Sorry, you need to enable JavaScript to visit this website.

കണ്ണൂരിന്റെ സുവർണ കാലം 

കോവിഡ്19 എന്ന മഹാമാരി ജീവിതത്തെ സാരമായി ബാധിച്ച ദിനങ്ങളാണ് പിന്നിടുന്നത്. ഇന്ത്യയുടെ തലസ്ഥാന നഗരമായ ദൽഹിയിലേയും  വാണിജ്യ തലസ്ഥാനമായ മുംബൈയിലേയും വിമാനത്താവളങ്ങളുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുമായെത്തുന്ന വന്ദേഭാരത്-ചാർട്ടേഡ് വിമാനങ്ങളാണ് മിക്ക വിമാനത്താവളങ്ങളിലും അപൂർവമായി വന്നിറങ്ങുന്നത്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഗൾഫ് നഗരങ്ങളിൽ നിന്ന് വിമാനങ്ങളെത്തുന്നു. ഏറ്റവും കുറവ് തിരുവനന്തപുരത്ത്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ തൊട്ടടുത്ത്. രണ്ടിനോടും കിട പിടിക്കാവുന്ന വിധത്തിലാണ് കേരളത്തിലെ ഏറ്റവും പുതിയ വിമാനത്താവളമായ കണ്ണൂരിലും വലിയ വിമാനങ്ങളിറങ്ങുന്നത്. കോഴിക്കോട്ട് ഇതു വരെ കണ്ടിട്ടില്ലാത്ത സലാം എയറും ജസീറ എയർവേയ്‌സുമൊക്കെ വന്നിറങ്ങി.

ഒന്ന് ആഞ്ഞ് പിടിച്ച് ഉത്സാഹിച്ചാൽ ഡെൽറ്റ എയർലൈൻസും ലുഫ്താൻസയും വടക്കേ മലബാറിന്റെ ആകാശത്താവളത്തിൽ വന്നിറങ്ങുമെന്നതിൽ സംശയമില്ല. സൗദിയിലെ ദമാമിൽ നിന്ന് എയർ ഇന്ത്യയുടെ വൈഡ് ബോഡി എയർക്രാഫ്റ്റാണ് രണ്ടാഴ്ച മുമ്പ് കണ്ണൂരിൽ  ലാൻഡ് ചെയ്തത്. പിന്നാലെ കുവൈത്തിന്റെ നാനൂറിലേറെ പേർക്ക് യാത്ര ചെയ്യാവുന്ന കൂറ്റൻ ആകാശ പക്ഷിയും വന്നെത്തി. ഒരു കോലാഹലവുമില്ലാതെയാണ് കണ്ണൂരിൽ വലിയ വിമാനങ്ങൾ വന്നിറങ്ങുന്നത്. ആരേയും ആനപ്പുറത്തേറ്റി വിമാനം വന്നതിന്റെ ആഘോഷവുമില്ല. സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ കണ്ണൂർ-കാസർകോട് -മംഗലാപുരം പ്രവാസികൾ കുറച്ചു കാലമായി ആവശ്യപ്പെട്ടു വരുന്നതാണ് ജിദ്ദയിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാനം. ഇക്കഴിഞ്ഞ ബുധനാഴ്ച അതും സംഭവിച്ചു. റെഗുലർ സർവീസ് അല്ല. ജിദ്ദയിൽ നിന്ന് മലയാളി ഗ്രൂപ്പ് ചാർട്ടർ ചെയ്ത വിമാനം കണ്ണൂരിൽ ചെന്നിറങ്ങി. കെ.എം.സി.സിയും മറ്റും ചാർട്ടർ ചെയ്ത വിമാനങ്ങൾ അടുത്ത ദിവസങ്ങളിൽ കണ്ണൂരിലേക്ക് പറക്കുന്നുണ്ട്. കണ്ണൂർ എം.പി കെ. സുധാകരൻ ജിദ്ദയിലെത്തിയപ്പോൾ ജിദ്ദയിലെ ഒ.ഐ.സി.സി നേതാക്കളും മംഗളൂരു പ്രവാസികളും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. 


