Sorry, you need to enable JavaScript to visit this website.

നിലക്കാത്ത പ്രവാസ നൊമ്പരങ്ങൾ 

മൂന്നാം ലോകരാജ്യങ്ങളിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണമാണ് എഴുപതുകൾ മുതൽ കൂട്ടത്തോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഗൾഫ് നാടുകളിലേക്ക്  പ്രവഹിച്ചു തുടങ്ങിയത്. 1990 ലെ കുവൈത്ത് - ഇറാഖ് യുദ്ധമൊഴിച്ചുള്ള കുറച്ചു മാസങ്ങളുടെ  ഇടവേളകളൊഴിച്ചാൽ മറ്റെല്ലാ കാലങ്ങളിലും ഗൾഫ് മലയാളിയുടെ അത്താണിയായിരുന്നു. എന്നാൽ 2020 ൽ പ്രവാസത്തിനു വേലിയിറക്കം സംഭവിച്ചിരിക്കുന്നു.  കൊറോണ വ്യാപനത്തോടു കൂടി ലോകം മുഴുവൻ അടച്ചിടൽ  ഭീഷണിയിൽ  പെട്ടുഴലുമ്പോൾ  ഗൾഫ് മലയാളിയുടെ ജീവിതം കൂടുതൽ പ്രയാസങ്ങളിലേക്ക്  നീങ്ങുകയാണ്. 


ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിലമർന്നതോടെ പ്രവാസികളുടെ ജീവിതവും പ്രതിസന്ധിയിൽ  ആയിരിക്കുകയാണ്. അമേരിക്കയിലും ഇറ്റലിയിലും ഓസ്‌ട്രേലിയയിലും ഒക്കെയുള്ള മലയാളികളുടെ ജീവിത നിലവാരമോ ശൈലിയോ അല്ല, ബഹുഭൂരിപക്ഷം വരുന്ന ഗൾഫ്  മലയാളികളുടേത്. ഗൾഫ്  മേഖലയിലെ മണലാരണ്യങ്ങളിൽ  പണിയെടുക്കുന്നവരിൽ നല്ലൊരു ശതമാനം അവിദഗ്ധ തൊഴിലാളികളാണ്. അവർ ലേബർ  ക്യാമ്പുകളിലെ പരിമിത സാഹചര്യങ്ങളിൽ നട്ടംതിരിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്, പ്രവാസികളോടപ്പം ഞങ്ങളുണ്ട് എന്ന് ആവർത്തിച്ചു പറയുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അവരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള  ഒരു വിഷമവൃത്തത്തിലകപ്പെട്ടിരിക്കുകയാണ്. ഇരു സർക്കാറുകളും  അവർക്ക് ആശ്വാസം പകരാനാവാതെ അധര വ്യായാമത്തിലേർപ്പെട്ടിരിക്കുകയാണ്. കേരള സമ്പദ്ഘടനയുടെ സന്നദ്ധ ഭടന്മാരായി വിശേഷിക്കപ്പെടുന്ന പ്രവാസിയെ സംരക്ഷണ വലയത്തിൽ കൊണ്ടുവരേണ്ട ചുമതലകളിൽ നിന്നു ഒഴിഞ്ഞുമാറാനുള്ള ചില ശ്രമങ്ങൾ കൂടി സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവുന്നത് പ്രവാസികളിൽ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയൊന്നുമല്ല. തലയ്ക്കു വെക്കാൻ സ്വന്തം കൈകൾ മാത്രമേ ഉണ്ടാവുളളൂ എന്ന തിരിച്ചറിവ് പ്രവാസികളിൽ ഇനിയെങ്കിലും ഉണ്ടാവണം. സമ്പന്നരായ ഒന്നോ രണ്ടോ ശതമാനം പ്രവാസികളെ പ്രീണിപ്പിക്കാനും അവരെ വേണ്ടുവോളം ഊറ്റിക്കുടിക്കാനുമായി വെമ്പൽ കൊള്ളുകയാണ് നമ്മുടെ ഭരണകൂടം. 


