Sorry, you need to enable JavaScript to visit this website.

സൗദിയിൽ ചൈനീസ് ഓൺലൈൻ സ്റ്റോർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

റിയാദ് - ചൈനീസ് ഓൺലൈൻ സ്റ്റോറിനെതിരെ വാണിജ്യ മന്ത്രാലയം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. നേരത്തെ ഈ സ്റ്റോറിന്റെ വെബ്‌സൈറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ മറ്റേതാനും വെബ്‌സൈറ്റുകളും ലിങ്കുകളും വഴി ഈ ഓൺലൈൻ സ്റ്റോർ സൗദിയിൽ ഉപയോക്താക്കളെ കബളിപ്പിക്കുന്നത് തുടരുന്നതായി വാണിജ്യ മന്ത്രാലയം നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തി. തുടർന്ന് ഈ സൈറ്റുകളും ലിങ്കുകളുമെല്ലാം മന്ത്രാലയം ബ്ലോക്ക് ചെയ്തു. 
വ്യത്യസ്ത പേരുകളിലുള്ള 184 ഓൺലൈൻ സ്റ്റോറുകളുടെ ലിങ്കുകളും മന്ത്രാലയം കണ്ടെത്തി. സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് സൗദിയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വിശ്വാസയോഗ്യമല്ലാത്ത വിദേശ ഓൺലൈൻ സ്റ്റോറുകൾ പരസ്യം ചെയ്യുന്നത്. ഗുണമേന്മ കുറഞ്ഞ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന ഈ സ്ഥാപനങ്ങൾ വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുന്നു. ഉൽപന്നങ്ങൾ മടക്കി നൽകാനോ മാറ്റിയെടുക്കാനോ സ്ഥാപനങ്ങൾ അവസരവും നൽകുന്നില്ല. കൂടാതെ വിൽപനാനന്തര സേവനവും നൽകുന്നില്ല. 
വ്യാജ ഫോട്ടോകൾ പരസ്യപ്പെടുത്തിയാണ് ഉൽപന്നങ്ങളുടെ ഗുണമേന്മയെ കുറിച്ച് ഉപയോക്താക്കളെ ഈ സ്ഥാപനങ്ങൾ കബളിപ്പിക്കുന്നത്. ബന്ധപ്പെട്ട വകുപപ്പുകളമായി സഹകരിച്ച് ഇത്തരം സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളും ലിങ്കുകളുമെല്ലാം ബ്ലോക്ക് ചെയ്തതായി വാണിജ്യ മന്ത്രാലയം പറഞ്ഞു. 
സ്ഥാപനത്തെ കുറിച്ച വിവരങ്ങൾ, വിലാസം, ഫോൺ നമ്പറുകൾ എന്നിവ ഇല്ലാതിരിക്കൽ, ഇ-മെയിൽ വഴി മാത്രം ഉപയോക്താക്കളുമായി ആശയവിനിമയത്തിന് സൗകര്യം ഒരുക്കൽ, സാമൂഹികമാധ്യമങ്ങൾ വഴി ശക്തമായ പരസ്യം ചെയ്യൽ, അറബി ഭാഷയും സൗദി റിയാലും ഉപയോഗിക്കൽ, പ്രശസ്തമായ ഓൺലൈൻ സ്റ്റോറുകൾക്ക് സദൃശമായി സൈറ്റുകൾ രൂപകൽപന ചെയ്യൽ, സൈറ്റിൽ പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങളും യഥാർഥ ഉൽപന്നങ്ങളും വ്യത്യസ്തമായിരിക്കൽ, മറ്റു ആഗോള ഓൺലൈൻ സ്റ്റോറുകളിൽ വിൽപനക്കുള്ള അതേ ഉൽപന്നങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ വിൽപനക്ക് പ്രദർശിപ്പിക്കൽ, ഉൽപന്നങ്ങളുടെ വ്യാജ റിവ്യൂ, വ്യാജ ഓഫറുകൾ, ഓൺഡെലിവറി പെയ്‌മെന്റ് സംവിധാനം എന്നിവയല്ലാം ബ്ലോക്ക് ചെയ്ത ഓൺലൈൻ സ്റ്റോറുകളുടെ പൊതുഅടയാളങ്ങളാണെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു. 
 

Latest News