ഒരു കുട്ടി പിറന്നാൽ ആദ്യത്തെ നാലഞ്ച് വർഷം വീട്ടിൽ തന്നെ കഴിയും. അതു കഴിഞ്ഞാണ് സ്‌കൂളിൽ പ്രൈമറി ക്ലാസിൽ ചേർക്കുക. ഇപ്പോഴത്തെ കുട്ടികൾ കെ.ജി ക്ലാസിലും ചേരും. പിന്നീട് പത്ത് -പന്ത്രണ്ട് കൊല്ലം സ്‌കൂളിൽ പഠിച്ച് കോളേജിൽ ചേർന്ന് ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കരസ്ഥമാക്കുന്നു. ഇതുപോലെയാണ് ആഭ്യന്തര വിമാനത്താവളങ്ങളുടെ ക്രമാനുസൃതമായ വളർച്ചയും. കോഴിക്കോട്ട് ഇന്ത്യൻ എയർലൈൻസും എയർ ഏഷ്യാറ്റികും ഈസ്റ്റ് വെസ്റ്റും മുംബൈ, ചെന്നൈ നഗരങ്ങളിലേക്ക് പറന്ന് ശീലിച്ച് യൗവനത്തിലെത്തിയപ്പോഴാണ് അന്താരാഷ്ട്ര വിമാന സർവീസും വിദേശ എയർലൈനുകളും എത്തിച്ചേർന്നത്. എന്നാൽ കണ്ണൂരിന് ഇത്തരം ഘട്ടങ്ങളൊന്നും പിന്തുടരേണ്ടി വന്നിട്ടില്ല. അതാണ് ബിസിനസ് ചെയ്യാനറിയുന്നവരെ കാര്യങ്ങളേൽപിച്ചതിന്റെ ഗുണം. കോൺഗ്രസും കമ്യൂണിസ്റ്റും ബി.ജെ.പിയും ലീഗുമെല്ലാം കിയാലിനായി കൈകോർത്തു. കരുണാകരന്റെ കാലത്തെ സ്വകാര്യ നിക്ഷേപങ്ങളുടെ മാതൃകാ പദ്ധതിയായ കൊച്ചി വിമാനത്താവളം (സിയാൽ) വർഷങ്ങൾക്കകം ലാഭകരമായി മാറിയത് കിയാലിന് പ്രചോദനമായിട്ടുണ്ടെന്നത് വേറെ കാര്യം. 


ബുധനാഴ്ച മാത്രം 17 വിമാനങ്ങളാണ് വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് കണ്ണൂരിൽ വന്നിറങ്ങിയത്. 350 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങൾ. സൗദിയയുടെ ബോയിംഗ് 777 ഉം ഇതിലുൾപ്പെടുന്നു. കുവൈത്ത് എയർലൈൻസ്, എയർ അറേബ്യ, ജസീറ, സലാം എയർ എന്നിവയുടെ വിമാനങ്ങളെല്ലാം കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത പുതിയ വിമാനത്താവളത്തിൽ വന്നിറങ്ങി. 
    കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖലയായ പയ്യോളി മുതലുള്ള പ്രദേശങ്ങൾ, കേന്ദ്ര ഭരണ പ്രദേശമായ പുതുശ്ശേരിയുടെ ഭാഗമായ മാഹി, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾ എന്നിവയാണ് കണ്ണൂർ എയർപോർട്ടിന്റെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ പ്രദേശങ്ങൾ. കർണാടകയിലെ കുടക്, മംഗലാപുരം പ്രദേശങ്ങളിൽ നിന്നുള്ളവർക്കും വിമാനത്താവളം പ്രയോജനപ്പെടും. കർണാടകയിലെ മൈസൂരു, വീരാജ്‌പേട്ട, മടിക്കേരി, സിദ്ധാപുര എന്നീ പ്രദേശത്തുകാർക്കും ഏറെ പ്രയോജനപ്രദമാണ് പുതിയ വിമാനത്താവളം. ഇതിനെ വികസിപ്പിച്ചെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യുദ്ധ കാലാടിസ്ഥാനത്തിലുള്ള റോഡ് വികസനം വ്യക്തമാക്കുന്നു.


