Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തെ കാർന്നുതിന്നുന്ന വൈറസിനെയും ചെറുക്കണം

കോവിഡ്, ജനാധിപത്യ സംവിധാനത്തിനേൽപിക്കുന്ന ആഘാതത്തെ കുറിച്ചുള്ള ചർച്ചകൾ ലോകവ്യാപകമായി തന്നെ നടക്കുന്നുണ്ട്. കോവിഡിന്റെ  മറവിൽ ജനാധിപത്യാവകാശങ്ങൾ വ്യാപകമായി നിഷേധിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ പരമാവധി നിയന്ത്രിക്കുകയും ആരെയും നിരീക്ഷിക്കുകയും ചെയ്യുന്ന സംവിധാനങ്ങളാണ് ശക്തമായിട്ടുള്ളത്. ജനാധിപത്യമോ മനുഷ്യാവകാശങ്ങളോ പ്രതിപക്ഷമോ ഇല്ലാത്ത ചൈന കോവിഡിനെ തടയുന്നതിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു എന്ന പ്രചാരണം ഇതിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ പേരിൽ നടക്കുന്ന അമിതമായ ജനാധിപത്യ സംവിധാനത്തിനെതിരെ യു.എൻ അടക്കം രംഗത്തു വന്നിട്ടുണ്ട്. 


ആഗോള തലത്തിലെ ഈ സംഭവ വികാസങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയുടെയും പോക്ക്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദിച്ചവരെയും രാജ്യത്തെ പല ഭാഗത്തുമുള്ള മനുഷ്യാവകാശ പ്രവർത്തകരെയും എഴുത്തുകാരെയും മറ്റും തുറുങ്കിലിടാൻ ഈയവസരമാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. അവരിൽ ഗർഭിണികളടക്കമുണ്ട്. കോവിഡ് ഭീഷണിയിൽ പല രാഷ്ട്രങ്ങളും തടവുകാരെ വിട്ടയക്കുമ്പോഴാണ് ഇവിടെ മനുഷ്യാവകാശ പ്രവർത്തകരെ തുറുങ്കിലടക്കുന്നത്. കേരളവും ഇക്കാര്യത്തിൽ മോശമല്ല. മാവോയിസ്റ്റുകൾ പോലും വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തിൽ മാവോയിസ്റ്റ് എന്നാരോപിച്ച് പലയിടത്തും റെയ്ഡ് നടത്താനും പലരെയും കസ്റ്റഡിയിലെടുക്കാനും കേരള പോലീസ് എൻ.ഐ.എക്ക് കൂട്ടുനിന്നത്. 
ഇപ്പറഞ്ഞ വിഷയങ്ങൾ പ്രത്യക്ഷമായി തന്നെ മനസ്സിലാക്കാവുന്നതാണ്. എന്നാൽ ജനാധിപത്യത്തെ കാർന്നു തിന്നുന്ന വൈറസ് കേരളത്തിൽ ശക്തമായിട്ടുണ്ടെന്നു പറയാതെ വയ്യ. അതാകട്ടെ പ്രത്യക്ഷമായി കാണാൻ കഴിയാത്തതാണുതാനും. അന്ധമായ വ്യക്തിയാരാധനയുടെയും ഭരണകൂടത്തിനുള്ള കൈയടിയുടെയും എതിരഭിപ്രായമുള്ളവർക്കെതിരായ സംഘടിത കടന്നാക്രമണങ്ങളിലൂടെയുമാണ് ഈ വൈറസ് അതിന്റെ സാന്നിധ്യമറിയിക്കുന്നത്. ഫലത്തിൽ വിമർശനമാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത എന്ന അടിസ്ഥാന യാഥാർത്ഥ്യത്തെയാണ് ഈ വൈറസ് കടന്നാക്രമിക്കുന്നത്. 


