Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസ് മേധാവിയുടെ പേരിൽ രാജ്യത്തെ ആദ്യത്തെ ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത്

തിരുവനന്തപുരം -  ആർ.എസ്.എസ് രണ്ടാം സർസംഘ്ചാലക് മാധവസദാശിവ ഗോൾവാൾക്കറുടെ പേരിൽ രാജ്യത്ത് സ്ഥാപിക്കുന്ന ആദ്യ ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാം കാമ്പസിനാണ് ആർ.എസ്.എസ്.നേതാവിന്റെ പേര് നൽകുന്നത്,
ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ ക്യാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേരെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷവർധൻ വ്യക്തമാക്കി.  ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ഭാഗമായി ആർജിസിബിയിൽ നടന്ന സമ്മേളനത്തിൽ നൽകിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
കാൻസർ  പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം, സ്റ്റെം സെൽ മാറ്റിവയ്ക്കൽ, ജീൻ ചികിത്സ എന്നിവയാണ് പുതിയ കേന്ദ്രത്തിൽ ഒരുങ്ങുന്നത്. ബയോടെക് സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേറ്റർ സംവിധാവും ഇവിടെ ഒരുക്കും. ബയോടെക്നോളജി രംഗത്തെ വികസനമാണ് പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പരിശോധനകൾ ആർജിസിബി മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം പരിശോധനകളാണ് ഇവിടെ നടന്നത്.
 

Latest News