ ഗവൺമെന്റ് ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാഷിമി ഉദ്ഘാടനം ചെയ്യും. മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. ടുണീഷ്യയിലെ സൈത്തൂന യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ഹിഷാം അബ്ദുൽ കരീം ഖരീസ സനദ് ദാനം നിർവഹിക്കും. 
സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് (ചൊവ്വ) നടക്കുന്ന ദേശീയോദ്ഗ്രഥന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമ വകുപ്പ് മന്ത്രി എ.കെ. ബാലൻ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് അവാർഡ് ദാനം നിർവഹിക്കും. 
സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി നാലിന് വ്യാഴാഴ്ച ഉച്ചക്ക് 2.30ന്  ഡോ. യുസ്‌രി മുഹമ്മദ് മലേഷ്യ നിർവഹിക്കും. പത്മശ്രീ എം.എ. യൂസുഫലി മുഖ്യാഥിതിയാവും. ആറരക്ക് നടക്കുന്ന ആത്മീയ സമ്മേളനം ഹബീബലി സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രണ്ടര മണിക്ക് പ്രവാസി സമ്മിറ്റിൽ പി.വി.അൻവർ എം.എൽ.എ, വി.അബ്ദുറഹ്മാൻ എം.എൽ.എ മുഖ്യാതിഥികളാകും. മൂന്നു മണിക്ക് സാംസ്‌കാരിക സമ്മേളനം ഡോ. എം.ജി.എസ്.നാരായണൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കമാൽ പാഷ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോടിയേരി ബാലകൃഷ്ണൻ, എം.പി.വീരേന്ദ്രകുമാർ, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി മുഖ്യാതിഥികളാകും. ആറര മണിക്ക് ആദർശ സമ്മേളനം പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും. എഴര മണിക്ക് നാഷനൽ മീറ്റ് നടക്കും. 
ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മനുഷ്യാവകാശ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.തുറമുഖ വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ മുഖ്യാഥിതിയാകും. രണ്ടു മണിക്ക് വിദ്യാഭ്യാസ സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. നാലു മണിക്ക് സൗഹാർദ സമ്മേളനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ആറര മണിക്ക് ശൈഖ് സായിദ് ഇന്റർനാഷണൽ പീസ് കോൺഫറൻസ് അൽ ഇത്തിഹാദ് ചീഫ് എഡിറ്റർ മുഹമ്മദ് അൽ ഹമ്മാദി ഉദ്ഘാടനം ചെയ്യും. തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷണൻ, സുപ്രീം കോടതി ജസ്റ്റിസ് ആർ.കെ. അകർവാൾ, രാഷ്ട്രപതി ഭവൻ സെക്രട്ടറി മുഹമ്മദ് ഖാലിദ് ഖാസി, ഡോ. അതുൽ ശർമ്മ തുടങ്ങിയവർ സംബന്ധിക്കും. 
ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ലൈഫ് സ്റ്റൈൽ കോൺഫറൻസ് ഡോ. വി.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പത്മശ്രീ ഡോ.രവി പിള്ള തുടങ്ങിയവർ പങ്കെടുക്കും. 11 മണിക്ക് ഉലമാ സമ്മേളനം എ.പി.മുഹമ്മദ് മുസ്‌ലിയാർ കാന്തപുരവും മഹല്ല് കോൺഫറൻസ് ഡോ. എ.ബി.മൊയ്തീൻ കുട്ടിയും ഉദ്ഘാടനം ചെയ്യും.
1978 ൽ കോഴിക്കോട് കാരന്തൂരിൽ ആരംഭിച്ച മർകസ് കഴിഞ്ഞ നാൽപത് വർഷം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായി വളർന്നതായി  മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, സി.ഇ.ഒ ഡോ അബ്ദുസ്സലാം മുഹമ്മദ്, ജി. അബൂബക്കർ, അഡ്വ. സമദ് പുലിക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, എയ്ഡഡ്അൺ എയ്ഡഡ് സ്‌കൂളുകൾ, ഇസ്ലാമിക ശരീഅത്ത് പഠന കേന്ദ്രങ്ങൾ, ഖുർആൻ പഠന സ്ഥാപനങ്ങൾ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്‌പെഷൽ സ്‌കൂളുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, വനിത കോളേജുകൾ, അനാഥ സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. മർകസ് പ്രധാന കാമ്പസിൽ മാത്രം മുപ്പത് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. മർകസിന്റെ ഏറ്റവും പുതിയ സംരംഭമായ നോളജ് സിറ്റി അറിവിൽ അധിഷ്ഠിതമായ നാഗരികതയെ രൂപപ്പെടുത്തുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് നാൽപത് കിലോമീറ്റർ അകലെ കൈതപ്പൊയിലിൽ 125 ഏക്കറിൽ ഉയർന്നുവരുന്ന നോളജ് സിറ്റിയിൽ ഉന്നത നിലവാരമുള്ള ലോ കോളജ്, യൂനാനി മെഡിക്കൽ കോളേജ് എന്നിവ നടന്നുവരുന്നു. കൾച്ചറൽ സെന്റർ, ഇന്റർനാഷണൽ എഡ്യൂക്കേഷൻ സെന്റർ , ഇന്റർനാഷണൽ സ്‌കൂൾ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
വിദ്യാഭ്യാസത്തോടൊപ്പം ജീവകാരുണ്യ സേവങ്ങളിലും കർമനിരതമാണ് മർകസ് പ്രവർത്തനങ്ങൾ. ഉത്തരേന്ത്യയിലെ 7218 ഗ്രാമങ്ങളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്ന മർകസ് സ്വീറ്റ് വാട്ടർ പ്രോജക്ട്, അയ്യായിരം അനാഥകൾക്ക് വീട്ടിലിരുന്നു പഠിക്കാൻ സൗകര്യമൊരുക്കുന്ന മർകസ് കെയർ, പ്രകൃതി ദുരന്ത മേഖലകളിൽ അവശ്യ സാധനങ്ങൾ എത്തിക്കൽ, തീരദേശ മേഖലയിലെ ജനങ്ങളുടെ ഭക്ഷണം, താമസം സുരക്ഷ എന്നിവ ലക്ഷ്യമാക്കിക്കൊണ്ടുള്ള സാന്ത്വനം പദ്ധതികൾ, വീട് നിർമ്മാണം തുടങ്ങിയവയും നടത്തുന്നുണ്ടെന്ന് ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 

Latest News