ഒന്നര നൂറ്റാണ്ടിന്റെയെങ്കിലും ചരിത്രത്തിന്റെ  പിൻബലത്തോടെ പ്രാഥമിക ആരോഗ്യ രംഗത്ത് കേരളം നേടിയ നേട്ടങ്ങളാണ് കോവിഡിനെതിരായ പോരാട്ടത്തിൽ സഹായകമായത് എന്ന യാഥാർത്ഥ്യം മറച്ചുവെച്ച്, അതെല്ലാം ഒരു പാർട്ടിയുടെയും ഒരു നേതാവിന്റെയും നേട്ടമായി വ്യാഖ്യാനിക്കുന്നതിൽ നിന്നാണ് ഈ വൈറസ് ഉൽഭവിച്ചത്. അപ്പോൾ സ്വാഭാവികമായും എന്തു വിമർശനം ഉന്നയിക്കുന്നവരെയും നാടിന്റെ ശത്രുക്കളായി വ്യാഖ്യാനിക്കാം. അതാണ് കേരളത്തിൽ വ്യാപകമായി നടക്കുന്നത്. ചില പ്രതിപക്ഷ നേതാക്കളുടെ മണ്ടൻ ഡയലോഗുകളും ഇതിനു സഹായകമായി എന്നംഗീകരിക്കുന്നു. അപ്പോഴും കൗതുകകരമെന്തെന്നു വെച്ചാൽ ഈ പ്രവണതക്കുള്ള മറുപടി കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ പറഞ്ഞു എന്നതാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ കേരളം ഇപ്പോൾ നേടിയ നേട്ടങ്ങൾക്കു കാരണം നിരീക്ഷണ സംവിധാനം വിജയകരമായി എന്നതാണെന്നും അതിനു കാരണം മലയാളിയുടെ സാമൂഹ്യ ബോധമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതാണ് യാഥാർത്ഥ്യം. ഈ സാമൂഹ്യ ബോധത്തിന്റെ വളർച്ചയുടെ ചരിത്രം ഏറ്റവും ചുരുങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങളിൽ നിന്നാരംഭിക്കുന്നുണ്ടുതാനും. 


നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും മിഷനറിമാരുമൊക്കെ മുഖ്യമന്ത്രി സൂചിപ്പിച്ച ഈ സാമൂഹ്യ ബോധത്തിന്റെ വളർച്ചയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതേസമയം ഇവയെല്ലാം പിന്നീട് അപചയം നേരിട്ടു. അതോടെ ഈ സാമൂഹ്യ ബോധവും റിവേഴസ് ഗിയറിലായി എന്നും പറയാതെ വയ്യ. നാടിന്റെ മൊത്തത്തിലുള്ള വികാസത്തിനു പകരം കക്ഷിരാഷ്ട്രീയവും വർഗീയ ചിന്തകളും പ്രാമുഖ്യം നേടുന്നത് അങ്ങനെയാണ്. ഏതൊരു വിഷയത്തെയും കക്ഷിരാഷ്ട്രീയത്തിന്റെയോ വർഗീയതയുടെയോ കണ്ണിൽ കൂടി മാത്രം നോക്കികാണുന്ന പ്രവണത വളർന്നത് അങ്ങനെയാണ്. അത് അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിൽ എത്തി എന്നാണ് ഈ കോവിഡ് കാലത്തെ ചർച്ചകളും സംഭവ വികാസങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഭരണകൂടത്തിന്റെ തെറ്റെന്നു തോന്നുന്ന നയങ്ങളെ വിമർശിക്കുന്നവർക്കെതിരെ നടക്കുന്ന സംഘടിതാക്രമണങ്ങൾ അതിന്റെ സൂചനയാണ്.


