Sorry, you need to enable JavaScript to visit this website.

Video - ഫിറോസിക്ക വന്നു, കൈ നിറയെ മിഠായി സമ്മാനിച്ചു

തവനൂർ- തവനൂർ നിയമസഭ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന ഫിറോസ് കുന്നുംപറമ്പിൽ തന്റെ ആരാധികയായ കൊച്ചു പെൺകുട്ടിയെ കാണാനെത്തി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിർ സ്ഥാനാർത്ഥി കെ.ടി ജലീലിന്റെ ഒക്കത്തിരുന്ന് ഫിറോസിക്ക വരില്ലേയെന്ന് ചോദിച്ച പെൺകുട്ടിയുടെ വീഡിയോ വൈറലായിരുന്നു. തുടർന്നാണ് ഫിറോസ് പെൺകുട്ടിയെ കാണാനെത്തിയത്. കൈ നിറയെ മിഠായി സമ്മാനിച്ച ശേഷമാണ് ഫിറോസ് മടങ്ങിയത്. നമ്മുടെ ചിഹ്നം കൈപ്പത്തിയാണെന്ന് കുട്ടി പറയുന്നതും വീഡിയോയിൽ കേൾക്കാം. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ വാശിയേറിയ പ്രചാരണം നടക്കുന്ന ജില്ലകളിൽ ഒന്നാണ് തവനൂർ. 
ഇരുമുന്നണികളും റോഡ്‌ഷോകളും റാലികളും നടത്തി മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ ആവേശം ഉയർത്തിയിരിക്കുകയാണ്. മന്ത്രി ജലീൽ മൂന്നാം വിജയം തേടിയാണ് തവനൂരിൽ മൽസരിക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് മൽസരിക്കുന്ന മണ്ഡലത്തിൽ ആദ്യം തീരുമാനിച്ചത് യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയുടെ പേരാണ്. ഇതിനിടെയാണ് പ്രമുഖ ജീവകാരുണ്യപ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ രംഗപ്രവേശനം ചെയ്തത്. രണ്ടാമതൊന്നാലോചിക്കാതെ ഫിറോസിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കുകയും കൈപത്തി തന്നെ ചിഹ്‌നമായി നൽകുകയും ചെയ്തു. 
ഫിറോസിന്റെ സ്ഥാനാർഥിത്വം ഇടതുമുന്നണിക്ക് വിജയം എളുപ്പമല്ലാതാക്കിയിട്ടുണ്ട്. മണ്ഡലത്തിൽ മാറിവരുന്ന രാഷ്ട്രീയ തരംഗം തിരിച്ചറിഞ്ഞ് മന്ത്രി ജലീലും ഇടതുപ്രവർത്തകരും ഏറെ സജീവമായി തന്നെ രംഗത്തുണ്ട്. സോഷ്യൽ മീഡിയയിലെ താരമായ ഫിറോസ് കുന്നുംപറമ്പിലിന് മണ്ഡലത്തിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
മലപ്പുറം ജില്ലയിൽ ഏറ്റവുമധികം വിമതസ്ഥാനാർഥികളുള്ള മണ്ഡലവുമാണ് തവനൂർ. ഫിറോസ് കുന്നുംപറമ്പിന് ഭീഷണിയായാണ് വിമതൻമാർ ഏറെയുമുള്ളത്.ഫിറോസ് കുത്ത്പറമ്പിൽ,ഫിറോസ് നെല്ലംകുത്ത്,ഫിറോസ് പരുവിങ്ങൽ,ഫിറോസ് നുറുക്കുപറമ്പിൽ എന്നിവരാണ് സ്വതന്ത്രൻമാരായി മൽസരിക്കുന്നത്. ബി.ജെ.പി.ക്കും എസ്.ഡി.പി.ഐക്കും സ്ഥാനാർഥികളുണ്ട്. 

Latest News