Sorry, you need to enable JavaScript to visit this website.

മോഡി നൽകുന്നത് പൊള്ളയായ വാഗ്ദാനങ്ങൾ


പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആറാം തവണ, ഈയിടെ രാജ്യത്തെ അഭിസംബോധന ചെയ്തു. നവംബർ മാസം വരെ 'പ്രധാൻമന്ത്രി കല്യാൺ അന്നയോജന' പദ്ധതി പ്രകാരം 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നല്കുമെന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനം. ഒരു കുടുംബത്തിന് പ്രതിമാസം അഞ്ചു കിലോ അരി അല്ലെങ്കിൽ ഗോതമ്പും ഒരു കിലോ പയർ ഇനവുമാണ് അടുത്ത അഞ്ചുമാസത്തേക്ക് നൽകുക.


അതിനായി ഖജനാവിൽനിന്ന് 90,000 കോടി രൂപ ചെലവിടേണ്ടിവരും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തീർച്ചയായും സ്വാഗതാർഹം തന്നെ. പക്ഷെ മൂന്നുമാസം നീണ്ട അടച്ചുപൂട്ടലും കോവിഡിന് മുമ്പുതന്നെ സ്തംഭനത്തിലായ സമ്പദ്വ്യവസ്ഥയും അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയും കൊണ്ട് ദുരിതക്കയത്തിലായ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശ്വാസം കണ്ടെത്താൻ കഴിയില്ല. 'ഒരു രാഷ്ട്രം, ഒരു റേഷൻകാർഡ്' എന്ന പ്രഖ്യാപനം പ്രധാനമന്ത്രി അടിക്കടി നിരത്തുന്ന എണ്ണമറ്റ മുദ്രാവാക്യങ്ങൾപോലെ കടലാസിൽ തുടരുന്നിടത്തോളം കോടിക്കണക്കിനു വരുന്ന പട്ടിണിപ്പാവങ്ങളായ കുടിയേറ്റ തൊഴിലാളികൾക്ക് പ്രഖ്യാപനം ഫലശൂന്യമാണ്. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ 'അന്നയോജന'യുടെ കാര്യത്തിലും ആത്മപ്രശംസ നടത്താൻ അദ്ദേഹം മറന്നില്ല.
യുഎസിലെയും യുകെയിലെയും ജനസംഖ്യയുമായി ഇന്ത്യൻ ജനസംഖ്യയെ തുലനം ചെയ്താണ് ഇത്തവണ തന്റെ പദ്ധതിയെ അദ്ദേഹം മഹത്വവൽക്കരിച്ചത്. കാലവർഷം ആരംഭിക്കുന്നതോടെ രാജ്യത്ത് ഉത്സവകാലത്തിനു തുടക്കമാകുമെന്നും ഉത്സവവേളകളിൽ ജനങ്ങൾ പട്ടിണിയിലാകരുതെന്ന കരുതൽ പ്രകടിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല. അങ്ങനെ കരുതൽ പ്രകടിപ്പിക്കുമ്പോഴും മോഡിയുടെ വർഗീയ രാഷ്ട്രീയം തികട്ടിവരികയെന്നത് സ്വാഭാവികം മാത്രം! ഭൂരിപക്ഷ മതത്തിന്റെ ഉത്സവങ്ങൾ ഓരോന്നും കൃത്യമായി എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി മതന്യൂനപക്ഷങ്ങളുടെ വിശേഷ ദിവസങ്ങൾ വിസ്മരിച്ചത് മനഃപൂർവമായിരിക്കില്ല. അത് അദ്ദേഹത്തിന്റെ വർഗീയ രാഷ്ട്രീയത്തിന്റെ ബഹിർസ്ഫുരണമായി മാത്രം കണ്ടാൽ മതിയാവും.


അടച്ചുപൂട്ടലിന്റെ കാലത്ത് രോഗപ്പകർച്ചവരാതെ ജനങ്ങൾ കാട്ടിയിരുന്ന കരുതൽ തുടർന്ന് ഉണ്ടാവാത്തതിൽ മോഡി തന്റെ പ്രസംഗത്തിൽ ഖിന്നനായി. അടച്ചുപൂട്ടലിനെ തുടർന്ന് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും അശരണരായ കുടിയേറ്റ തൊഴിലാളികൾ നടത്തിയ കൂട്ടപലായനത്തെപ്പറ്റിയും അവർ നേരിടേണ്ടിവന്ന ദുരിതങ്ങളെപ്പറ്റിയും മരണങ്ങളെപ്പറ്റിയും മോഡി യാതൊരു പരാമർശത്തിനും മുതിർന്നില്ലെന്നത് ജനങ്ങളെ തെല്ലും അത്ഭുതപ്പെടുത്തില്ല. തൊഴിലില്ലായ്മയും പട്ടിണിയുമാണ് ജനങ്ങളെ പുറത്തിറങ്ങാനും രോഗപ്പകർച്ചയുടെ ഭീഷണിപോലും വകവയ്ക്കാതെ സാധാരണ രീതിയിൽ പെരുമാറാനും നിർബന്ധിതമാക്കുന്നത്.


