Sorry, you need to enable JavaScript to visit this website.

സൗദിയുടെ യെമൻ സമാധാന പദ്ധതി  സ്വാഗതം ചെയ്ത് ലോക രാഷ്ട്രങ്ങൾ

റിയാദ് - സൗദി അറേബ്യ പ്രഖ്യാപിച്ച യെമൻ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് കൂടുതൽ ലോക രാജ്യങ്ങൾ. സൻആ എയർപോർട്ട് വീണ്ടും തുറക്കാനും അൽഹുദൈദ തുറമുഖത്ത് നിയന്ത്രണങ്ങൾ ലഘൂകരിക്കാനും അനുവദിക്കുന്ന പുതിയ പദ്ധതി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സമാധാനം പുലരുന്നതിന് യെമനിലെ കക്ഷികൾ പദ്ധതിയുമായി സഹകരിക്കണമെന്ന് കുവൈത്ത് അഭ്യർഥിച്ചു. യെമൻ പ്രശ്‌നത്തിനുള്ള രാഷ്ട്രീയ പരിഹാരത്തിന് സൗദി അവതരിപ്പിച്ച പദ്ധതിയെ അന്താരാഷ്ട്ര സമൂഹം പിന്തുണക്കണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്താൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച ബഹ്‌റൈൻ യെമനിലെ സമാധാനത്തിന് അന്താരാഷ്ട്ര സമൂഹം ശ്രദ്ധ ചെലുത്തണമെന്നും പറഞ്ഞു. സൗദിയുടെ സമാധാന പദ്ധതിയെ പുകഴ്ത്തിയ ഈജിപ്ത് സമഗ്രമായ പരിഹാരമാണ് അവതരിപ്പിച്ചതെന്നും രാഷ്ട്രീയവും മാനുഷികവുമായ ഈ പ്രതിസന്ധി ഇതോടെ അവസാനിക്കണമെന്നും പറഞ്ഞു. യെമനി ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകിയാവണം സമാധാന പദ്ധതി നടപ്പാക്കേണ്ടതെന്നും ഈജിപ്ത് നിർദേശിച്ചു. യെമനിലെ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ പ്രത്യേകം താൽപര്യമെടുക്കണമെന്ന് ഈജിപ്ത് പ്രസ്താവനയിൽ പറഞ്ഞു. 


സമാധാന പദ്ധതിയെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ (ഒ.ഐ.സി) സ്വാഗതം ചെയ്തു. യെമൻ സമാധാനത്തിനുള്ള സൗദി അറേബ്യയുടെ താൽപര്യം പ്രതിഫലിക്കുന്നതാണ് പദ്ധതിയെന്നും രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ച് യെമൻ ജനതയുടെ താൽപര്യങ്ങൾ പരിഗണിച്ച് മാനുഷികവും സാമ്പത്തികവുമായ ഉയിർത്തെഴുന്നേൽപിന് യെമനെ സഹായിക്കണമെന്നും പറഞ്ഞു. യെമനിലെ പാർട്ടികളുമായി കൂടിയാലോചിച്ച് സമഗ്രമായ പദ്ധതി അവതരിപ്പിച്ച സൗദിയെ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫ് അഭിനന്ദിച്ചു. യെമൻ ജനത ഈ പദ്ധതിയെ അംഗീകരിക്കണമെന്നും ഭാവിയിലും യെമന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാന ശ്രമങ്ങളിൽ പങ്കാളിത്തം വഹിച്ച ഒമാനെയും അദ്ദേഹം അഭിനന്ദിച്ചു. യെമൻ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങളെ അമേരിക്കയും ബ്രിട്ടനും സ്വാഗതം ചെയ്തു. സമാധാന പദ്ധതിയുമായി ഹൂത്തികൾ സഹകരിക്കണമെന്നും ഇതൊരു മികച്ച ചുവടുവെപ്പാണെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമനിക് റാബ് പറഞ്ഞു. ഐക്യരാഷ്ട്ര സഭാ വക്താവ് ഫർഹാൻ ഹഖും സമാധാന പദ്ധതിയെ സ്വാഗതം ചെയ്തു. 
യൂറോപ്യൻ യൂനിയനും പാക്കിസ്ഥാൻ, ഖത്തർ, സുഡാൻ, ഒമാൻ തുടങ്ങി നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും യെമനിൽ സമാധാനം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യ മുന്നോട്ടുവെച്ച നിർദേശങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.  


യു.എൻ നിരീക്ഷണത്തിൽ സമഗ്ര വെടിനിർത്തൽ, അൽഹുദൈദ തുറമുഖത്തു നിന്നുള്ള നികുതികളും കസ്റ്റംസ് വരുമാനവും സ്റ്റോക്ക്ഹോം കരാർ പ്രകാരം യെമൻ സെൻട്രൽ ബാങ്ക് സംയുക്ത അക്കൗണ്ടിൽ നിക്ഷേപിക്കൽ, സൻആ അന്താരാഷ്ട്ര എയർപോർട്ട് പ്രാദേശിക, അന്താരാഷ്ട്ര ഡയറക്ട് സർവീസുകൾക്കു വേണ്ടി തുറക്കൽ, യു.എൻ 2216 ാം നമ്പർ പ്രമേയം അനുസരിച്ച് വ്യത്യസ്ത യെമൻ കക്ഷികൾക്കിടയിൽ ചർച്ചകൾ ആരംഭിക്കൽ തുടങ്ങിയ കാര്യങ്ങളാണ് സൗദി അറേബ്യ പ്രഖ്യാപിച്ച പദ്ധതിയിലുള്ളത്. 

 

Latest News