മേക്കുന്ന്, തലായി, പാലയാട്,  ചക്കരക്കല്ല്, പെരളശ്ശേരി പോലുള്ള പ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകളുടെ സ്ഥാനത്ത് കേന്ദ്ര സർക്കാർ ആയിരം കോടിയിലേറെ മുടക്കി വീതിയേറിയ ഹൈവേകൾ പണിയുന്നു. വടകര ഭാഗത്തു നിന്നുള്ളവർക്ക് എയർപോർട്ടിൽ പെട്ടെന്ന് എത്താൻ പാകത്തിൽ ദേശീയ പാതയിൽ കുഞ്ഞിപ്പള്ളിയ്ക്കടുത്ത് തിരക്കിട്ടാണ് മേൽപാല നിർമാണം പൂർത്തിയാക്കിയത്. 
മൈസൂരുവിൽ എയർപോർട്ടുണ്ടെങ്കിലും വളരെ ചെറിയ വിമാനങ്ങൾ മാത്രം ഇറങ്ങുന്ന ഒന്നാണ്.  മംഗലാപുരത്തെ ടേബിൾ ടോപ് എയർപോർട്ടിന്റെ പരിമിതികളും കണ്ണൂരിന് ഗുണമായി മാറുകയാണ്. 
 ആഭ്യന്തര വിമാന യാത്രികരേക്കാൾ കൂടുതലായി വിദേശ യാത്രക്കാരെ പ്രതീക്ഷിക്കുന്ന ഒന്നാണ് കണ്ണൂരിലെ വിമാനത്താവളം. 
കണ്ണൂർ വിമാനത്താവളത്തിന് 2010 ഡിസംബറിൽ അന്നത്തെ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദനാണ് തറക്കല്ലിട്ടത്. റൺവേയുടെ ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ  നാലാമത്തെ വിമാനത്താവളമാണിത്. പാസഞ്ചർ ടെർമിനലിന്റെ വലിപ്പത്തിൽ രാജ്യത്ത് എട്ടാം സ്ഥാനമാണ് കണ്ണൂർ എയർപോർട്ടിന്. 


1996 ജനുവരി 19 ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിച്ചത്. 2013 ജൂലൈയിലാണ് വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി  ലഭിച്ചത്. നിർമാണ ഉദ്ഘാടനം 2014 ഫെബ്രുവരി രണ്ടിന് അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി നിർവഹിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോടിയേരി ബാലകൃഷ്ണൻ, കെ സുധാകരൻ, പി കരുണാകരൻ, ഇപി ജയരാജൻ എംഎൽഎ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. 2016 ഫെബ്രുവരി 29 നാണ് ആദ്യ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഭരണം പൂർത്തിയാകുന്നതിന്റെ  അവസാന മാസങ്ങളിൽ ഉമ്മൻ ചാണ്ടി സർക്കാർ റൺവേ പോലും പൂർത്തിയാകാതെയാണ് പരീക്ഷണ പറത്തൽ നടത്തിയത്. കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ വ്യോമസേനയുടെ കൊച്ചു വിമാനം കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത് രാഷ്ട്രീയ രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ ചെറിയ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ടിനുമിടയിലെ വ്യോമ ദൂരം നൂറ് കിലോ മീറ്ററേ വരികയുള്ളൂ. കൊച്ചി 229 കിലോ മീറ്റർ മാറിയും മംഗലാപുരം 125 കിലോ മീറ്റർ വടക്കായും സ്ഥിതി ചെയ്യുന്നു. ഈ മൂന്ന് വിമാനത്താവളങ്ങളും അന്താരാഷ്ട്ര സർവീസുകൾ കൈകാര്യം ചെയ്യുന്നവയാണ്. 


