റിയാദ്- സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ ഹൂത്തികള്‍ അയച്ച രണ്ട് ഡ്രോണുകള്‍ തകർത്തതായി അറബ് സഖ്യസേന അറിയിച്ചു. ജിസാൻ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ശനിയാഴ്ച ഹൂത്തികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ അയച്ചതെന്ന് അറബ് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലിക്കിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി എസ്പിഎ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സഖ്യം എട്ട് ഡ്രോണുകളാണ് നശിപ്പിച്ചതെന്ന് തുർക്കി അല്‍ മാലിക്കി പറഞ്ഞു.
ആസൂത്രിതമായ രീതിയിൽ സിവിലിയന്മാരെ ആക്രമിക്കാനാണ് ഇറാൻ പിന്തുണയുള്ള മിലിഷ്യ ശ്രമിക്കുന്നതെന്നും ഇത് യുദ്ധക്കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സഖ്യസേന സ്വീകരിച്ചിട്ടുണ്ടെന്നും അൽ മാലികി പറഞ്ഞു.
തെക്കുപടിഞ്ഞാറൻ സൗദി നഗരമായ ഖാമിസ് മുശൈത്തിനെ ലക്ഷ്യമാക്കി അയച്ച ആറ് ഹൂത്തി ഡ്രോണുകളാണ് സഖ്യം തടഞ്ഞു നശിപ്പിച്ചത്.
യുഎഇ, ഈജിപ്ത്, ബഹ്‌റൈൻ, ജോർദാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങള്‍ ഹൂത്തികളുടെ ആക്രമണത്തെ ശക്തമായി അപലിച്ചു.