Sorry, you need to enable JavaScript to visit this website.

പ്രഥമ സന്ദർശനത്തിനായി രാഷ്ട്രപതി കേരളത്തില്‍

തിരുവനന്തപുരം- രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടർന്നു ഹെലികോപ്റ്ററിൽ കായംകുളം എൻടിപിസി ഹെലിപാഡിലെത്തിയ രാഷ്ട്രപതി റോഡ് മാർഗം അമൃതാനന്ദമയി മഠത്തിലേക്കു പോയി. 

രാഷ്ട്രപതിയായശേഷം കോവിന്ദിന്‍റെ  ആദ്യ കേരള സന്ദർശനമാണിത്. മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ  രാഷ്ട്രപതിക്കു മറ്റ് ഔദ്യോഗിക പരിപാടികളില്ല. 

11നു വിവിധ പദ്ധതികളുടെ ഉദ്ഘാടനം മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിൽ രാഷ്ട്രപതിയും ഭാര്യ സവിത കോവിന്ദും ചെർന്നു നിർവഹിക്കും. ഉച്ചയ്ക്ക് ഒന്നേകാലിനു രാഷ്ട്രപതി ഹെലികോപ്റ്ററിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ദൽഹിക്കു മടങ്ങും. 

അമൃതാനന്ദമയി മഠത്തിലെ ദർശന ഹാളിൽ നടക്കുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് പ്രവേശനമെന്നു മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. അമൃതസേതു പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരത്തെ ഡോ.എ.പി.ജെ.അബ്ദുൽ കലാം അമൃതപുരിയിലെത്തിയിരുന്നു. 

Latest News