കണ്ണൂർ-കോഴിക്കോട്-കൊച്ചി-തിരുവനന്തപുരം നിത്യേന രണ്ട് ആഭ്യന്തര സർവീസ് തുടങ്ങുകയാണെങ്കിൽ കോടികൾ മുടക്കിയുള്ള അതിവേഗ റെയിൽ പാതയുടെ  ആവശ്യമേയില്ല. രണ്ട് എയർപോർട്ടുകളേയും കോയമ്പത്തൂർ, മധുര, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളുമായി ബന്ധിപ്പിച്ചും തുടങ്ങാം. കണ്ണൂർ-കാലിക്കറ്റ്-മുംബൈ-അഹമ്മദാബാദ്-ദൽഹി-ഭോപാൽ-കൊൽക്കത്ത ക്കത്ത റൂട്ടിനും നല്ല സ്‌കോപ്പുണ്ട്. അന്താരാഷ്ട്ര സെക്ടറിലും വിപുലമായ സാധ്യതകളാണ് പുതിയ വിമാനത്താവളം തുറന്നിടുന്നത്. കോഴിക്കോടുമായി ബന്ധപ്പെടുത്തി ആഴ്ചയിലൊരിക്കൽ ലോസ്ആഞ്ചലസ്, ന്യൂയോർക്ക് സർവീസാവാം. ഫ്രാങ്ക്ഫർട്ട്-ലണ്ടൻ റൂട്ടിലും വീക്ക്‌ലി ഷെഡ്യൂളിന് സാധ്യതയുണ്ട്. തുടക്കത്തിൽ യാത്രക്കാർ വേണ്ടത്രയില്ലായെന്ന പരാതിയുണ്ടെങ്കിൽ മുംബൈ, ദൽഹി കണക്ഷനായും വിദൂര അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാവുന്നതേയുള്ളൂ. 


കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും കുടക്-കർണാടക മേഖലയിലേക്ക് പോകുന്ന പാതയിലാണ് പുതിയ വിമാനത്താവളം. കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും മട്ടന്നൂർ വരെ റെയിൽ പാത പണിയുമെന്ന് മുമ്പൊരു റെയിൽവേ ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. 
മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, വ്യവസായ മന്ത്രി, ആരോഗ്യ മന്ത്രി തുടങ്ങി കേരള ഭരണത്തിലെ പ്രമുഖരെല്ലാം ഈ പ്രദേശത്തുകാരാണ്. അവരൊക്കെ ഒന്ന് മനസ്സു വെച്ചാൽ എയർപോർട്ടിലേക്കുള്ള റെയിൽവേയും പതിറ്റാണ്ടുകളായി ചിതലരിച്ചു കിടക്കുന്ന തലശ്ശേരി-മൈസുരു പാതയുടെ പ്ലാനും യാഥാർഥ്യമാക്കാവുന്നതേയുള്ളൂ. കണ്ണൂരിൽ വിദേശ വിമാനങ്ങൾ പറന്നിറങ്ങുന്നത് മലബാറിന്റെ നേട്ടമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്തെങ്കിലും കാരണവശാൽ കാലിക്കറ്റിൽ ലാൻഡ് ചെയ്യാനായില്ലെങ്കിൽ ഇരുപത് മിനിറ്റ് പറക്കേണ്ട കാര്യമല്ലേയുള്ളൂ. കണ്ണൂരിന്റെ കുതിപ്പ് ഈ രീതിയിൽ മുന്നേറുകയാണെങ്കിൽ വൈകാതെ കേരളത്തിന്റെ ഗേറ്റ് വേ ആയി കിയാൽ മാറുമെന്നും വിലയിരുത്താം. 

Latest News