വാഷിങ്ടണ്‍-ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കി നാസ. 28 ബില്യണ്‍ ഡോളറാണ് ചന്ദ്രനിലേക്കുളള യാത്രയ്ക്ക് നാസ കണക്കാക്കുന്നത്. ഇതില്‍ 16 ബില്യണ്‍ ഡോളര്‍ ലൂണാര്‍ ലാന്‍ഡിംഗ് മൊഡ്യൂളിന് വേണ്ടിയാകും ചെലവാക്കുക. ഇതിന്റെ ഭാഗമായി ആദ്യ വനിതയും ചന്ദ്രനിലിറങ്ങും. ബഹിരാകാശയാത്രികരെ 2024ല്‍ ചന്ദ്രനിലെത്തിക്കാനായാണ് നാസ ഈ പദ്ധതി തയ്യാറാക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കി നിശ്ചയിച്ച പദ്ധതിയാണിത്. അമേരിക്കയില്‍ തിരഞ്ഞെടുപ്പനുബന്ധ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുടെ പ്രരംഭനടപടികള്‍ വൈകിയേക്കാമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡന്‍സ്റ്റീന്‍ സൂചന നല്‍കി. ഡിസംബറോടെ 3.2 ബില്യണ്‍ ഡോളര്‍ പദ്ധതിക്കായി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രിഡന്‍സ്റ്റീന്‍ പറഞ്ഞു.
ഒരു വനിത ഉള്‍പ്പെടെ രണ്ട് യാത്രികരാണ് 2024ല്‍ ചന്ദ്രനിലേക്ക് തിരിക്കുന്നത്. 1969 ലും 1972 ലും നടത്തിയ അപ്പോളോ യാത്രകളില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണ ധ്രുവത്തിലേക്കായിരിക്കും യാത്രയെന്നും ബ്രിഡന്‍സ്റ്റീന്‍ സൂചിപ്പിച്ചു. മൂന്ന് വ്യത്യസ്ത ബഹിരാകാശ കമ്പനികളാണ് ചന്ദ്രനിലേക്കുള്ള യാത്രക്കാരെ വഹിക്കുന്ന പേടകത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മത്സര രംഗത്തുള്ളത്. ആമസോണ്‍ സി.ഇ.ഒ. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ നോര്‍ത് റോപ് ഗ്രൂമാന്‍ ആന്‍ഡ് ഡ്രേപര്‍ കമ്പനിയുടെ പങ്കാളിത്തത്തോടെ ഒരു വശത്തുണ്ട്.
ആര്‍തെമിസ് എന്ന ആളില്ലാ വിമാനം 2021 നവംബറില്‍ ചന്ദ്രനിലേക്ക് യാത്ര തിരിക്കും. ആര്‍തെമിസ് വിക്ഷേപിക്കാനുള്ള എസ്എല്‍എസ് റോക്കറ്റ് പരീക്ഷണഘട്ടത്തിലാണ്. 2023 ല്‍ ആര്‍തെമിസ് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പോകും. പക്ഷേ ഇവര്‍ ചന്ദ്രനിലിറങ്ങില്ല. 2024 ലായിരിക്കും ബഹിരാകാശയാത്രികരുടെ ചാന്ദ്രദൗത്യം നടക്കുക. ചൊവ്വയിലേക്കുള്ള ഭാവി യാത്രകള്‍ക്കുളള അടിത്തറയായാണ് ഈ ചാന്ദ്ര ദൗത്യത്തെ നാസ കാണുന്നത്.