Sorry, you need to enable JavaScript to visit this website.

ശ്രീശാന്ത് വിഡ്ഢിത്തം പുലമ്പുന്നു -ബി.സി.സി.ഐ

ന്യൂദൽഹി - ഇന്ത്യ അനുവദിക്കുന്നില്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തിനു കളിക്കുമെന്ന ശ്രീശാന്തിന്റെ പ്രസ്താവനക്കെതിരെ ബി.സി.സി.ഐ. വിഡ്ഢിത്തം പുലമ്പുകയാണ് ശ്രീശാന്തെന്ന് ബി.സി.സി.ഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു. കേരളാ ഹൈക്കോടതി കഴിഞ്ഞ ദിവസം ആയുഷ്‌കാല വിലക്ക് പുനഃസ്ഥാപിച്ചതാണ് ശ്രീശാന്തിനെ കുപിതനാക്കിയത്. ഏറ്റവും വൃത്തികെട്ട വിധിയെന്നും തനിക്കു വേറൊരു നീതിയാണെന്നും ശ്രീശാന്ത് ആരോപിച്ചിരുന്നു. 
ബി.സി.സി.ഐയാണ് നിരോധിച്ചതെന്നും ഐ.സി.സിയല്ലെന്നും അതിനാൽ മറ്റേതെങ്കിലും രാജ്യത്ത് തനിക്ക് കളിക്കാമെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടിരുന്നു. 'എനിക്ക് 34 വയസ്സേ ആയിട്ടുള്ളൂ, ആറു വർഷം കൂടി കളിക്കാം. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ആളെന്ന നിലയിൽ എനിക്ക് കളിക്കണം. മാത്രമല്ല, ബി.സി.സി.ഐ സ്വകാര്യ സ്ഥാപനമാണ്. ഇന്ത്യൻ ടീമാണ് എന്ന് ആരാധകർ മാത്രമാണ് പറയുന്നത്. യഥാർഥത്തിൽ ബി.സി.സി.ഐ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ടീമാണ്' -ദുബായിലെ ഒരു ചടങ്ങിൽ ശ്രീശാന്ത് തുറന്നടിച്ചു.
അടിസ്ഥാന ചട്ടങ്ങൾ പോലും അറിയാത്തതു കൊണ്ടാണ് ഈ പ്രസ്താവനയെന്ന് ചൗധരി തിരിച്ചടിച്ചു. ഒരു രാജ്യത്തെ അസോസിയേഷൻ നിരോധിക്കുന്ന കളിക്കാരന് മറ്റൊരു രാജ്യത്തും കളിക്കാനാവില്ലെന്നാണ് ഐ.സി.സി ചട്ടം. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത് എന്ന് ബി.സി.സി.ഐക്ക് ബോധ്യമുണ്ട്. ശ്രീശാന്തിന്റേത് വിടുവായത്തമാണ് -അദ്ദേഹം പറഞ്ഞു. 
ശ്രീശാന്തിനെതിരായ ബി.സി.സി.ഐയുടെ അച്ചടക്ക സമിതിയുടെ വിലക്ക് കേരളാ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ബി.സി.സി.ഐ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിലക്ക് പുനഃസ്ഥാപിച്ചത്. 2013 ലെ ഐ.പി.എല്ലിനിടെ ഒത്തുകളിച്ചുവെന്ന ആരോപണത്തിലാണ് ശ്രീശാന്തിനെ ബി.സി.സി.ഐ ആയുഷ്‌കാലം വിലക്കിയത്. 
തന്റെ വിലക്ക് തുടരുകയും ഐ.പി.എൽ ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തിരിച്ചുവരികയും ചെയ്യുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും, ലോധ കമ്മിറ്റി മുദ്ര വെച്ച കവറിൽ നൽകിയ 13 കളിക്കാർ എന്തു കുറ്റമാണ് ചെയ്തതെന്ന് ആർക്കും അറിയേണ്ടേ എന്നും ശ്രീശാന്ത് ചോദിച്ചിരുന്നു. 
 

Latest News