Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടി വീണ്ടുമെത്തുമ്പോൾ

കോട്ടയം - നീണ്ട ഇടവേളക്കു ശേഷം ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പിന്റെ നിയന്ത്രണം ഹൈക്കമാന്റ് ഏൽപിക്കുകയാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എല്ലാ ചുമതലകളിൽനിന്നും സ്വയം പിൻമാറുകയായിരുന്നു. പിന്നെ രാഷ്ട്രീയ വനവാസം. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി യുഗം അസ്തമിച്ചുവെന്ന് കോൺഗ്രസിലെ ഒരു വിഭാഗം കരുതിയിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് വേദിയിൽ ഉമ്മൻ ചാണ്ടിയെപ്പോലെ ജനസമ്മതിയുളള നേതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഹൈക്കമാന്റ് തിരിച്ചറിയുന്നത്. കോൺഗ്രസിനേക്കാൾ ഘടക കക്ഷികളാണ് ഇത്തരത്തിലുളള ആവശ്യം ഹൈക്കമാന്റിന്റെ മുന്നിലെത്തിച്ചത്. 


സജീവ രാഷ്ട്രീയത്തോടു വിടപറഞ്ഞുവെന്നു തോന്നിപ്പിച്ച മാസങ്ങളായിരുന്നു കഴിഞ്ഞുപോയത്. അതിനിടെ അസുഖം ബാധിച്ചതോടെ ഉമ്മൻ ചാണ്ടി പൂർണമായി വിശ്രമത്തിലായി. കോവിഡ് ലോക്ഡൗണിൽ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ മാത്രം ജീവിതം തളച്ചിട്ടു. പക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തോടെ യു.ഡി.എഫ് രാഷ്ട്രീയം കലങ്ങിമറിഞ്ഞു. 
കേന്ദ്രത്തിലെ യു.പി.എ സർക്കാർ സ്വപ്‌നവുമായി പാർലമെന്റിലേക്ക് കുടിയേറിയ നേതാക്കൾ കേരളം ലക്ഷ്യമിട്ടു. അഞ്ചു വർഷത്തിലൊരിക്കലുളള ഭരണ മാറ്റം എന്ന പതിവ് പരിപാടി ആവർത്തിക്കില്ലെന്ന് സൂചന കിട്ടിയതോടെ പി.കെ. കുഞ്ഞാലിക്കുട്ടിയെ തന്നെ ലീഗ് തിരിച്ചുവിളിച്ചു. കേരളത്തിൽ യു.ഡി.എഫ് തിരിച്ചുവരണമെങ്കിൽ ശക്തമായ നേതൃനിര അണിനിരക്കണമെന്ന് ലീഗ് നേരത്തെ തന്നെ ഹൈക്കമാന്റിനെ ധരിപ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടി, കെ.എം. മാണി, കുഞ്ഞാലിക്കുട്ടി ത്രയമായിരുന്നു യു.ഡി.എഫിന്റെ ശക്തികേന്ദ്രം. കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് പോയി. 


മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ഭിന്നത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാനും ഉമ്മൻചാണ്ടിയുടെ മുഖം സഹായിക്കുമെന്ന് ഹൈക്കമാന്റ് കണക്കാക്കുന്നു. ക്രൈസ്തവ സഭകളെ പാട്ടിലാക്കാൻ ബി.ജെ.പിയും സി.പി.എമ്മും മത്സരിക്കുന്നതിനിടെ ഇത്തരത്തിലുളള ഒരു സാന്നിധ്യം വേണമെന്ന് ഘടക കക്ഷികളും ശക്തിയായി ആവശ്യപ്പെട്ടിരുന്നു. 
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ തകർപ്പൻ വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന്റെ അക്കൗണ്ടിലെത്തിയില്ല. ശബരിമല യുവതി പ്രവേശനത്തിൽ പിണറായി സർക്കാരിനെതിരായ ഹിന്ദുക്കളിലെ ഒരു വിഭാഗത്തിന്റെ വിരോധവും രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ നിന്നുളള ജനവിധി തേടലുമാണ് കോൺഗ്രസിന് മിന്നുന്ന വിജയം സമ്മാനിച്ചതെന്നായിരുന്നു വിലയിരുത്തൽ. ഇക്കുറിയും രാഹുൽ ഗാന്ധി കേരളത്തിൽ തങ്ങി പ്രചാരണത്തിനു ചുക്കാൻ പിടിക്കണമെന്നാണ് ഘടക കക്ഷികളുടെ ആവശ്യം. ഹൈക്കമാന്റ് അതിനും പച്ചക്കൊടി കാട്ടി.

 

Latest News