Sorry, you need to enable JavaScript to visit this website.

ആഭ്യന്തരോൽപാദനം:  വ്യാപാര മേഖലയുടെ സംഭാവനയിൽ 4.75 ശതമാനം കുറവ് 

റിയാദ് - കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചില്ലറ, മൊത്ത വ്യാപാര മേഖലയുടെ സംഭാവനയിൽ 4.75 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചില്ലറ, മൊത്ത വ്യാപാര മേഖല കഴിഞ്ഞ കൊല്ലം 234.4 ബില്യൺ റിയാലാണ് സംഭാവന ചെയ്തത്. 2019 ൽ ഇത് 246.1 ബില്യൺ റിയാലായിരുന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചില്ലറ, മൊത്ത വ്യാപാര മേഖലയുടെ സംഭാവനയിൽ കഴിഞ്ഞ വർഷം 11.7 ബില്യൺ റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 


കൊറോണ മഹാമാരിയുടെ ഫലമായ ലോക്ഡൗൺ ആണ് ചില്ലറ, മൊത്ത വ്യാപാര മേഖലയെ ബാധിച്ചത്. കഴിഞ്ഞ വർഷം രണ്ടും മൂന്നും പാദങ്ങളിലാണ് ചില്ലറ, മൊത്തം വ്യാപാര മേഖല ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 2020 ആദ്യ പാദത്തിൽ ചില്ലറ, മൊത്ത വ്യാപാര മേഖല ഏഴു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ വളർച്ച കൈവരിച്ചു. എന്നാൽ രണ്ടാം പാദത്തിൽ 18.3 ശതമാനവും മൂന്നാം പാദത്തിൽ 5.2 ശതമാനവും ശോഷണം നേരിട്ടു. നാലാം പാദത്തിൽ ശോഷണം 1.2 ശതമാനമായി കുറഞ്ഞു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചില്ലറ, മൊത്ത വ്യാപാര മേഖലയുടെ സംഭാവന കഴിഞ്ഞ വർഷവും 9.3 ശതമാനമായി തുടർന്നു. 


മൊത്തം പെട്രോളിതര ആഭ്യന്തരോൽപാദനത്തിൽ ചില്ലറ, മൊത്ത വ്യാപാര മേഖലയുടെ പങ്ക് കഴിഞ്ഞ വർഷം 15.7 ശതമാനമായിരുന്നു. 2019 ൽ ഇത് 16 ശതമാനമായിരുന്നു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ചില്ലറ, മൊത്ത വ്യാപാര മേഖലയിൽ 18.9 ലക്ഷം തൊഴിലാളികളുണ്ട്. ഈ മേഖലയിൽ സൗദിവൽക്കരണം 23.2 ശതമാനമാണ്. ഈ മേഖലയിൽ 4,39,200 ഓളം സൗദികൾ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തിൽ 1,73,800 ഓളം പേർ വനിതകളാണ്. 


കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനം 2.53 ട്രില്യൺ റിയാലായി കുറഞ്ഞു. 2019 ൽ ഇത് 2.64 ട്രില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം സൗദി സമ്പദ്‌വ്യവസ്ഥ 4.1 ശതമാനം ശോഷണം നേരിട്ടു. എണ്ണ മേഖല 6.7 ശതമാനം ശോഷണം നേരിട്ടതാണ് മൊത്തം ആഭ്യന്തരോൽപാദനത്തെ പൊതുവിൽ പ്രതികൂലമായി ബാധിച്ചത്. എണ്ണയും ഗ്യാസും അടങ്ങിയ ഖനന മേഖല ഒഴിച്ചു നിർത്തിയാൽ സൗദിയിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഏറ്റവും വലിയ സംഭാവന നൽകുന്നത് സർക്കാർ സേവന മേഖലയാണ്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഈ മേഖലയുടെ സംഭാവന 14.7 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള വ്യവസായ മേഖല 11 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ധന, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് മേഖല 10.8 ശതമാനവും മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് സംഭാവന ചെയ്യുന്നു. നാലാം സ്ഥാനത്ത് ചില്ലറ, മൊത്ത വ്യാപാര മേഖലയാണ്. 


 

Latest News