ഒരർത്ഥത്തിൽ കേരള രാഷ്ട്രീയത്തിനു ചില ഗുണങ്ങളുണ്ട്. ഏറെക്കുറെ തുല്യ ബലമുള്ള രണ്ടു മുന്നണികൾ മാറിമാറി അധികാരത്തിലെത്തുന്നു എന്നതാണത്. മുന്നണികളായതിനാൽ ഒരു പാർട്ടിയുടെയും ആധിപത്യം ഒരു പരിധി വിട്ട് നടക്കുകയില്ല. ഇപ്പോഴത്തെ ഭരണത്തിൽ തന്നെ പല വിഷയങ്ങളിലും പ്രത്യേകിച്ച് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടവ, സി.പി.ഐ പ്രതിപക്ഷത്തേക്കാൾ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ടല്ലോ. അതുപോലെ തന്നെ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്നതിനാൽ ഒരു മുന്നണിക്കും അമിതമായ ആധിപത്യം ലഭിക്കുന്നില്ല. അമിതമായ ആധിപത്യം എങ്ങനെ ജനാധിപത്യ വിരുദ്ധമാകുമെന്ന ബംഗാൾ അനുഭവം നമുക്കു മുന്നിലുണ്ടല്ലോ. അതേസമയം  കേരള രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും ശാപമായി അമിതമായ കക്ഷി രാഷ്ട്രീയ താൽപര്യം മാറുന്നതാണ് ഇന്നു നാം നേരിടുന്ന ഏറ്റവും ഗൗരവപരമായ വിഷയം. അതാണ് ഇപ്പോൾ കാണുന്നത്. സ്പ്രിംഗഌ മുതൽ ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചു കൊണ്ടുവരുന്നതു വരെ ഈ കോവിഡ് കാലത്ത്  ഉന്നയിക്കപ്പെട്ട വിമർശനങ്ങളോടൊന്നും ജനാധിപത്യപരമായ സമീപനമല്ല സർക്കാറിൽ നിന്നും സർക്കാറിനെ പിന്തുണക്കുന്നവരിൽ നിന്നും ഉണ്ടാകുന്നത്. തുടക്കത്തിൽ പറഞ്ഞ ചില പ്രതിപക്ഷ നേതാക്കൾ വിഡ്ഢിത്തങ്ങൾ പറയുന്നു എന്നത് ഒരു ഭരണ കൂടത്തിന്റെ തെറ്റുകളെ വിമർശിക്കാതിരിക്കാനുള്ള ന്യായീകരണമല്ല. 


ശക്തമായ പ്രതിപക്ഷമില്ലാത്ത ജനാധിപത്യ സംവിധാനം രാജഭരണത്തിനു തുല്യമായിരിക്കും. അത് ഏറ്റവും വലിയ ദുരന്തവുമായിരിക്കും. ചൈനയിൽ പ്രതിപക്ഷമോ സ്വതന്ത്ര മാധ്യമങ്ങളോ ഉണ്ടായിരുന്നു എങ്കിൽ കൊറോണ വ്യാപനം നേരത്തേ ലോകമറിയുമായിരുന്നു. ഒരുപക്ഷേ ഇപ്പോഴത്തെ പോലൊരു വ്യാപനം ഉണ്ടാകുമായിരുന്നില്ല എന്ന വാദം ശക്തമാണല്ലോ.  ഭരണാധികാരികളെ സ്തുതിക്കലാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നു ധരിച്ചിരിക്കുന്ന രാഷ്ട്രീയ പ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും ബുദ്ധിജീവികളും എഴുത്തുകാരുമൊക്കെ ഫലത്തിൽ രാജഭടന്മാരാകുകയാണ്. അതിനവർക്ക് പട്ടും വളയും നൽകാറുണ്ട്. എന്നാൽ ജനാധിപത്യത്തിൽ ജനങ്ങളുടെയും മീഡിയയുടെയും പ്രതിപക്ഷത്തിന്റെയും സാമൂഹ്യ പ്രവർത്തകരടെയും കടമ സർക്കാറിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കലാണ്. അതിനോട് ക്രിയാത്മകമായി പ്രതികരിക്കലാണ് സർക്കാറിന്റെ ഉത്തരവാദിത്തം. ഈ ജനാധിപത്യ പ്രക്രിയ ഏറ്റവും ശക്തമാകേണ്ടത് ഇത്തരത്തിലുള്ള ദുരന്ത കാലഘട്ടത്തിലാണ്. അപ്പോഴേ എല്ലാവർക്കും  ഒറ്റക്കെട്ടായി അതിനെ മറികടക്കാനാവൂ. അതിൽ ഒന്നാമത്തെ ഉത്തരവാദിത്തം സർക്കാറിനും രണ്ടാമത്തേത് പ്രതിപക്ഷത്തിനുമാണ്. നിർഭാഗ്യവശാൽ അവ കൃത്യമായി നിർവഹിക്കപ്പെടുന്നില്ല. അതിനാലാണ് ജനാധിപത്യത്തെയും ഈ വൈറസ് കാർന്നു തിന്നുന്നു എന്നു പറയേണ്ടിവരുന്നത്. 

Latest News