Sorry, you need to enable JavaScript to visit this website.

രക്ഷിതാക്കള്‍ക്ക് ആശ്വാസം;സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ജൂണ്‍വരെ ട്യൂഷന്‍ ഫീസ് മാത്രം

റിയാദ്- കോവിഡും കര്‍ഫ്യൂവും കണക്കിലെടുത്ത് സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ട്യൂഷന്‍ ഫീസ് മാത്രം ഈടാക്കാന്‍ തീരുമാനം. രക്ഷിതക്കളുടെ സമ്മര്‍ദത്തിനു പിന്നാലെയാണ് ഹയര്‍ ബോര്‍ഡിന്റെ ശുപാർശ പ്രകാരമുള്ള തീരുമാനം. 

ജൂണ്‍ വരെ ട്യൂഷന്‍ ഫീസ് മാത്രമാണ് ഈടാക്കുക. മറ്റു ഫീസുകള്‍ ഈടാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കി. നിലവില്‍ നടന്നു വരുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ മുഴുവന്‍ വിദ്യര്‍ഥികള്‍ക്കും പ്രവേശനം അനുവദിക്കും. ഫീസ് കുടിശ്ശിക ഇതിന് മാനദണ്ഡമായി പരിഗണിക്കില്ലെന്നും എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.

സ്‌കൂളുകളില്‍ നിന്ന് അധ്യാപകരെയോ അനധ്യാപക ജീവനക്കാരെയെ പിരിച്ചുവിടില്ല. പകരം ജീവനക്കാരുടെ അലവന്‍സുകളില്‍ മാറ്റം വരുത്തി ശമ്പളം ഉറപ്പ് വരുത്താനും ഇന്ത്യന്‍ എംബസി സ്‌കൂള്‍ ഭരണ സമിതികളോട് ആവശ്യപ്പെട്ടു. ഈ തീരുമാനങ്ങള്‍ പാലിക്കാന്‍  സൗദിയിലെ മറ്റ് സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളോടും  എംബസി ആശവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ ഒന്ന് വരെയുള്ള കാലയളവിലെക്കാണ് ഇളവുകള്‍ ബാധകം. തുടര്‍ നടപടികള്‍ അപ്പോഴത്തെ അവസ്ഥയനുസരിച്ച് പിന്നീട് തീരുമാനിക്കുമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

 

Latest News