ഉത്തർപ്രദേശിലേയും ബിഹാറിലേയും പശ്ചിമബംഗാളിലെയും മറ്റും ഗ്രാമങ്ങളിലേക്ക് പലായനം ചെയ്ത കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ കോവിഡ് മരണങ്ങളുടെ ഇന്ത്യൻ തലസ്ഥാനമായി മാറിയ മുംബൈയിലേക്ക് തിരിച്ചൊഴുകുന്ന കാഴ്ച സ്വയം അടച്ചുപൂട്ടി സുരക്ഷിതനായിരിക്കുന്ന പ്രധാനമന്ത്രി കണ്ടിരിക്കണമെന്നില്ല. ദിനംപ്രതി പതിനയ്യായിരത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് മരണഭയം വകവയ്ക്കാതെ മുംബൈ നഗരത്തിലേക്ക് തിരിച്ചെത്തുന്നതെന്നാണ് മഹാരാഷ്ട്ര സർക്കാരും റയിൽവേയും കണക്കാക്കുന്നത്. പ്രധാനമന്ത്രി ആ യാഥാർത്ഥ്യം സൗകര്യപൂർവം വിസ്മരിക്കുന്നു. പട്ടിണിയെക്കാൾ ഭേദം കൊറോണയാണെന്ന് ആ തൊഴിലാളികൾ വേദനയോടെ തിരിച്ചറിയുന്നു.


ദശലക്ഷക്കണക്കിനു വരുന്ന ആ ഹതഭാഗ്യരെപ്പറ്റി പരാമർശിക്കാൻ പ്രധാനമന്ത്രി തന്റെ കോവിഡ് കാലത്തെ രാഷ്ട്രത്തോടുളള ആറാമത്തെ പ്രസംഗത്തിലും സമയം കണ്ടെത്തിയില്ല. രാജ്യത്തെ തീറ്റിപ്പോറ്റുന്ന കർഷകരെയും നികുതി കൃത്യമായി നല്കുന്ന അനുസരണയുള്ള പൗരന്മാരെയും പ്രകീർത്തിച്ച മോഡി രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് തങ്ങളുടെ കഠിനാധ്വാനത്തിലൂടെ സംഭാവന നൽകുന്ന ഗണ്യമായ ഒരു ജനവിഭാഗത്തെയാണ് അവഗണിച്ചിരിക്കുന്നത്. നികുതി നല്കുന്നതിനെപ്പറ്റി പറയുന്ന പ്രധാനമന്ത്രി പൗരന്മാർ അത് സന്മനസ്സോടെ നല്കുന്നതാണെന്നു കരുതരുത്. ഫലത്തിൽ മോഡി സർക്കാർ ജനങ്ങളെ ഇന്ധന നികുതിയുടെ പേരിൽ പിടിച്ചുപറിക്ക് ഇരകളാക്കുകയാണ് ചെയ്തത്.


രാജ്യം കോവിഡ് വ്യാപനത്തിന്റെ മൂർദ്ധന്യത്തിലേക്കാണ് നീങ്ങുന്നത്. പലയിടത്തും സമൂഹവ്യാപനം തന്നെ ആരംഭിച്ചു കഴിഞ്ഞു. ആ തിരിച്ചറിവിന്റെ വെളിച്ചത്തിൽ കൂടിയാണ് സൗജന്യ റേഷനെങ്കിലും പ്രഖ്യാപിക്കാൻ ഇപ്പോൾ പ്രധാനമന്ത്രി നിർബന്ധിതനായിരിക്കുന്നത്. കോവിഡിനൊപ്പം രൂക്ഷതയാർജിച്ച അതിർത്തി പ്രശ്‌നവും സമ്പദ്ഘടനയിൽ കടുത്ത പ്രത്യാഘാതമാണ് സൃഷ്ടിക്കുക. അടച്ചുപൂട്ടലിനെ തുടർന്ന് ഇനി തുറക്കാനാവാത്തവിധം സ്തംഭനത്തിലായ സംരംഭങ്ങൾക്ക് പുതുജീവൻ പകരാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും അതുവഴി സമ്പദ്ഘടനയെ ചലിപ്പിക്കാനും ഗവൺമെന്റ് ഇടപെടൽ കൂടിയേതീരൂ. ഇതിനകം നല്കിയ നാമമാത്ര ധനസഹായത്തിന്റെ പട്ടിക നിരത്തി മേനിപറയുന്നത് അവസാനിപ്പിച്ച് ദുരിതത്തിലായ ജനവിഭാഗങ്ങൾക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം നൽകാൻ സർക്കാർ സന്നദ്ധമാകണം. അക്കാര്യത്തിൽ നരേന്ദ്രമോഡി തന്റെ ഉറ്റസുഹൃത്ത് ഡൊണൾഡ് ട്രംപിന്റെ മാതൃക പിന്തുടരുന്നതിനെ ആരും എതിർക്കില്ല.

Latest News