Sorry, you need to enable JavaScript to visit this website.

മെര്‍സല്‍ തെലുഗ് പതിപ്പ് പ്രതിസന്ധിയില്‍

ചെന്നൈ- കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്ന ആരോപണത്തിലൂടെ വിവാദത്തിലായ വിജയ് ചിത്രം മെര്‍സലിന്റെ തെലുഗ് പതിപ്പായ അദിരിന്ദിയുടെ റിലീസ് പ്രതിസന്ധിയില്‍. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി വൈകുകയാണ്. റിലീസ് മാറ്റിവെച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.
ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടും അനുമതി ലഭിച്ചില്ലെന്നാണ് സൂചന.  ആറ്റ്ലീ സംവിധാനം ചെയ്ത മെര്‍സലില്‍ ജി.എസ്.ടിക്കെതിരേയും ഡിജിറ്റല്‍ ഇന്ത്യക്കെതിരേയും  വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തുവന്നതാണ് സിനിമയെ വിവാദത്തിലാക്കിയത്. 
ജി.എസ്.ടി വിരുദ്ധ പരാമര്‍ശം വാസ്തവ വിരുദ്ധമാണെന്നും പിന്‍വലിച്ചു മാപ്പ് പറയണമെന്നും തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കള്‍ക്കു പുറമെ, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി സിനിമയില്‍ക്കൂടി തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പൊന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിക്കഴിഞ്ഞ ചിത്രത്തിനെതിരെ ബി.ജെ.പി വാളെടുത്തതോടെ  ചിത്രത്തിനു പിന്തുണയുമായി നിരവധി ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Latest News