Sorry, you need to enable JavaScript to visit this website.

പൗരത്വ പ്രശ്‌നം; ഇന്ത്യയുടെ പ്രതിഛായ തകരുന്നു

ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടക കക്ഷികൾ അടക്കം രാജ്യത്തെ മഹാഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളുമടക്കം ജനസാമാന്യവും നിഷ്പക്ഷമതികളായ ബുദ്ധിജീവികളും ഒരുപോലെ എതിർക്കുന്ന ഒരു നിയമം രക്തം ചിന്തിയും നടപ്പാക്കുമെന്ന ദുർവാശിയിലാണ് നരേന്ദ്ര മോഡി സർക്കാർ. 
രാഷ്ട്രീയ വിവേക രാഹിത്യത്തിന്റെ ആഗോള പ്രതീകമായ ഡോണൾഡ് ട്രംപ് എന്തെല്ലാം മുഖസ്തുതികൾ നിരത്തിയാലും പൗരത്വ ഭേദഗതി നിയമത്തോടുള്ള തത്വാധിഷ്ഠിത വിയോജിപ്പ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി യു.എസ് രാഷ്ട്രീയത്തിൽ പ്രകടമാണ്. യൂറോപ്യൻ രാജ്യങ്ങൾ ഏതാണ്ട് എല്ലാം തന്നെ വിവേചനപരമായ നിയമത്തിനെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ എക്കാലത്തും പിന്തുണക്കുകയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിലും മാന്യമായ ജീവിതവും പ്രദാനം ചെയ്യുന്നതുമായ ഇസ്‌ലാമിക രാഷ്ട്രങ്ങളും പ്രസ്തുത നിയമത്തോടുള്ള എതിർപ്പ് മറച്ചുവെക്കുന്നില്ല.


പൗരത്വ ഭേദഗതി നിയമം ഒരു ആധുനിക മതേതര ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ പ്രതിഛായക്ക് എത്രത്തോളം മങ്ങലേൽപിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ആ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ കക്ഷി ചേരാനുള്ള ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസിന്റെ തീരുമാനം. അത് അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ അഭിമുഖീകരിക്കുന്ന ഒറ്റപ്പെടലിനെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. തീവ്ര ജൂത യാഥാസ്ഥിതികത്വത്തെ പ്രതിനിധാനം ചെയ്യുന്ന സയണിസം, വർണ വിവേചനത്തിന്റെ ക്രൂര രൂപമായിരുന്ന അപ്പാർത്തീഡ് തുടങ്ങി മനുഷ്യരാശി ഏറെ വെറുപ്പോടെ നോക്കിക്കാണുന്ന പദസമുച്ചയങ്ങളിൽ സ്ഥാനം പിടിക്കുകയാണ് 'ഹിന്ദുത്വ'വും.


അത്തരം ആശങ്കകൾക്ക് വ്യക്തമായ രൂപം നൽകുകയാണ് ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കമ്മീഷൻ ഓഫീസ്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ നേരത്തെ തന്നെ പൗരത്വ ഭേദഗതി നിയമത്തിൽ തനിക്കും സംഘടനക്കുമുള്ള ഉൽക്കണ്ഠ രേഖപ്പെടുത്തിയിരുന്നു. മനുഷ്യാവകാശ കമ്മീഷൻ പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ കക്ഷി ചേരുന്നതിനെതിരെ വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്തു വരികയുണ്ടായി. പ്രസ്തുത ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന വാദമാണ് അദ്ദേഹം മുന്നോട്ടു വെയ്ക്കുന്നത്. അത് പരസ്പരം ആശ്രയിച്ചു മാത്രം നിലനിൽക്കാൻ കഴിയുന്ന ഇന്നത്തെ ലോക യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല. ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട നിരവധി ഉടമ്പടികളിലും കരാറുകളിലും ഒപ്പുവെച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം അതിന്റെ അർത്ഥത്തിലും അന്തഃസത്തയിലും ഉൾക്കൊള്ളാത്ത ഒരു രാഷ്ട്രത്തിനും ഐക്യരാഷ്ട്ര സഭയിൽ അംഗമായി തുടരാനാവില്ല.

മനുഷ്യാവകാശ പ്രഖ്യാപനവും പൗരത്വം, അഭയാർത്ഥികളുടെ അവകാശം എന്നിവ സംബന്ധിച്ച പൗരത്വ, രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി (ഐ.സി.ഡി.പി.ആർ), സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര കരാർ (ഐ.സി.ഇ.എസ്.സി.ആർ), കുട്ടികളുടെ അവകാശം സംബന്ധിച്ച യുനിസെഫ് ഉടമ്പടി (സി.ആർ.ഡി) എന്നിവയിലെല്ലാം ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. അവയാകട്ടെ, ഐക്യരാഷ്ട്ര സഭയുടെ അടിസ്ഥാന പ്രമാണമായ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ അധിഷ്ഠിതവുമാണ്. അവയുടെ നഗ്‌നമായ ലംഘനവും തികച്ചും വിവേചനപരവുമാണ് പൗരത്വ ഭേദഗതി നിയമം. അത്തരം മനുഷ്യാവകാശ ലംഘനങ്ങളുമായി ഐക്യരാഷ്ട്ര സഭ ഉൾക്കൊള്ളുന്ന ആഗോള രാഷ്ട്ര സമുച്ചയത്തിൽ തുടരാനുള്ള ഇന്ത്യയുടെ യോഗ്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.


നൂറ്റിമുപ്പതു കോടിയിൽപരം ജനങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന നിലയിലും ആഗോള തലത്തിൽ പ്രമുഖ രാഷ്ട്രീയ, സാമ്പത്തിക, സൈനിക ശക്തിയെന്ന നിലയിലും ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലേക്കുള്ള ഇന്ത്യയുടെ അവകാശവാദത്തിനു തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയർന്നുവരുന്ന ആഗോള പ്രതിഷേധം വിലങ്ങുതടിയായി മാറുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രതിഷേധങ്ങളും അതിനെതിരെ ഫാസിസ്റ്റ് ഹിന്ദുത്വ ശക്തികൾ ഭരണകൂട, പോലീസ് പിന്തുണയോടെ അഴിച്ചുവിടുന്ന ഹിംസയും അതിക്രമങ്ങളും ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിഛായക്ക് കളങ്കമായി മാറിയിരിക്കുന്നു. വിഷയത്തെപ്പറ്റി പാർലമെന്റിൽ പോലും ചർച്ചക്കും പുനർവിചിന്തനത്തിനും മോഡി ഭരണകൂടം വിസമ്മതിക്കുന്നു. 


തീവ്ര ഹിന്ദുത്വ വാദത്തിൽ അധിഷ്ഠിതമായ ഭരണകൂട നിലപാട് രാഷ്ട്രീയമായും സാമ്പത്തികമായും ഇന്ത്യക്ക് കനത്ത വെല്ലുവിളിയായി മാറുകയാണ്. തീവ്ര ഹിന്ദുത്വ വാദം സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭിന്നത ബി.ജെ.പിയുടെ അധികാര രാഷ്ട്രീയത്തിന് മുതൽക്കൂട്ടാവുമെന്ന കണക്കുകൂട്ടൽ ഒരുപക്ഷേ ശരിയായേക്കാം. പക്ഷേ അത് ഇന്ത്യയെ പ്രാകൃതവും ദരിദ്രവുമാക്കി ആഗോള രാഷ്ട്ര സമുച്ചയത്തിൽ ഒറ്റപ്പെടുത്തും.
 

Latest News