Sorry, you need to enable JavaScript to visit this website.

കേരള കോൺഗ്രസ് എം ഇടതു മുന്നണിയിലേക്ക്; പ്രഖ്യാപനം നാളെ ഉണ്ടായേക്കും

കോട്ടയം - കേരള കോൺഗ്രസ് എം ഇടതുചേരിയിലേക്ക്.  ചെയർമാൻ ജോസ് കെ. മാണി നാളെ ഉച്ചയോടെ ഇത് പ്രഖ്യാപിക്കാനിരിക്കുകയാണെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. സി.പി.എം ഈ പ്രഖ്യാപനത്തിന് പച്ചക്കൊടി വീശിക്കഴിഞ്ഞു. നിർണായകമായ സംഭവവികാസങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ നാളെ തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്ന് പാർട്ടിയിലെ ഒരു ഉന്നത നേതാവ് അറിയിച്ചു. 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം ജോസഫ് വിഭാഗത്തിന് വിട്ടകൊടുക്കുമെന്ന ധാരണ പാലിച്ചില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് അച്ചടക്ക നടപടിയെടുത്ത് നൂറു ദിവസത്തിനു ശേഷമാണ് ഇത്തരത്തിലുളള തീരുമാനത്തിലേക്ക് ജോസ് കെ. മാണി നീങ്ങുന്നത്. ജൂലൈ 29നാണ് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ജോസ് പക്ഷത്തിനെ മുന്നണിയിൽ നിന്നു പുറത്താക്കിയതായി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ  അറിയിച്ചത്.

ഇന്ന് വൈകുന്നേരമാണ് പ്രഖ്യാപനം നാളെ നടത്താൻ തീരുമാനിച്ചത്. കേരള കോൺഗ്രസ് ജന്മദിനത്തിൽ കോട്ടയത്തു ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇതു സംബന്ധിച്ച തീരുമാനം എടുത്തിരുന്നു. ഈ ആഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ജോസ് കെ. മാണി മാധ്യമങ്ങളോട് വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റുകളിൽ പൂർണ ധാരണയും നിയമസഭാ സീറ്റുകളിൽ ഉറപ്പോടെയുമാണ് കേരള കോൺഗ്രസ് എം എൽ. ഡി. എഫുമായി സഹകരിക്കുന്നതിനുളള തീരുമാനം എടുത്തത്. ഇതേക്കുറിച്ചുളള അന്തിമ ചർച്ചകൾ ഇന്നലെ ജോസ് കെ. മാണിയും സി.പി.എം നേതൃത്വവുമായി നടന്നു. 

ജോസ് കെ. മാണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ ഊഷ്മളമായ ബന്ധമാണുളളത്. കേരള കോൺഗ്രസിനെ ഇടതു മുന്നണിയുടെ ഭാഗമാക്കുന്നതിനുളള നീക്കത്തിന് ചുക്കാൻ പിടിച്ചതും കണ്ണൂർ നേതാക്കളാണ്. സി.പി.ഐ പലതവണ എതിർപ്പുയർത്തിയെങ്കിലും സി.പി.എം ഇക്കാര്യത്തിൽ ഉറച്ച നിലപാടിലായിരുന്നു. കേരള കോൺഗ്രസ് എം ജനസ്വാധീനമുളള പാർട്ടിയാണെന്ന് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനും ഉൾപ്പടെയുളള നേതാക്കൾ പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. 

തെരഞ്ഞെടുപ്പു ആസന്നമായിരിക്കെ യു.ഡി.എഫിലെ രണ്ടാമത്തെ പ്രബല കക്ഷിയെ ഇടതു ക്യാമ്പിലെത്തിച്ച് പ്രഹരം നൽകുക എന്നതാണ് സി.പി.എം ലക്ഷ്യമിടുന്നത്. കെ.എം മാണിയുടെ കാലത്തു തന്നെ ഇത്തരത്തിലുള്ള ചർച്ച സി.പി.എം ആരംഭിച്ചതാണ്. എന്നാൽ അത് പൂർത്തിയായില്ല.
ഐക്യജനാധിപത്യ മുന്നണിയുടെ രൂപീകരണം മുതൽ ഭാഗമായിരുന്ന കക്ഷിയാണ് ഇതോടെ ഇടതു പാളയത്തിലേക്ക് പോകുന്നത്. 
യു.ഡി.എഫിന്റെ സ്ഥാപക നേതാവ് ആർ.ബാലകൃഷ്ണപിളള നയിക്കുന്ന കേരള കോൺഗ്രസും ഇടതുമുന്നണിയ്‌ക്കൊപ്പമാണ്. കൂടാതെ സ്‌കറിയാ തോമസ് നയിക്കുന്ന വിഭാഗവും. ഇതോടെ ഏറ്റവും കൂടുതൽ കേരള കോൺഗ്രസ് വിഭാഗങ്ങൾ ഇടതു കൊടിക്കീഴിലാവും. പി.ജെ ജോസഫ് നേതൃത്വം നൽകുന്ന വിഭാഗം യു.ഡി.എഫിലാണ്. കൂടാതെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും.

1978 ലാണ് ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായി കെ.കരുണാകരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് രൂപീകരിക്കുന്നത്. എൻ.ഡി.പിയും ഇന്ദിരാ കോൺഗ്രസും കക്ഷികളായി പിറന്ന സഖ്യത്തിലേക്ക് 1979 ലാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും, കേരള കോൺഗ്രസും കടന്നുവരുന്നത്. കേരള കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങൾ വ്യത്യസ്ത ഘടകകക്ഷികളായാണ്  മുന്നണിയുടെ ഭാഗമായത്. പിന്നീട് വളർന്നും പിളർന്നും വഴിമാറിയ കേരള കോൺഗ്രസ് എം പുതിയ തീരുമാനത്തോടെ രാഷ്ട്രീയ കേരളത്തിലെ പുതിയ അധ്യായത്തിന് തുടക്കമിടുകയാണ്.

Latest News