ഞാനിവിടെ എന്റെ  നൂറുദിനങ്ങൾ പിന്നിടുമ്പോൾ പ്രവാസികളുടെ മരണസംഖ്യ ഇരുന്നൂറ് കവിഞ്ഞിരിക്കുന്നു. പ്രവാസിയുടെ മരണം അമേരിക്കയിലായാലും ഇറ്റലിയിലായാലും യൂറോപ്പിലായാലും ഗൾഫിലായാലും മരണം മരണമാവാതിരിക്കുന്നില്ലല്ലോ. നമ്മൾ ഒരു അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നത്. വിദേശങ്ങളിൽ നിന്നു ഇത്രയധികം മലയാളികൾ രണ്ടു മാസത്തിനുള്ളിൽ രോഗാതുരരായി മരിക്കുന്നതു ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ്. കോവിഡ് മരണങ്ങൾ സാധാരണമാണെങ്കിലും  ശരിയായ വൈദ്യസഹായം വിദേശങ്ങളിൽ കിട്ടുന്നോ എന്ന കാര്യമറിയാൻ നിലവിൽ നമുക്ക് സംവിധാനമില്ല. ഇന്ത്യക്കാരുടെ മതിയായ വിവരങ്ങൾ ശേഖരിക്കുന്നതിൽ നമ്മുടെ എംബസികൾ കാണിക്കുന്ന അനാസ്ഥയാണ് ഇതിനു കാരണം. 
ലോകത്താകമാനം ഏകദേശം 5 ലക്ഷം ഇന്ത്യക്കാർ അടിയന്തരമായി നാട്ടിൽ പോവാനായി അതതു എംബസികളിൽ പേര് രജിസ്റ്റർ ചെയ്തു ഊഴത്തിനായി കാത്തിരിക്കുകയാണ്. ഇത്രയധികം ഇന്ത്യക്കാരെ നാട്ടിൽ കുറഞ്ഞ സമയം കൊണ്ട് എത്തിക്കുക എന്നത് ഒരു വിമാന കമ്പനി മാത്രം വിചാരിച്ചാൽ സാധിക്കുകയില്ല.  എയർ ഇന്ത്യയുടെ വന്ദേഭാരത് സർവീസുകൾ ആരംഭിച്ചിട്ട്  ഒരു മാസം  പിന്നടുമ്പോഴും ഏകദേശം ഇരുപത്തിഅയ്യായിരം യാത്രക്കാരാണ് നാടണഞ്ഞത്.  ഈ പോക്കു പോയൽ 200 മാസങ്ങൾ കൊണ്ട് മാത്രമേ ഇപ്പോൾ രജിസ്റ്റർ ചെയ്തവരെ കൊണ്ടുപോവാൻ എയർ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ഇനിയും രജിസ്റ്റർ  ചെയ്യാത്തവരും സാധാരണ യാത്രക്കാർ വേറെയും  ഉണ്ടാവും.   അതോടൊപ്പം സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ചുള്ള (സ്‌പൈസ് ജെറ്റ്, ഇൻഡിഗോ) ചാർട്ടർ വിമാനങ്ങൾക്കും ഇന്ത്യ അനുമതി കൊടുത്തിട്ടുണ്ട്. തികച്ചും അപ്രായോഗികമായ നടപടിയാണ് ഇന്ത്യൻ ഭരണകൂടം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. യൂറോപ്പ്, അമേരിക്ക മുതലായ മറ്റു വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ യാത്രകളും അനിശ്ചിതമായിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം അടിയന്തരമായും ഇക്കാര്യത്തിൽ ഇടപെടുകയും ലോക്ഡൗൺ കഴിയുന്ന മുറയ്ക്ക് ഇപ്പോൾ ഏർപ്പെടുത്തിയ വിലക്ക് നീക്കം ചെയ്യുകയും വേണം.


 ഇന്ത്യയും മറ്റു വിദേശ രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച  വ്യോമയാന ഉഭയകക്ഷി കരാർ അടിസ്ഥനത്തിൽ ഇരുരാജ്യങ്ങൾക്കും നിശ്ചിത എണ്ണം യാത്രക്കാരെ കൊണ്ടുപോവാൻ അനുമതിയുണ്ട്. പ്രത്യേക സാഹചര്യത്തിൽ അതതു രാജ്യത്തിന് അവരുടെ സുരക്ഷയുടെ സംരക്ഷണത്തിനായി വിമാനങ്ങളുടെ പോക്കുവരവു റദ്ദാക്കാനുള്ള അധികാരവും ഉണ്ട്. എന്നിരുന്നാലും ഒരു അത്യാസന്ന ഘട്ടത്തിൽ സ്വന്തം പൗരന്മാരെ വിദേശ രാജ്യങ്ങളിൽ നിന്നും കൊണ്ടുവരാൻ ഓരോ രാജ്യത്തിനും അവരുടെ പതാകാ വാഹിനികൾക്കോ  ചാർട്ടർ ചെയ്‌തോ കൊണ്ടുവരാവുന്നതാണ്. സാധാരണ ഗതിയിൽ ഇത്തരം ഒഴിപ്പിക്കൽ  പ്രക്രിയകൾ അതതു സർക്കാർ ചെലവിലായിരിക്കും നടത്തുക. ഉദാഹരണമായി, ഗൾഫിലും ഇന്ത്യയിലും മറ്റിതര രാജ്യങ്ങളിലും കൊറോണ കാരണം അകപ്പെട്ട സ്വന്തം പൗരന്മാരെ അവരുടെ നാട്ടിലേക്കു  മറ്റു രാജ്യങ്ങൾ  കൊണ്ടുവന്നത് സർക്കാർ ചെലവിലാണെന്ന കാര്യം ഇവിടെ പ്രസക്തമാണ്. അവർ എണ്ണത്തിൽ കുറവാണെന്ന മുടന്തൻ ന്യായം നിരത്തി ഇന്ത്യൻ ഭരണകൂടം സ്വന്തം പൗരന്മാരിൽ നിന്നും അമിത വില ഈടാക്കിയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. 


ഇന്ത്യയും ഗൾഫ് നാടുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം ഏകദേശം 3 ലക്ഷം സീറ്റുകൾ ഓരോ ആഴ്ചയിലും ഉപയോഗിക്കാവുന്നതാണ്. അതായത് ദുബായിൽ നിന്നും നിലവിൽ 62,500 സീറ്റുകൾ എമിറേറ്റ്‌സ് എയർലൈനും ഫ്‌ളൈദുബായിക്കും ഉപയോഗിക്കാം അതുപോലെ  എയർ ഇന്ത്യക്കും ഇന്ത്യയുടെ മറ്റു എയർലൈനുകൾക്കും 62,500 സീറ്റുകൾ ദുബായിലേക്കും  ഉപയോഗപ്പെടുത്താം. ഇത്തിഹാദിനും ഷാർജക്കും റാസൽഖൈക്കും പ്രത്യേക സീറ്റ് ക്വാട്ട അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ ഓരോ രാജ്യത്തിനും അവരവരുടെ കോട്ട പ്രകാരം സീറ്റുകൾ നിലവിലെ കരാർ പ്രകാരം ഉപയോഗിക്കാവുന്നതാണ്. ഇതാണ് നിലവിൽ കൊറോണ കാരണം താൽക്കാലികമായി ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം  റദ്ദാക്കിയിരിക്കുന്നത്. 
എന്നാൽ ഒഴിപ്പിക്കൽ പ്രക്രിയയുടെ പേരിൽ ഇന്ത്യയുടെ പതാക വാഹിനികൾ അമിത വിലയിൽ സ്വന്തം പൗരന്മാരെ നാട്ടിൽ കൊണ്ടുപോവുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.  മുഖ്യമന്ത്രിയും പാർലമെന്റ് അംഗങ്ങളും ഇക്കാര്യത്തിൽ സജീവമായി ഇടപെടുകയും നിലവിലെ ബാൻ നീക്കം ചെയ്തു ഗൾഫ് വിമാനങ്ങൾക്കു ഇന്ത്യയിൽ ഇറങ്ങാനുള്ള അനുമതി നേടിയെടുക്കണം. അതായിരിക്കട്ടെ പ്രവാസികൾക്കു വേണ്ടി ജനപ്രതിനിധികൾക്കു ചെയ്യാവുന്ന ഏറ്റവും ഉചിതമായ ഉപകാരം.  
കോവിഡ്19 ഒപ്പിയെടുത്ത ഒരുപാടു ജീവിതങ്ങൾ ഇന്നിന്റെ ദുഃഖമാണ്. അതിൽ ഒരാളാവാതിരിക്കാനുള്ള മൂകമായ പ്രാർഥനയിലും തത്രപ്പാടിലുമാണ് ലോകത്തുള്ള മനുഷ്യരെല്ലാം. സ്വന്തം ഭവനത്തിലെ തടവുകാരാണ് ഒരു തരത്തിൽ നമ്മളെല്ലാവരും. ഭയം എന്ന വികാരം ഈ കാലഘട്ടത്തിൽ നമ്മോടൊപ്പം നടക്കുന്നു.  കോവിഡിൽ നിന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരിലും അല്ലാത്തവരിലും വലിയ തോതിൽ മനസികാസ്വസ്ഥതകൾ വന്നു ചേരാനുള്ള സാധ്യത വളരെയേറെയാണ്. പകുതിയിലധികം ജനങ്ങളും വിഷാദ രോഗത്തിനും ആകാംക്ഷാഭരിത ജീവിതത്തിനും അടിപ്പെടുന്നവരായിരിക്കും.  രോഗം വരാതിരിക്കാനുള്ള മുൻകരുതൽ സാധ്യമായ തോതിൽ സ്വായത്തമാക്കാൻ  മാനസികമായി തയാറെടുക്കുക മാത്രമണ് കോവിഡിന്റെ കാര്യത്തിൽ നമുക്ക് ചെയ്യാനാവുന്നത്. നാട്ടിലേക്ക് വിമാനം കയറുന്ന പ്രവാസികൾ തങ്ങളുടെ സന്തോഷം മാസ്‌ക് ഊരിയും നൃത്തം വെച്ചും പാട്ടുപാടിയും ഒരു ആഘോഷമാക്കി മാറ്റുമ്പോൾ വൈറസ് പടരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്, പ്രത്യേകിച്ചു പ്രകടമായ രോഗലക്ഷണങ്ങൾ പല കോവിഡ് വാഹകരിലും കാണുകയില്ല എന്ന സാഹചര്യത്തിൽ.   


കൊറോണ മൂലമുണ്ടായ അടച്ചുപൂട്ടൽ ഓരോ നാട്ടിലും സാമ്പത്തിക പ്രയാസങ്ങൾ അനുഭവച്ചുകൊണ്ടിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ അവരുടെ ഫ്യൂച്ചർ ഫണ്ട് എന്ന കരുതൽ പണത്തിൽ നിന്നുളള വിഹിതം കൊറോണ പ്രതിസന്ധിയെ മറികടക്കാൻ ഉപയോഗിക്കുമ്പോൾ അമേരിക്ക പോലുള്ള രാജ്യങ്ങൾ അവരുടെ റിസർവ് ഫണ്ട് ഉപയോഗിച്ചുകൊണ്ട് സാമ്പത്തിക വിടവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും എത്ര കാലം ഈ സ്ഥിതി തുടരുമെന്ന ആശങ്ക അസ്ഥാനത്തല്ല. അതുകൊണ്ടാണ് നിവൃത്തിയില്ലാതെ ലോക്ഡൗൺ അവസാനിപ്പിക്കാൻ സർക്കാറുകൾ നിർബന്ധിതരാവുന്നത്. അമേരിക്കയിൽ ട്രംപ് ഭരണകൂടം നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ തിടുക്കം കൂട്ടിയത് രണ്ടാമൂഴം തനിക്ക് തന്നെ പ്രസിഡന്റ് ആവണമെന്ന വാശിയോടെയായിരുന്നു. അതുകൊണ്ടാണ് റിപ്പബ്ലിക്കാൻ പാർട്ടികൾ ഭരിക്കുന്ന സ്‌റ്റേറ്റുകൾക്കു വലിയ ഇളവുകൾ കൊടുത്തുതുടങ്ങിയത്.

 

മറ്റു സ്‌റ്റേറ്റുകളാവട്ടെ അധികം ഗൗരവമില്ലാത്ത തോതിൽ ഇളവുകൾ അനുവദിക്കുകയം ചെയ്തു. അതിനിടയിലാണ് മെയ് 25 നു കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡ് ഒരു വെളുത്ത തൊലിയുള്ള പോലീസുകാരനാൽ കഴുത്തിൽ ചവിട്ടി കൊല ചെയ്യപ്പെടുന്നത്. അതോടെ എല്ലാം പാടെ മറിഞ്ഞു. വംശീയതക്കും വർണ വിവേചനത്തിനുമെതിരെ  കൊറോണക്കാലത്തെ പോലും വകവെക്കാതെ മാസ്‌കുകൾ ധരിക്കാതെ സോഷ്യൽ ഡിസ്റ്റൻസ് ഇല്ലാതെ പതിനായിരങ്ങൾ തെരുവിലിറങ്ങിത്തുടങ്ങി. അവരെ അടിച്ചമർത്താൻ പോലീസിനെ കൂടാതെ ആയിരക്കണക്കിന് നാഷനൽ ഫോഴ്‌സും  കൂടെ അമേരിക്കൻ സൈന്യവും തെരുവുകളിൽ ഇറങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന തെരുവു യുദ്ധം ഇതെഴുതുമ്പോഴും അവസാനിച്ചിട്ടില്ല. അതോടെ കൊറോണയും പോയി സാമ്പത്തിക മാന്ദ്യം പ്രവചിച്ചതിലും രൂക്ഷമായ തോതിൽ തകർന്നു തരിപ്പണമാവാനും തുടങ്ങി. തുടർച്ചയായ തെരുവ് യുദ്ധം നടക്കുന്നതിനാൽ കൊറോണ പോസിറ്റീവ് കേസുകൾ വർധിക്കാനുള്ള സാധ്യതകൾ വൈറ്റ് ഹൗസ് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.
ലോകം മുഴുവൻ  കൊറോണയുടെ മറ്റൊരു ഊഴം കണക്കിലെടുക്കാതെ അവരവരുടെ മാർക്കറ്റുകൾ നിയന്ത്രണ വിധേയമായി തുറന്നിരിക്കുകയാണ്. പല രാജ്യങ്ങളും വിമാന സർവീസുകളും ആരംഭിച്ചു കഴിഞ്ഞു. കൊറോണ ജീവിതത്തിന്റെ ഭാഗമായി നമ്മോടൊപ്പം ജീവിക്കുന്ന മറ്റൊരു ജീവിയായി കഴിയുമെന്ന മാനസികാവസ്ഥയിലേക്ക് ലോകം മാറുകയാണ്.
 

Latest News